Connect with us

Articles

നാശത്തിന്റെ ഇടിമുഴക്കങ്ങള്‍

Published

|

Last Updated

ഹിറ്റ്‌ലറുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പില്‍ ദാരുണമായ പീഡനങ്ങള്‍ക്കൊടുവില്‍ മരണമടഞ്ഞ അന്നാഫ്രാങ്ക് തന്റെ ഡയറിയില്‍ 1944 ജൂലായ് 15-ന് ഇങ്ങനെ കുറിച്ചിട്ടു:””ഞങ്ങളെ നശിപ്പിക്കാന്‍ വന്നെത്തുന്ന ഇടിമുഴക്കം ഞാന്‍ കേള്‍ക്കുന്നു. ഞാന്‍ പതിനായിരങ്ങളോടൊത്ത് ദുരിതം തിന്നുകയാണ്. എങ്കിലും പ്രതീക്ഷയോടെ ഞാന്‍ സ്വര്‍ഗങ്ങളിലേക്ക് നോക്കുന്നു. ഈ ക്രൂരത അവസാനിക്കുമെന്നും സമാധാനവും ശാന്തിയും മടങ്ങിവരുമെന്നും പ്രതീക്ഷിക്കുന്നു.” സമകാലീന ഇന്ത്യന്‍ സാഹചര്യത്തില്‍ ഏതൊരു ജനാധിപത്യവാദിയുടെയും ഉത്കണ്ഠയും ശുഭാപ്തിവിശ്വാസവും പ്രധാനമാണെന്ന് സൂചിപ്പിക്കാനാണ് നാസി ഭീകരതക്കിടയില്‍ കുറിച്ചിട്ട ഈ ജൂതപെണ്‍കുട്ടിയുടെ വരികള്‍ ഇവിടെ ഉദ്ധരിച്ചത്. ഗോമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് മുസ്‌ലിമിനെ തല്ലിക്കൊല്ലുകയും അയിത്തജാതിക്കാരെ നഗ്നരാക്കി മര്‍ദിക്കുകയും സ്ത്രീകളെ ശുദ്ധാശുദ്ധങ്ങളുടെ പേരില്‍ പൊതുവേദിയില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന ഹിന്ദുത്വഫാസിസം ജനങ്ങളുടെ സ്വതന്ത്രമായ ജീവിതത്തിനുതന്നെ ഇന്ത്യയിലിപ്പോള്‍ ഭീഷണി ഉയര്‍ത്തുകയാണ്. മതരാഷ്ട്രവാദത്തിന്റെ പ്രത്യയശാസ്ത്രനിലപാടുകളില്‍ നിന്ന് ഇന്ത്യയുടെ ബഹുസ്വരതക്കും കലാകാരന്മാരുടെയും ബുദ്ധിജീവികളുടെയും സര്‍ഗാവിഷ്‌കാരങ്ങള്‍ക്കും അഭിപ്രായപ്രകടനങ്ങള്‍ക്കും നേരെ തുടര്‍ച്ചയായ അക്രമണം അഴിച്ചുവിടുകയാണ്. ഭീതിജനകമായ ഈയൊരു സാഹചര്യം ഫാസിസം സാമൂഹിക ജീവിതത്തിന്റെ എല്ലാ തലങ്ങളെയും കൈയടക്കാന്‍ ശ്രമിക്കുന്നതിന്റെ ദുരന്ത സൂചനകളാണ്.
16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ദേശീയാധികാരം കൈയടക്കിയ സംഘ്പരിവാര്‍ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യമായ ഹിന്ദുരാഷ്ട്രം സാക്ഷാത്കരിച്ചെടുക്കാനുള്ള ഭീതിജനകമായ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. കോര്‍പ്പറേറ്റ് മൂലധനവും ഹിന്ദുത്വ വര്‍ഗീയതയും ചേര്‍ന്ന് രാജ്യത്തിന്റെ മതനിരപേക്ഷതയും സ്വശ്രയത്വവും പരമാധികാരവും തകര്‍ക്കാനാണ് നോക്കുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി ഹിന്ദുത്വ വര്‍ഗീയതയുടെ വ്യാപനവും സംഘപരിവാര്‍ സമൂഹത്തിനും അതിന്റെ ജനാധിപത്യവത്കരണത്തിനും എതിരായി നടത്തുന്ന ഫാസിസ്റ്റ് നീക്കങ്ങളും പരിണമിച്ചിരിക്കുകയാണ്. ഓരോ വ്യക്തിയും ഉറങ്ങുകയും ഉണരുകയും ഭക്ഷിക്കുകയും വിസര്‍ജിക്കുകയും ഇണചേരുകയും ചെയ്യുന്നതുള്‍പ്പെടെ പൗരജീവിതത്തിന്റെ സൂക്ഷ്മവ്യവഹാര മണ്ഡലങ്ങളെയാകെ നിയന്ത്രിക്കാനാണ് ഹിന്ദുത്വശക്തികള്‍ ശ്രമിക്കുന്നത്. ബ്രാഹ്മണാധികാരത്തിലധിഷ്ഠിതമായ ജീര്‍ണമൂല്യങ്ങളെ പുനരാനയിക്കാനും ഹിന്ദുധര്‍മമെന്ന പേരില്‍ കര്‍ക്കശമായ നിയമങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കാനുമാണ് സംഘപരിവാര്‍ അതിന്റെ നാനാവിധമായ സംഘടനാസംവിധാനങ്ങളെ രംഗത്തിറക്കുന്നത്. എല്ലാവിധ ജനാധിപത്യപരമായ സാമൂഹിക രാഷ്ട്രീയ സംഘാടനത്തെയും മതരാഷ്ട്രവാദത്തിന്റെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് തകര്‍ത്ത് ഇന്ത്യന്‍ സമൂഹത്തെയാകെ ഫാസിസ്റ്റ്‌വത്കരിക്കാനുള്ള കുടിലമായ നീക്കങ്ങളാണ് നടക്കുന്നത്.
ഹിന്ദുത്വ രാഷ്ട്രീയത്തിനും അതിന്റെ പ്രത്യയശാസ്ത്രമായ സംസ്‌കൃത പാരമ്പര്യത്തിലധിഷ്ഠിതമായ ബ്രാഹ്മണ്യത്തിനുമെതിരെ ചിന്തിക്കുന്നവരെയും സര്‍ഗസൃഷ്ടിയിലേര്‍പ്പെടുന്നവരെയും ശാരീരികമായി തന്നെ ഇല്ലായ്മ ചെയ്യുന്ന ഹിംസാത്മകമായൊരു രാഷ്ട്രീയ പ്രയോഗമാണ് രാജ്യമെമ്പാടും സംഘ്പരിവാര്‍ അഴിച്ചുവിട്ടിരിക്കുന്നത്. അനന്തമൂര്‍ത്തിയെപോലുള്ള ഒരു സാഹിത്യകാരന് പാകിസ്ഥാനിലേക്കുള്ള വിമാനടിക്കറ്റ് അയച്ചുകൊടുത്തതും അമേരിക്കയില്‍ സംഗീതകച്ചേരിക്കുപോയ വിശ്വപ്രസിദ്ധ ഇന്ത്യന്‍ ഗായിക ശുഭയെ മോദിയെ തെരഞ്ഞെടുപ്പിലെതിര്‍ത്തു എന്നതിന്റെ പേരില്‍ പാടാനനുവദിക്കാതിരുന്നതും ശാസ്ത്രബോധം പ്രചരിപ്പിച്ച നരേന്ദ്രദാബോല്‍ക്കറെ കൊല ചെയ്തതും “ആരാണ് ശിവജി” എന്ന പുസ്തകമെഴുതിയതിന്റെ പേരില്‍ ഗോവിന്ദപന്‍സാരയെ കൊലചെയ്തതും ഏറ്റവുമൊടുവില്‍ വിഗ്രഹാരാധനയെ എതിര്‍ത്തതിന്റെ പേരില്‍ കല്‍ബുര്‍ഗിയെ വെടിവെച്ചുകൊന്നതും നമ്മുടെ ജനാധിപത്യ മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവങ്ങളാണ്. വിശ്വപ്രസിദ്ധ ഗസല്‍ ഗായകന്‍ ഗുലാംനബിയെ മുംബെയില്‍ കച്ചേരി നടത്താനനുവദിക്കാതിരുന്നത് സംഘപരിവാറിന്റെ അസഹിഷ്ണുതമാത്രമല്ല സംഗീതത്തോടും കലയോടും സ്വതന്ത്രചിന്തയോടുമുള്ള ദേശീയസങ്കുചിതമായ എതിര്‍പ്പ് എത്രഭീകരമാണെന്ന് കൂടിയാണ് കാണിക്കുന്നത്. ഏറ്റവുമൊടുവില്‍ സുധീന്ദ്ര കുല്‍കര്‍ണിയുടെ തലയില്‍ കരിയോയില്‍ ഒഴിച്ച ഫാസിസ്റ്റുകള്‍ തങ്ങളുടെ വിശ്വരൂപം കാണിച്ചിരിക്കുന്നു. മൂംബൈ നഗരത്തില്‍ ശിവസേനയാണ് ഈ ക്രൂരകൃത്രം കാട്ടിയത്.
ഘര്‍വാപസി, ലൗ ജിഹാദ്, മീറ്റ് ജിഹാദ് എന്നെല്ലാമുള്ള രീതിയില്‍ മതന്യൂനപക്ഷ സമൂഹങ്ങളില്‍ ഭീതിപടര്‍ത്താനും സംസ്‌കാര സംഘര്‍ഷങ്ങളിലൂടെ ഭൂരിപക്ഷ സമുദായത്തിന്റെ ധ്രുവീകരണം രൂപപ്പെടുത്താനുമുള്ള സംഘപരിവാറിന്റെ നീചമായ നീക്കങ്ങള്‍ ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയായി കഴിഞ്ഞിരിക്കുകയാണ്. മുസഫര്‍നഗര്‍ കലാപം ആസൂത്രിതമായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കാനായി ആര്‍ എസ് എസ് -ബി ജെ പി നേതാക്കള്‍ ആസൂത്രണം ചെയ്തതായിരുന്നു. 2013-ലെ കലാപത്തെക്കുറിച്ചനേ്വഷിച്ച ജസ്റ്റിസ് വിഷ്ണുസഹായി കമ്മീഷന്‍ സംഘ്പരിവാര്‍ നേതാക്കള്‍ക്കുള്ള പങ്ക് വ്യക്തമായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരിക്കുകയാണ്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇരുന്നൂറിലേറെ വര്‍ഗീയകലാപങ്ങളാണ് സാമുദായിക ധ്രുവീകരണം ലക്ഷ്യം വെച്ച് രാജ്യമെമ്പാടും അഴിച്ചുവിട്ടത്. മോദി അധികാരത്തിലെത്തിയതിനു ശേഷം കഴിഞ്ഞ 15 മാസക്കാലംകൊണ്ട് 356-ലേറെ വര്‍ഗീയ കലാപങ്ങളാണ് രാജ്യത്ത് നടന്നത്.
അതിദേശീയതയുടെ വൈകാരികത ഉണര്‍ത്തുന്ന പ്രചരണങ്ങളിലൂടെ തങ്ങള്‍ക്കനഭിമതരായ ജനസമൂഹങ്ങള്‍ക്കെതിരെ വര്‍ഗീയ വിദേ്വഷം പടര്‍ത്താനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. സാര്‍വദേശീയ മൂലധനത്തിന്റെ സംരക്ഷകരായി ദേശീയാധികാരം കൈയാളുന്ന സംഘ്പരിവാറിന്റെ പ്രത്യയശാസ്ത്രം ഇന്ത്യയിലെ മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും തീണ്ടാപ്പാടകലെ നിര്‍ത്തി പരമശത്രുവും ആന്തരികഭീഷണിയുമായി കാണുന്നതാണല്ലോ. എന്നാല്‍ സാര്‍വദേശീയമൂലധനത്തിന്റെ നായകന്മാരായ ലിന്റണ്‍ജോണ്‍സണ്‍ മുതല്‍ ബുഷും ഒബാമയും വരെയുള്ളവരെ ആരാധിക്കുകയും ലോകത്തിന്റെ ധര്‍മസംസ്ഥാപനാര്‍ഥം അവതരിച്ച ഭഗവാന്‍ കൃഷ്ണന് സമാനമാക്കുകയും ചെയ്യുന്ന വഞ്ചനാപരവും ദേശവിരുദ്ധവുമായ നിലപാടുകളാണ് സംഘപരിവാറിനെ എന്നും ഭരിച്ചിട്ടുള്ളത്. 1970ല്‍ ജനസംഘം എം പിയായിരുന്ന അടല്‍ബിഹാരി വാജ്‌പേയി വശം അക്കാലത്തെ ആര്‍ എസ് എസ് മേധാവിയായിരുന്ന ഗോള്‍വാള്‍ക്കര്‍ അമേരിക്കന്‍ പ്രസിഡന്റ് ലിന്റണ്‍ജോണ്‍സണ് കൊടുത്തയച്ച കത്തുതന്നെ അവരുടെ ലജ്ജാകരമായ അമേരിക്കന്‍ ആരാധന അനാവരണം ചെയ്യുന്നതാണ്. വിയറ്റ്‌നാമിലെ വിമോചനസമരത്തെ ഏജന്റ്ഓറഞ്ച് ഉള്‍പ്പെടെയുള്ള രാസായുധങ്ങള്‍ ഉപയോഗിച്ച് അമേരിക്കന്‍ പട്ടാളം അടിച്ചമര്‍ത്തുന്ന കാലത്താണ് ഗോള്‍വാള്‍ക്കര്‍ ലോകത്തിന്റെ ധര്‍മസാരഥ്യം അങ്ങേക്കും അമേരിക്കക്കുമാണെന്ന് സ്തുതിച്ചുകൊണ്ടും പിന്തുണ അറിയിച്ചുകൊണ്ടും അമേരിക്കന്‍ പ്രസിഡന്റിന് കത്തെഴുതുന്നത്. ആര്‍ എസ് എസിന്റെ ദേശീയത അമേരക്കന്‍ ദാസ്യം ഒളിപ്പിച്ചുവെച്ച ന്യൂനപക്ഷവിരോധത്തിന്റെയും കമ്യൂണിസ്റ്റ് വിരോധത്തിന്റേതും മാത്രമാണ്.
ക്രിസ്ത്യാനിയെയും മുസ്‌ലിംകളെയും ആഭ്യന്തരശത്രുക്കളായി പ്രഖ്യാപിച്ച് വേട്ടയാടുമ്പോള്‍ തന്നെയാണ് പെട്രോള്‍ ഡോളര്‍ രാജാക്കന്മാരെ മോദി വണങ്ങുന്നത്. സംഘ്പരിവാറിന്റെ ജന്മംതന്നെ ദേശദ്രോഹലക്ഷ്യങ്ങളോടെയാണെന്ന കാര്യം പലപ്പോഴും ചര്‍ച്ചചെയ്യപ്പെടാതെ പോകുകയാണ്. 1800കളിലെ ഇന്ത്യന്‍ ജനതയുടെ സ്വാതന്ത്ര്യപോരാട്ടങ്ങള്‍ കണ്ട് പരിഭ്രാന്തരായ ബ്രിട്ടീഷ് ഭരണാധികാരികളുടെ ഭിന്നിപ്പിക്കുക ഭരിക്കുക എന്ന കൊളോണിയല്‍ തന്ത്രത്തിന്റെ ഉപകരണമായിട്ടാണ് ഹിന്ദുമഹാസഭയും മുസ്‌ലിം ലീഗുമെല്ലാം ജന്മമെടുക്കുന്നത്.
ഹിന്ദുമതവും ഹിന്ദുത്വവും തമ്മില്‍ യാതൊരുവിധ ബന്ധവുമില്ലെന്നതാണ് യാഥാര്‍ഥ്യം. സിന്ധുനദീതീരത്ത് താമസിച്ചുവന്ന ജനസമൂഹങ്ങളെയാണ് ഹിന്ദുക്കളെന്ന് വിവക്ഷിച്ചുപോന്നത്. നാനാജാതി മതസ്ഥരടങ്ങിയ ഇന്ത്യന്‍ ജനതക്ക് ആകെയുള്ള പദമെന്നര്‍ഥത്തിലാണ് ഹിന്ദുവെന്ന പദം പൊതുവെ 19-ാം നൂറ്റാിന്റെ അവസാനം വരെ വ്യവഹരിക്കപ്പെട്ടത്. മുസല്‍മാന്‍മാരും സിക്കുകാരും പാര്‍സികളും ജൈനരും ബൗദ്ധരും വൈദികന്മാരും ശൂദ്രരും പഞ്ചമന്മാരും എല്ലാമടങ്ങുന്ന ഇന്ത്യക്കാരെയാണ് ഈ പദം കൊണ്ട് സൂചിപ്പിച്ചിരുന്നത്. ഹിന്ദുരാഷ്ട്രവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കാവുന്ന വി ഡി സവര്‍ക്കറാണ് തന്റെ കുപ്രസിദ്ധമായ ഹിന്ദുത്വ (ആരാണ് ഹിന്ദു) എന്ന ഉപന്യാസത്തിലൂടെ ഹിന്ദുവെന്ന് വിവക്ഷിക്കുന്ന ജനസമൂഹത്തെ മുസ്‌ലിം വിരുദ്ധമായ സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍വ്വചിച്ചത്. ഒന്നാം ലോകമഹായുദ്ധത്തിന്റെ കാലത്ത് ജയിലിലിരുന്ന് തയ്യാറാക്കിയ ഹിന്ദുത്വ എന്ന കൃതി ഭൂമിശാസ്ത്രപരമായ ജനാധിവാസ പ്രദേശത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുവിന് പകരം മതപരമായ അര്‍ത്ഥത്തിലുള്ള “ഹിന്ദുത്വ” നിര്‍വചനമാണ് മുന്നോട്ടുവെച്ചത്.
സവര്‍ക്കര്‍ ഹിന്ദുക്കള്‍ ഒരു രാഷ്ട്രമാണെന്ന വാദത്തിലൂടെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തെ ഭിന്നിപ്പിക്കാനുള്ള ബ്രിട്ടീഷ് താത്പര്യങ്ങളുടെ കൈയാളാകുകയായിരുന്നു. ഗാന്ധിവധത്തില്‍ പങ്കുള്ളയാളാണ് ഹിന്ദുരാഷ്ട്രവാദത്തിന്റെ പിതാവായ സവര്‍ക്കര്‍ എന്ന കാര്യം പലപ്പോഴും നമ്മുടെ ദേശീയമാധ്യമങ്ങള്‍ മറച്ചുപിടിക്കുകയാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ തന്നെ ഗാന്ധിവധത്തിനുള്ള ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയത് സവര്‍ക്കറായിരുന്നുവെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. ഗാന്ധിവധമനേ്വഷിച്ച ജസ്റ്റിസ് ജീവന്‍ലാല്‍കപൂര്‍ കമ്മീഷന്‍ ഗാന്ധിവധത്തിന്റെ ഗൂഢാലോചനയില്‍ സവര്‍ക്കര്‍ക്കുള്ള പങ്ക് എടുത്തുപറഞ്ഞിട്ടുണ്ട്. ഹിന്ദുമഹാസഭയും ആര്‍ എസ് എസും ചേര്‍ന്ന് രൂപം കൊടുത്ത “ഹിന്ദുരാഷ്ട്രദള്‍” എന്ന സംഘടനയുടെ പ്രവര്‍ത്തകരായിരുന്നു ഗോഡ്‌സേയും നാരായണ്‍ആപ്‌തേയുമെല്ലാം. സവര്‍ക്കറായിരുന്നു ഹിന്ദുമഹാസഭയുടെയും ആര്‍ എസ് എസിന്റെയും രഹസ്യാലോചനയില്‍ പിറന്ന ഹിന്ദു രാഷ്ട്രദളിന്റെ ബുദ്ധികേന്ദ്രമെന്ന കാര്യം നിരവധി പഠനങ്ങളും അനേ്വഷണ ഏജന്‍സികളും തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
ഒന്നാം സ്വാതന്ത്ര്യസമരവും പഞ്ചാബിലെ കൃഷിക്കാരുടെ ബ്രിട്ടീഷ് കൊളോണിയല്‍ നയങ്ങള്‍ക്കെതിരായ സമരങ്ങളുമാണ് ഹിന്ദുമുസ്‌ലിം ഐക്യത്തെ തകര്‍ക്കാനുള്ള ആലോചനകളിലേക്ക് ബ്രിട്ടീഷുകാരെയും അവരുടെ ശിങ്കിടികളായ ഇന്ത്യയിലെ സെമീന്ദാര്‍മാരെയും എത്തിച്ചത്. ഇന്ത്യന്‍ നാടുവാഴിത്വത്തിന്റെയും അത് പരിപാലിച്ചുപോന്ന മതാത്മകതയുടെയും അവശേഷിച്ച ദേശസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും പലഘടകങ്ങളും ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ അതിന്റെ സാന്ദ്രരൂപത്തില്‍ തന്നെ പ്രതിഫലിക്കുകയുണ്ടായി. ദേശീയ അടിമത്വം അസഹനീയമായി തോന്നിയ പട്ടാളക്കാരുടെയും ജനവിഭാഗങ്ങളുടെയും പ്രതേ്യകിച്ച് കര്‍ഷകരുടെയും കൈവേലക്കാരുടെയും സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങളും ചേര്‍ന്നാണ് ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ ഭൂമിക ഒരുക്കപ്പെട്ടത്. ബിപിന്‍ചന്ദ്ര “കമ്യൂണലിസം ഇന്‍ മോഡേണ്‍ ഇന്ത്യ” എന്ന പുസ്തകത്തില്‍ കൊളോണിയല്‍ വിരുദ്ധം എന്നപോലെ അതിന്റെ മൂല്യങ്ങള്‍ക്കും കൂടി എതിരായിട്ടുള്ള ഒരു കത്തിജ്ജ്വലിക്കലായി ഒന്നാം സ്വാതന്ത്ര്യസമരത്തെ നിരീക്ഷിക്കുന്നുണ്ട്. മതാത്മകവും ആധുനികവുമായ വിഭിന്നഘടകങ്ങളുടെ സംയോജനവും ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഉണ്ടായിരുന്നല്ലോ. പന്നിയുടെ കൊഴുപ്പും പശുക്കൊഴുപ്പും ചേര്‍ന്ന തോട്ട തങ്ങളുടെ മതവിശ്വാസത്തെ അപചയപ്പെടുത്തുമെന്ന ധാരണകൂടി ഹിന്ദുമുസ്‌ലിം പട്ടാളക്കാരെ ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഒന്നിച്ചുനിര്‍ത്തിയിരുന്നു.