Connect with us

Kerala

ക്യാമ്പസുകളിലെ ആഘോഷത്തിന് സ്ഥാപന മേധാവിയുടെ അനുമതി വേണം

Published

|

Last Updated

തിരുവനന്തപുരം: കോളജുകളില്‍ യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ക്യാമ്പസിലെ എല്ലാ ആഘോഷങ്ങള്‍ക്കും സ്ഥാപന മേധാവിയുടെ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്ന നിര്‍ദേശമടങ്ങിയ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ചു. ഓണാഘോഷത്തിനിടെ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥിനി മരിക്കാനിടയായ സാഹചര്യത്തിലാണിത്.
പരിപാടിയുടെ വിശദാംശങ്ങള്‍, ഫണ്ടിന്റെ സ്രോതസ്സ്, പ്രതീക്ഷിക്കുന്ന ചെലവ്, പങ്കെടുക്കുന്ന അതിഥികള്‍ തുടങ്ങിയവ പരിപാടിക്ക് അഞ്ച് പ്രവൃത്തി ദിവസം മുമ്പ് ബന്ധപ്പെട്ട സ്റ്റാഫ് അഡൈ്വസര്‍ മുഖാന്തിരം സ്ഥാപന മേധാവിയെ അറിയിച്ചിരിക്കണം. കോളജുകളിലെ ആഘോഷങ്ങള്‍ക്ക് അച്ചടക്ക സമിതി മേല്‍നോട്ടവും നിരീക്ഷണവും നിര്‍വഹിക്കും. സ്ഥാപന മേധാവി അധ്യക്ഷനായും, സ്റ്റാഫ് അഡൈ്വസര്‍, വകുപ്പ് അധ്യക്ഷന്മാര്‍, അച്ചടക്ക സമിതി അംഗങ്ങള്‍ എന്നിവരും ഉള്‍പ്പെട്ട സമിതി യൂനിയന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കണമെന്നും മാര്‍ഗനിര്‍ദ്ദേശത്തിലുണ്ട്. കോളജ് യൂനിയന്‍ ഓഫീസുകളുടെ പ്രവൃത്തി സമയം അധ്യയന ദിവസങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം ആറ് മണിവരെയായി നിജപ്പെടുത്തി. മധ്യവേനലവധിക്കാലത്ത് യൂനിയന്‍ ഓഫീസിന്റെ താക്കോല്‍ സ്ഥാപന മേധാവി സൂക്ഷിക്കണം. സ്ഥാപന മേധാവിയോ, കോളജ് കൗണ്‍സില്‍ നിയോഗിക്കുന്ന സമിതിയോ യൂനിയന്‍ ഓഫീസ് ഇടക്കിടെ സന്ദര്‍ശിക്കും. ആഘോഷ സമയത്ത് കോളജ് ക്യാമ്പസിലും ഹോസ്റ്റലിലും യാതൊരുവിധ വാഹനങ്ങളും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും നിര്‍ദേശത്തില്‍ പറയുന്നു.
വിദ്യാര്‍ഥികളുടെ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സ്ഥലത്തിനപ്പുറത്തേക്ക് പ്രവേശനമില്ല. കോളജ് ക്യാമ്പസിന്റെയും, ഹോസ്റ്റലിന്റെയും സുരക്ഷാ ചുമതലക്ക് കഴിയുന്നത്ര വിമുക്തഭടന്മാരെ ഏര്‍പ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. ഹോസ്റ്റലിന്റെയും പ്രവേശന കവാടത്തിലും, പുറത്തേക്കുള്ള വഴിയിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണം. യഥാര്‍ഥ ആവശ്യങ്ങള്‍ക്ക് മാത്രമെ പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് കോളജ് ക്യാമ്പസില്‍ പ്രവേശനം അനുവദിക്കൂ.
വിദ്യാര്‍ഥികളുടെ റേസ്, കാര്‍ റേസ്, ആനയെ ഉപയോഗിച്ച് ഘോഷയാത്ര തുടങ്ങിയവ ക്യാമ്പസിലും, ഹോസ്റ്റലിലും അനുവദിക്കില്ല. എല്ലാ ആഘോഷങ്ങളും മുന്‍കൂട്ടി പോലീസിനെ അറിയിക്കണം. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കി പരിഹരിക്കാന്‍ കൗണ്‍സിലിംഗ്, സോഷ്യല്‍ വര്‍ക്ക് സര്‍വീസ് തുടങ്ങിയവ ഏര്‍പ്പെടുത്തണം. റാഗിംഗ് വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് അധ്യാപകരുടെ സാന്നിധ്യം നിര്‍ബന്ധമാണ്. പരിപാടികള്‍ രാത്രി ഒമ്പത് മണിക്കപ്പുറം ദീര്‍ഘിപ്പിക്കാന്‍ പാടില്ല. ഓണാഘോഷത്തെ തുടര്‍ന്ന് ചില കോളജുകളിലും ഹോസ്റ്റലുകളിലുമുണ്ടായ നിര്‍ഭാഗ്യകരമായ സംഭവങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

Latest