ആന്റണി ‘ആടാ’ണോയെന്നറിയാന്‍ ഡി എന്‍ എ പരിശോധന

Posted on: October 15, 2015 2:45 am | Last updated: October 14, 2015 at 11:48 pm
SHARE

adu antonyകൊല്ലം: അറസ്റ്റിലായ കുപ്രസിദ്ധ മോഷ്ടാവ് ആട് ആന്റണിയെ ഡി എന്‍ എ പരിശോധനക്ക് വിധേയമാക്കാന്‍ പോലീസ് തീരുമാനം. ആട് ആന്റണിയാണ് പിടിയിലായതെന്ന് തെളിയിക്കാന്‍ മറ്റ് രേഖകള്‍ ഇല്ലാത്തതിനാലാണ് ഡി എന്‍ എ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. ഇന്നലെ തെളിവെടുപ്പിനായി കൊല്ലത്ത് കൊണ്ടുവന്ന ആന്റണിയെ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം പരവൂര്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഇയാളെ 12 ദിവസത്തേക്ക് പോലീസ് കസ്റ്റഡില്‍ വിട്ടു. സെല്‍വരാജ് എന്ന വ്യാജപേരില്‍ മോഷണങ്ങള്‍ നടത്തി കഴിയുമ്പോഴാണ് കഴിഞ്ഞ ദിവസം പാലക്കാട് പോലീസ് ആട് ആന്റണിയെ പിടികൂടുന്നത്.
പോലീസ് ഇയാളുടെ വിവിധ തരത്തിലുള്ള ഫോട്ടോകള്‍ പരസ്യങ്ങളായി നല്‍കിയിട്ടും തിരിച്ചറിയാന്‍ നാട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. മഹാരാഷ്ട്രയിലെ നക്‌സല്‍ മേഖലയില്‍ നിന്നും ആന്റണിയുമായി സാമ്യമുള്ള ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആട് ആന്റണിയുമായി കാഴ്ചയിലും നടപ്പിലും 90 ശതമാനവും സാമ്യമുണ്ടായിരുന്നെങ്കിലും ഇയാള്‍ പിന്നീട് മഹാരാഷ്ട്ര സ്വദേശിയായ അധ്യാപകനാണെന്ന് സ്ഥിരീകരിച്ചു.
പിടിയിലായ ആട് ആന്റണിയുടെ കൈയില്‍ നിന്നും ലഭിച്ച രേഖകളിലെല്ലാം ശെല്‍വരാജ് എന്നാണുള്ളത്. ഇത്തവണയും സമാന അബന്ധം പറ്റരുതെന്ന് ഉറപ്പുവരുത്താനാണ് പോലീസ് ഡി എന്‍ എ പരിശോധന നടത്താന്‍ ഒരുങ്ങുന്നത്. കൊല്ലം പോലീസ് കമ്മീഷണര്‍ പ്രകാശിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ കൊലപാതക കുറ്റം ആട് ആന്റണി സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. മോഷണ സാമഗ്രികള്‍ വാഹന പരിശോധനയില്‍ പിടിക്കപ്പെടാതിരിക്കാനാണ് കൊല്ലപ്പെട്ട പോലീസ് ഡ്രൈവറായിരുന്ന മണിയന്‍ പിള്ളയെയും, എ എസ് ഐ ജോയിയെയും ആക്രമിച്ചതെന്നാണ് ആട് ആന്റണിയുടെ മൊഴി. ഒളിവില്‍ പോയ ശേഷം കേരളത്തില്‍ മോഷണങ്ങള്‍ നടത്തിയിട്ടില്ല.
ഇതുവരെ അറുന്നൂറോളം മോഷണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ആന്റണി പോലീസിനോട് സമ്മതിച്ചു. പിടിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ചോദ്യം ചെയ്യലില്‍ പോലീസിനോട് ആന്റണി വ്യക്തമാക്കി. കമ്മിഷണറോടൊപ്പം നാലു എ സി പിമാരും എ എസ് ഐ ജോയിയും ചോദ്യം ചെയ്യലില്‍ പങ്കെടുക്കുന്നുണ്ട്. അറസ്റ്റിലായ ആന്റണിയെ പുലര്‍ച്ചയാണ് കൊല്ലത്തെത്തിച്ചത്. ഇന്ന് വിശദമായ തെളിവെടുപ്പിന് ആന്റണിയെ പോലീസ് പാരിപ്പള്ളിയിലേക്ക് കൊണ്ടുപോകും. 2012 ജൂണ്‍ 26ന് പുലര്‍ച്ചെയാണ് പാരിപ്പള്ളി മടത്തറയില്‍ വാഹനപരിശോധനക്കിടെ പോലീസ് ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ആട് ആന്റണി കടന്ന് കളഞ്ഞതത്.

LEAVE A REPLY

Please enter your comment!
Please enter your name here