നേതാക്കള്‍ പലതവണയെത്തി; ആന്തൂരില്‍ കോണ്‍ഗ്രസിന് ആളെക്കിട്ടിയില്ല

Posted on: October 15, 2015 4:43 am | Last updated: October 14, 2015 at 11:44 pm
SHARE

congressകണ്ണൂര്‍: കണ്ണൂരില്‍ പത്ത് വാര്‍ഡുകളില്‍ സി പി എമ്മിന് എതിരാളികളില്ലാതെ ജയം നല്‍കാനിടയാക്കിയത് പരാജയ ഭീതിയുള്ള വാര്‍ഡില്‍ മത്സരിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മടി. കെ സുധാകരനുള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കളെല്ലാമിടപെട്ടിട്ടും ആന്തൂരിലെ ഒരു വാര്‍ഡിലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനോ രംഗത്തിറങ്ങാനോ വിരലിലെണ്ണാവുന്നവരൊഴിച്ചാല്‍ പ്രമുഖ നേതാക്കളാരും തയ്യാറായില്ല. സംസ്ഥാന തലത്തില്‍ തന്നെ കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കുന്ന സംഭവമാണിതെന്നറിഞ്ഞിട്ടും സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ നിന്നും നേതാക്കള്‍ പിന്‍വലിഞ്ഞുവെന്നാണ് ആരോപണം.
28 വാര്‍ഡുകളുള്ള ആന്തൂരില്‍ 23 വാര്‍ഡുകളില്‍ കോണ്‍ഗ്രസിനും മറ്റു വാര്‍ഡുകളില്‍ ലീഗിനുമാണ് മത്സരിക്കാന്‍ യു ഡി എഫില്‍ ധാരണയുണ്ടായിരുന്നത്. അവസാന നിമിഷം വരെ പല ഘട്ടങ്ങളിലായി യോഗം കൂടിയെങ്കിലും സ്ഥാനാര്‍ഥികളെ നിശ്ചയിക്കാനായില്ല.
മൂന്നു വാര്‍ഡുകളില്‍ കോണ്‍ഗ്രസ് ഭാരവാഹികള്‍ നില്‍ക്കാമെന്നേറ്റെങ്കിലും മറ്റു വാര്‍ഡുകളില്‍ ആളെക്കിട്ടിയില്ല. ഒടുവില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായ എ എന്‍ ആന്തൂരാന്റെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥികളെ കണ്ടെത്തുകയായിരുന്നു. ഒരു പട്ടിക ജാതി സംവരണം മാത്രമുള്ള നഗരസഭയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥികളായി പിന്നീട് പട്ടികജാതി വിഭാഗത്തില്‍ പ്പെട്ട ഏഴു പേരെ സ്ഥാനാര്‍ഥികളായി നിര്‍ത്തുകയായിരുന്നുവെന്ന് മണ്ഡലം പ്രസിഡന്റ് ആന്തൂരാന്‍ പറഞ്ഞു. ഇപ്പോള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട വാര്‍ഡുകളില്‍ മണ്ഡലത്തിലുള്ള പ്രമുഖരായ നേതാക്കളുടെ ഭാര്യമാരെയോ മറ്റു അടുത്ത ബന്ധുക്കളെയെങ്കിലും സ്ഥാനാര്‍ഥികളാക്കണമെന്നു പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ലെന്നും ആന്തൂരാന്‍ പറയുന്നു. അതേ സമയം സി പി എമ്മിന് കടുത്ത സ്വാധീനമുള്ള സ്ഥലങ്ങളില്‍ മത്സരിക്കാന്‍ മടിക്കുന്നത് അക്രമം ഭയന്നാണെന്നും ഇവിടത്തെ പാര്‍ട്ടിക്കാര്‍ പറയുന്നുണ്ട്.
സി പി എമ്മിന് കനത്ത സ്വാധീനമുള്ള മേഖലകളില്‍ മത്സരിച്ചാല്‍ പരാജയപ്പെടുമെന്ന് മാത്രമല്ല, പിന്നീട് സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ടു പോകുമെന്നുവരെ ഇത്തരം പ്രദേശങ്ങളിലെ കോണ്‍ഗ്രസ് അനുഭാവികള്‍ പറയുന്നു. കണ്ണൂരില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് ഒരു പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലടക്കം ഇരുപതോളം വാര്‍ഡുകളിലെങ്കിലും സി പി എമ്മിനെതിരെ പത്രിക നല്‍കാന്‍ പോലും ആളുണ്ടായിരുന്നില്ല. 2005ലെ തിരഞ്ഞെടുപ്പില്‍ മലപ്പട്ടം പഞ്ചായത്തിലെ 12 സീറ്റിലും സി പി എം സ്ഥാനാര്‍ഥികള്‍ക്കു എതിരാളികളില്ലായിരുന്നു.
ഒരു പഞ്ചായത്തു മുഴുവന്‍ മത്സരമില്ലാതെ എല്‍ ഡി എഫിനു ലഭിച്ചത് യു ഡി എഫിനു സംസ്ഥാനതലത്തില്‍ നാണക്കേട് ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇത്തവണ കണ്ണൂരില്‍ ഒരിടത്തുപോലും സി പി എമ്മിന് എതിരില്ലാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന ചര്‍ച്ച യു ഡി എഫിന്റെ സംസ്ഥാന നേതൃയോഗങ്ങളില്‍ പല തവണ ഉയര്‍ന്നു വന്നിരുന്നു. ഇതിന്‍യടിസ്ഥാനത്തില്‍ മാസങ്ങള്‍ക്കു മുമ്പേ കൊണ്ടു പിടിച്ച ചര്‍ച്ചകള്‍ നടന്നുവെങ്കിലും ഫലം കണ്ടില്ലെന്നതാണ് ഇപ്പോഴത്തെ സംഭവങ്ങളിലൂടെ തെളിയുന്നത്.