ഫലസ്തീനികള്‍ക്കെതിരെ കര്‍ക്കശ നടപടികള്‍ക്ക് ഇസ്‌റാഈല്‍ ക്യാബിനറ്റ് തീരുമാനം

Posted on: October 15, 2015 4:40 am | Last updated: October 14, 2015 at 10:42 pm

palastineജറൂസലം: ഇസ്‌റാഈല്‍- ഫലസ്തീന്‍ സംഘര്‍ഷം ശക്തമാകുന്നതിനിടെ, ഫലസ്തീന്‍ ജനതയുടെ ജീവിതം കൂടുതല്‍ ദുരിതമാക്കുന്ന നടപടികളുമായി ഇസ്‌റാഈല്‍ രംഗത്തെത്തി. കിഴക്കന്‍ ജറൂസലമിലെ ഫലസ്തീന്‍ ഭാഗങ്ങളില്‍ കൂടുതല്‍ ചെക് പോയിന്റുകള്‍ സ്ഥാപിക്കാന്‍ ഇസ്‌റാഈല്‍ പ്രവര്‍ത്തനമാരംഭിച്ചു. ഫലസ്തീന്‍ ഗ്രാമങ്ങളില്‍ നിന്ന് പുറത്തുപോകുന്ന ഭാഗങ്ങളിലും കിഴക്കന്‍ ജറൂസലമിലെ അയല്‍പ്രദേശങ്ങളിലുമാണ് ചെക്‌പോയിന്റുകള്‍ സ്ഥാപിക്കുന്നതെന്ന് ഇസ്‌റാഈല്‍ പോലീസ് വക്താവ് പറഞ്ഞു. ഇതിന് പുറമെ ഇസ്‌റാഈല്‍ നഗരങ്ങളില്‍ പോലീസിന് സഹായമായി നൂറുകണക്കിന് സൈനികരെ വിന്യാസിക്കാനും ഇന്നലെ ചേര്‍ന്ന ഇസ്‌റാഈല്‍ സുരക്ഷാ ക്യാബിനറ്റില്‍ തീരുമാനമായിട്ടുണ്ട്. ഇസ്‌റാഈലുകാര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന കത്തിക്കുത്ത് ആക്രമണങ്ങളെ പ്രതിരോധിക്കാനാണ് ഈ നടപടികള്‍ സ്വീകരിക്കുന്നതെന്നാണ് ഇസ്‌റാഈല്‍ സര്‍ക്കാറിന്റെ വിശദീകരണം. ഇസ്‌റാഈലുകാരുടെ സ്വത്ത് നശിപ്പിക്കുന്ന ഫലസ്തീനികളുടെ വീടുകള്‍ ഇടിച്ചുനിരത്താനും ആക്രമണത്തിന് തയ്യാറെടുക്കുന്നവരുടെ സ്വത്ത് മരവിപ്പിക്കാനും പുതിയ സുരക്ഷാ നയം അനുശാസിക്കുന്നു. ഇത്തരക്കാരുടെ സ്ഥിരതാമസത്തിനുള്ള അവകാശം എടുത്തുകളയുകയും ചെയ്യും. ഇസ്‌റാഈല്‍ പോലീസിന്റെ എണ്ണം വര്‍ധിപ്പിച്ച് കൂടുതല്‍ സുരക്ഷ ഒരുക്കാനും സുരക്ഷാ നയത്തില്‍ നിര്‍ദേശിക്കുന്നു. ജറൂസലമിലെ പൊതുവാഹനങ്ങളില്‍ 300 അധിക സൈന്യത്തെ നിയോഗിക്കുക, സുരക്ഷാ വേലിയോട് ചേര്‍ന്ന് കൂടുതല്‍ സൈന്യത്തെ സജ്ജമാക്കുക, സൈന്യത്തിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ മൃതദേഹം അവരുടെ കുടുംബങ്ങള്‍ക്ക് തിരിച്ചുനല്‍കാതെ ഇസ്‌റാഈല്‍ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ മറമാടുക തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങളായ, വിവാദമായ പല തീരുമാനങ്ങളും ഇന്നലെ ചേര്‍ന്ന സുരക്ഷാ ക്യാബിനറ്റില്‍ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്തെ നഗര ഭാഗങ്ങളിലേക്ക് ഇന്നലെ സൈന്യത്തിന്റെ ആറ് കമ്പനികളെ നിയോഗിക്കുകയും ചെയ്തു. സംഘര്‍ഷം പൊട്ടിപ്പുറപ്പെടുന്ന ജറൂസലമിലെ ഏത് പ്രദേശത്തും കര്‍ഫ്യൂ എപ്പോള്‍ വേണമെങ്കിലും പ്രഖ്യാപിക്കാനും പോലീസിന് അധികാരം നല്‍കുന്നുണ്ട്.
ജറൂസലം പഴയ നഗരം ഇപ്പോള്‍ ഒരു യുദ്ധത്തിന്റെ പ്രതീതിയിലാണെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. വംശീയ ആക്രമണം നടത്തുന്ന ഇസ്‌റാഈല്‍ സര്‍ക്കാര്‍ ജറൂസലമിനെ ഒരു യുദ്ധക്കളമാക്കിയെന്നും തങ്ങളെ വീടുകളില്‍ നിന്നും തെരുവുകളില്‍ നിന്നും ആട്ടിയോടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ജറൂസലമിലെ ഫലസ്തീനികള്‍ വ്യക്തമാക്കുന്നു. തെരുവുകളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞുപോയിരിക്കുന്നു. എല്ലായിടത്തും സായുധ സജ്ജരായി നില്‍ക്കുന്ന ഇസ്‌റാഈല്‍ സൈന്യവും പോലീസും മാത്രം. ജറൂസലം നഗരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സംഘര്‍ഷഭരിതമാണ്. പഴയ നഗരത്തിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളിലും സായുധ സജ്ജരായി നില്‍ക്കുന്ന ഇസ്‌റാഈല്‍ സൈനികരാണെന്നും പ്രദേശ വാസികള്‍ അല്‍ജസീറയോട് പറഞ്ഞു.
മസ്ജിദുല്‍അഖ്‌സയിലേക്ക് പ്രാര്‍ഥനക്കെത്തുന്ന ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് വീണ്ടും ജറൂസലം സംഘര്‍ഷത്തിലേക്ക് വഴുതിവീണത്. ഇതുവരെ 28 ഫലസ്തീനികളെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊലപ്പെടുത്തിയിട്ടുണ്ട്. 1500ലധികം ഫലസ്തീനികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.