കൊലപാതകം; ജ്യോതിയെ എത്തിച്ച് തെളിവെടുത്തു

Posted on: October 15, 2015 9:58 am | Last updated: October 15, 2015 at 9:58 am
SHARE

വളാഞ്ചേരി: വിനോദ്കുമാര്‍ കൊലപാതകത്തിലെ സൂത്രധാരി ജസിന്തജോര്‍ജ് എന്ന ജ്യോതിയെ തെളിവെടുപ്പിനായി വളാഞ്ചേരിയില്‍ എത്തിച്ചു.
വെണ്ടല്ലൂരില്‍ ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വെച്ചാണ് ഭര്‍ത്താവായ വിനോദ്കുമാറിനെ ജ്യോതിയുടെ നേതൃത്വത്തില്‍ കൊലപ്പെടുത്തുന്നത്. അഞ്ച്ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ജ്യോതിയെ വെണ്ടല്ലൂരിലെ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയത്.
ദാമ്പത്യജീവിതത്തിലെ അസ്വസ്ഥതകളാണ് ജ്യോതിയെ ഭര്‍ത്താവിനെ കൊലചെയ്യാന്‍ പ്രേരിപ്പിച്ചത്. ഇതിന് വേണ്ടിസുഹൃത്തായ യൂസുഫിനെ കൂട്ടുപിടിച്ചാണ് ഭര്‍ത്താവിനെ മരിക്കുന്നത് വരെ വെട്ടിക്കൊലപ്പെടുത്തിയത്. നാടകീയരംഗങ്ങള്‍ തീര്‍ക്കാന്‍ കൃത്യം നടന്ന ദിവസം യൂസഫ് ജ്യോതിയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു.
മുറിവിന്റെ ചികിത്സക്ക് വേണ്ടി പെരിന്തല്‍മണ്ണയിലെ സ്വകാര്യആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. ജ്യോതി പ്രതിയാണെന്ന് തെളിഞ്ഞിട്ടും പോലീസിന് ഇവരെ അറസ്റ്റുചെയ്യാന്‍ കഴിയാതെ ഇരുന്നത് ഇത്കാരണമാണ്.
ബുധനാഴ്ച്ച ഉച്ചക്ക് ശേഷം ആശുപത്രിവിട്ട ജ്യോതിയെ വളാഞ്ചേരി സി ഐ കെ ജി സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. ശേഷമാണ് തെളിവെടുപ്പിനായി വെണ്ടല്ലൂരില്‍ എത്തിച്ചത്.
വന്‍ പോലീസ് സന്നാഹത്തിന്റെ സുരക്ഷയിലാണ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. നാട്ടുകാരുടെ പ്രതിഷേധം മറികടക്കാന്‍ പോലീസിന് നന്നേപാടുപെടെണ്ടിവന്നു. പ്രതിയെ തെളിവെടുപ്പിന് ശേഷം തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും എറണാകുളത്തെ ഫഌറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനായും പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.