മുഹര്‍റം: വിശ്വാസിയുടെ പുതുവത്സരം

Posted on: October 15, 2015 4:37 am | Last updated: October 14, 2015 at 9:38 pm
SHARE

muharamവിശ്വാസിയുടെ പുതുവത്സരമാണ് മുഹര്‍റം. അല്ലാഹുവിന്റെ ആദരം ലഭിച്ച നാല് മാസങ്ങളില്‍ ഒന്ന്. ലോകചരിത്രത്തിലെ ഒട്ടുമിക്ക സുപ്രധാന സംഭവങ്ങള്‍ക്കും അവിസ്മരണീയ നിമിഷങ്ങള്‍ക്കും സാക്ഷിയായ മാസം. മുഹര്‍റം ഹിജ്‌റ കലണ്ടറിലെ ആദ്യക്കാരനാകാനുള്ള കാരണവും ഈ സംഭവങ്ങള്‍ക്കെല്ലാം സാക്ഷിയായത് കൊണ്ടാണെന്ന് അഭിപ്രായമുണ്ട്. വിശ്വാസി എന്തു കൊണ്ടും ആദരപൂര്‍വം വരവേല്‍ക്കേണ്ട മാസമാണ് മുഹര്‍റം എന്നതില്‍ സംശയമില്ല. ഖേദകരം എന്നു പറയട്ടെ ഭൂരിപക്ഷം പേരും മുഹര്‍റം മാസത്തിന്റെ ആഗമനം പോലും അറിയാറില്ല.
കുട്ടിക്കാലത്ത് വിശേഷ ദിവസങ്ങളിലെല്ലാം തന്നെപ്രത്യേക മുന്നൊരുക്കങ്ങള്‍ വീട്ടിലുണ്ടാകും. വന്ദ്യരായ പിതാവ് സയ്യിദ് അഹ്മദുല്‍ ബുഖാരി, വിശേഷ ദിവസങ്ങള്‍ കടെന്നത്തുമ്പോള്‍ അതിന്റെ ശ്രേഷ്ഠതകളും ചരിത്ര പശ്ചാത്തലങ്ങളുമെല്ലാം കുട്ടികളായ ഞങ്ങളെയും വീട്ടിലുള്ളവരെയും വിളിച്ചിരുത്തി പറഞ്ഞുതരും. മുഹര്‍റത്തിന്റെ പോരിഷകളെല്ലാം കുഞ്ഞുനാളില്‍ കേട്ടറിഞ്ഞത് ഉപ്പയില്‍ നിന്നായിരുന്നു. പ്രവാചകന്മാരുടെ വിജയവുമായി ബന്ധപ്പെട്ട, പുണ്യദിനരാത്രങ്ങളാണ് ഈ ദിനങ്ങളത്രയും. യൂസുഫ്(അ)നെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിച്ചതും സുലൈമാന്‍ നബി(അ)ന് രാജാധികാരം ലഭിച്ചതും യൂനുസ്(അ) മത്സ്യവയറ്റില്‍ നിന്നും മോചിതനായതും മൂസാ(അ)ന് തൗറാത്ത് ഇറക്കപ്പെട്ടതും ഇബ്‌റാഹീം(അ) അഗ്നികുണ്ഠത്തില്‍ നിന്ന് രക്ഷപ്പെട്ടതും അങ്ങനെ നീളുന്നു മുഹര്‍റത്തിലെ ചരിത്ര സംഭവങ്ങള്‍.
ഗ്രിഗേറിയന്‍ കലണ്ടറടിസ്ഥാനത്തിലുള്ള പുതുവത്സരം ന്യൂ ജനറേഷന്‍ ജീവിതത്തിലെ ഒഴിച്ചു നിര്‍ത്താന്‍ സാധിക്കാത്ത ആഘോഷ ദിനങ്ങളില്‍ ഒന്നാണ്. അന്നേ ദിവസം പാതിരാത്രി പന്ത്രണ്ട് മണിവരെ ബാറുകളിലും ക്ലബ്ബുകളിലുമായി പുതിയ വര്‍ഷത്തെ ‘ആഘോഷ’പൂര്‍വം വരവേല്‍ക്കാന്‍ നവ സമൂഹം സര്‍വാത്മനാ തയ്യാറായി നില്‍ക്കാറുള്ളത് പിതവാണല്ലോ. വര്‍ഷാരംഭം ആനന്ദപൂര്‍ണമായാല്‍ മധ്യവും ഒടുക്കവും സന്തോഷകരമാകും. പക്ഷേ, സന്തോഷം പേക്കുത്തുകള്‍ കൊണ്ടും വേണ്ടാതീനങ്ങള്‍ കൊണ്ടും മാത്രമേ ഉണ്ടാകൂ എന്ന പുതിയ തിയറിയാണ് സ്വീകാര്യമല്ലാത്തത്. രണ്ട് ബിയര്‍ ഗ്ലാസുകള്‍ തമ്മില്‍ കൂട്ടിയുരുമി ചിഴേസ് പറഞ്ഞാലേ ആഘോഷവും സന്തോഷവും രൂപപ്പെടൂ എന്ന പാശ്ചാത്യന്‍ ചിന്താധാര നമ്മുടെ നാട്ടിലും ശക്തിപ്പെട്ടിരിക്കുന്നു. പലപ്പോഴും പുതുവത്സര തലേന്നും ആഘോഷദിനങ്ങളിലും ബീവ്‌റേജ് കോര്‍പ്പറേഷന് മുമ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ ക്യൂനില്‍ക്കുന്ന, തിരിച്ചറിയാതിരിക്കാന്‍ ഹെല്‍മെറ്റ് വച്ചിരിക്കുന്ന ‘മാന്യന്മാ’രെകാണുമ്പോള്‍ സഹതാപം തോന്നാറുണ്ട്; ഈ സമൂഹത്തിന്റെ പതനമോര്‍ത്ത്. പറഞ്ഞു വരുന്നത് വിശ്വാസിയുടെ ആഘോഷവും ആചരണവും മാതൃകാപൂര്‍ണമായിരിക്കണം, ആഭാസങ്ങള്‍ കടന്നുവരാത്തതായിരിക്കണം എന്നാണ്. കാരണം, ഏതെങ്കിലും കെട്ടുകഥയുടെയോ ഐതിഹ്യങ്ങളുടെയോ അടിസ്ഥാനത്തിലല്ല അവന്റെ വര്‍ഷാരംഭചരിത്രമാരംഭിക്കുന്നത്. മറിച്ച് വ്യക്തമായ ചരിത്ര വസ്തുതകളും മഹത്തായ സംഭവ വികാസങ്ങളും നടന്ന കാലഗണനയുടെ അടിസ്ഥാനത്തിലാണ്.
മഹാനായ ഇമാം ഖസ്തല്ലാനി പറയുന്നത് കാണാം, ആദ്യമായി വര്‍ഷാരംഭം ഉണ്ടാകുന്നത് ആദം(അ) ഭൂമിയിലേക്കിറങ്ങിയതിനെ ആസ്പദിച്ചാണ്. അത് ഒന്നാം വര്‍ഷമായി ഗണിച്ചു പോന്നു. പിന്നെ യൂസുഫ്(അ) മുതലുള്ള കാലഗണന മൂസ നബി(അ) ബനൂ ഇസ്‌റാഈല്യരേയും കൂട്ടി ഈജിപ്ത് വിട്ട് പോകുന്നത് വരെയും, പിന്നീട് മൂസാ നബി ഈജിപ്ത് വിട്ട് പോയതടിസ്ഥാനമാക്കി ദാവൂദ് നബി(അ)യുടെ കാലംവരെയും ശേഷം സൂലൈമാന്‍ നബി(അ)യുടെ കാലം വരെ ദാവൂദ് നബിയുടെ കലണ്ടറടിസ്ഥാനത്തിലും സുലൈമാന്‍ നബിയുടെ കാലത്തെ അടിസ്ഥാനമാക്കിയുള്ള കാലഗണന ഈസാ നബിയുടെ കാലവരെയും തുടര്‍ന്നു. നേരത്തെ നമ്മള്‍ പറഞ്ഞത് പോലെ, മുകളില്‍ പറഞ്ഞ സംഭവങ്ങളെല്ലാം മുഹര്‍റം മാസത്തില്‍ സംഭവിച്ചത് കൊണ്ടുതന്നെ മുഹര്‍റം ഹിജ്‌റ കലണ്ടറിലെ ആദ്യ മാസമായി. ഈ മാസം ഇത്രമേല്‍ സംഭവബഹുലമായത് കൊണ്ടുതന്നെ ഈ പവിത്രമാസത്തിലെ ആരാധനാകര്‍മങ്ങള്‍ക്ക് അല്ലാഹു പ്രത്യേക പുണ്യവും നല്‍കി. റമസാന്‍ കഴിഞ്ഞാല്‍ നോമ്പനുഷ്ഠിക്കാന്‍ എറ്റവും വിശേഷമുള്ള മാസം മുഹര്‍റമാണെന്ന് അശ്‌റഫുല്‍ ഖല്‍ഖ് പറഞ്ഞിട്ടുണ്ട്. മുഹര്‍റ മാസത്തിലെ ഏറ്റവും പവിത്രമായ ദിനമാണ് ‘ആശൂറാ’ഉം’താസൂഅ’ഉം. ഈ ദിനങ്ങളിലെ നോമ്പിനെ കുറിച്ച് പ്രവാചകര്‍ പറഞ്ഞത് കാണാം ‘ആശൂറാ നോമ്പ് തൊട്ട് മുമ്പുള്ള ഒരു വര്‍ഷത്തെ ദോഷം പൊറുപ്പിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’.
ചുരുക്കത്തില്‍, പവിത്രമായ മുഹര്‍റമിന്റെ പുണ്യദിനങ്ങളോടുകൂടെ മറ്റൊരു പുതുവര്‍ഷം കൂടി വിശ്വാസിയുടെ ജീവിതത്തിലേക്ക് കടന്നു വന്നിരിക്കുന്നു. ഈ പുതുവത്സര ദിനത്തില്‍ നമ്മുടെ ജീവിതത്തിന് നവജീവന്‍ ലഭിക്കേണ്ടതുണ്ട്. കാലുഷ്യമാണ് നമ്മുടെ പരിസരം. ജീവിക്കാനും കുടിയേറി പാര്‍ക്കാനും ഇടമില്ലാതെ അഭയംതേടി ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ അലയുകയാണ് നമ്മുടെ സഹോദരന്മാര്‍. ഇത്തരമൊരു സാഹചര്യത്തില്‍ ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും പേരുപറഞ്ഞ് ആഭാസം കളിക്കുകയല്ല നമ്മള്‍ വേണ്ടത്. സിനിമ കണ്ട് വെളിവ് നഷ്ടപ്പെട്ട ഒരുപറ്റം കോളജ് വിദ്യാര്‍ഥികള്‍ കാരണം തിരുവനന്തപുരം സി ഇ ടി ക്യാമ്പസില്‍ ഒരു പെണ്‍ജീവന്‍ നഷ്ട്ടപ്പെട്ടത് നമ്മള്‍ വിഷമത്തോടെ കേട്ടത് ഇക്കഴിഞ്ഞ ഓണത്തിനായിരുന്നു. ആഘോഷത്തെ എന്തും ചെയ്യാനുള്ള ലൈസന്‍സായി കാണരുത്. എല്ലാത്തിനും നിയന്ത്രണം ആവശ്യമാണ്. മതം ആഘോഷത്തിന്റെ അളവുകോല്‍ പറയുമ്പോള്‍ നമ്മില്‍ പലര്‍ക്കും അത് മനുഷ്യ സ്വാതന്ത്ര്യത്തിലേക്കുള്ള കൈകടത്തലായി തോന്നാറുണ്ട് എന്നാല്‍ അത് നമ്മുടെ ഭൗതിക, പാരത്രിക ജീവിത വിജയത്തിന് വേണ്ടിയായിരുന്നു എന്ന് മനസ്സിലാക്കുന്നവര്‍ വളരെ വിരളം.
ഈ പുതുവത്സരം സഹജീവി സ്‌നേഹത്തിനുള്ളതാണ്, മത സഹിഷ്ണുതക്കുള്ളതാണ്, മാനവിക ബോധത്തിനുള്ളതാണ്. സഹജീവിയുടെ മനസ്സറിയാനും അവന്റെ ഇല്ലായ്മ മനസ്സിലാക്കാനും വേണ്ടിയാണ് ഈ മാസത്തിലെ നിശ്ചിത ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത്. പ്രത്യേകം പവിത്രമാക്കിയത്. ഇതിലൂടെ നമുക്ക് അന്യന്റെ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കാന്‍ സാധിക്കും. അവന്റെ ആവശ്യം മനസ്സിലാക്കി വേണ്ടത് ചെയ്യാന്‍ സാധിക്കും. നമ്മള്‍ പുതിയ പ്രതിജ്ഞ എടുക്കേണ്ട സമയം കൂടിയാണല്ലോ ഇത്. ഇനിമുതല്‍ എന്റെ പ്രവര്‍ത്തനങ്ങളും ഊര്‍ജവും ഞാന്‍ എന്റെയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും നന്മക്ക് വേണ്ടിയായിരിക്കും വിനിയോഗിക്കുക. സാമൂഹിക വിപത്തുകളോ, പ്രതിലോമപ്രവര്‍ത്തനങ്ങളോ ഞാന്‍ കാരണമുണ്ടാകില്ല. മതം എന്റെ വികാരമാണ്. പക്ഷെ, ആ വികാരം എന്റെ ബുദ്ധിയുടെ നിയന്ത്രണത്തിലായിരിക്കും. ഒരു വിശ്വാസി പൂര്‍ണനാകുന്നത് അവന്റെ കരങ്ങളില്‍ നിന്നും നാവില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെടുമ്പോഴാണെന്ന് തിരുവചനം.
ഹജ്ജ് കഴിഞ്ഞ് സംശുദ്ധമനസ്സുകളുമായി സര്‍വ പാപങ്ങളും പൊറുപ്പിക്കപ്പെട്ട വിശ്വാസി വൃന്ദത്തിലേക്കാണ് മുഹര്‍റം സമാഗതമാകുന്നത്. പരിശുദ്ധ ഹജ്ജോടുകൂടിയാണ് നമുക്ക് വര്‍ഷമവസാനിക്കുന്നത്. ഇസ്‌ലാമിക ചരിത്രത്തിലെ ത്യാഗസുരഭിലമായ ഓര്‍മകളുടെ കഥ പറയുന്ന മുഹര്‍റത്തിലൂടെ തുടക്കവും. ചുരുക്കത്തില്‍, വര്‍ഷത്തിന്റെ തുടക്കവും ഒടുക്കവും മധ്യവുമെല്ലാം നല്ലരീതിയില്‍ പര്യവസാനിപ്പിക്കാന്‍ നാഥന്‍ നമുക്ക് മാര്‍ഗം കാണിച്ചു തന്നിട്ടുണ്ട്. ഇനി പന്ത് നമ്മുടെ കോര്‍ട്ടിലാണ്. ഈ പരിശുദ്ധ മുഹര്‍റത്തെ വീണ്ടുവിചാരത്തിന്റെ സമയമായി കണക്കാക്കി ഭാസുരമായ പരലോകഭാവിക്ക് വേണ്ടി നമ്മള്‍ സമയം കണ്ടെത്തേണ്ടതുണ്ട്. കാരണം ഓരോ പുതുവര്‍ഷവും മരണത്തിലേക്ക് നമ്മെ വലിച്ചടുപ്പിക്കുകയാണ് എന്ന നഗ്നസത്യം മറക്കാതിരിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here