പൊതുസിവില്‍ കോഡിനെ പിന്തുണച്ചു കോടതിയും!

Posted on: October 15, 2015 5:18 am | Last updated: October 14, 2015 at 9:37 pm
SHARE

ഏക സിവില്‍കോഡ് നടപ്പാക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിക്കുന്ന തരത്തില്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ നിന്നുണ്ടായ പരാമര്‍ശം ആശങ്കാജനകമാണ്. വിവിധ മതങ്ങളിലെ വ്യക്തിനിയമങ്ങളില്‍ നിലനില്‍ക്കുന്ന ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ ഏകീകൃത സിവില്‍ കോഡ് രുപവത്കരിക്കാന്‍ സന്നദ്ധമാണോ എന്നും അങ്ങനെ വേണമെന്നുണ്ടെങ്കില്‍ ആകാമെന്നുമായിരുന്നു ജസ്റ്റിസ് വിക്രംജിത് സെന്നും ശിവകീര്‍ത്തി സിംഗും ഉള്‍പ്പെട്ട ബെഞ്ച് അഭിപ്രായപ്പെട്ടത്. ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ നിലപാട് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് മൂന്നാഴ്ചക്കകം സമര്‍പ്പിക്കണമെന്ന് സോളിഡാരിറ്റി ജനറലിനോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്. വിവിധ മതങ്ങള്‍ക്ക് വെവ്വേറെ നിയമമെന്നത് ആശയക്കുഴപ്പത്തിനിടയാക്കുന്നുണ്ടെന്നും വ്യക്തിനിയമങ്ങളില്‍ മതപരിഗണന ശരിയല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. ഇരുകക്ഷികളുടേയും സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ദമ്പതികള്‍ രണ്ട് വര്‍ഷം കാത്തിരിക്കണണമെന്ന ക്രിസ്തീയ മതചട്ടം ഒഴിവാക്കാനാവശ്യപ്പെട്ട് ഡല്‍ഹി സ്വദേശി നല്‍കിയ ഹരജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ അഭിപ്രായ പ്രകടനം.
എല്ലാ സമുദായങ്ങള്‍ക്കും അവരവരുടെ വിശ്വാസങ്ങളും മതാചാരങ്ങളനുസരിച്ചു ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 25-ാം വകുപ്പ് ഉറപ്പ് നല്‍കുന്നുണ്ട്. വ്യക്തി,സാമൂഹിക ജീവിതത്തിലെ വിവിധ രംഗങ്ങളെ ചൂഴ്ന്നു നില്‍ക്കുന്ന അവരുടെ നിയമങ്ങള്‍ക്ക് പരിരക്ഷ ഉറപ്പ് നല്‍കുന്നുമുണ്ട്. ബ്രിട്ടീഷ് ഇന്ത്യയിലും അതിന് ശേഷമുള്ള കഴിഞ്ഞ ഏഴ് പതിറ്റാണ്ട് കാലത്തും ഈ അവകാശം സംരക്ഷിക്കപ്പെടുകയുണ്ടായി. ഭരണഘടനയിലെ നിര്‍ദേശ തത്വങ്ങളിലെ 44-ാം വകുപ്പ് ഉയര്‍ത്തിക്കാട്ടി രാജ്യത്ത് പൊതുസിവില്‍ കോഡ് രൂപവത്കരിക്കണമെന്ന ആവശ്യം ചില ഭാഗങ്ങളില്‍ നിന്നുയര്‍ന്നിരുന്നെങ്കിലും ഭരണഘടന ഉറപ്പ് നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് ഹാനികരമാണെന്നതിനാല്‍ മുന്‍ സര്‍ക്കാറുകളും കോടതികളും അത് നിരാകരിക്കുകയാണുണ്ടായത്. സംഘ്പരിവാര്‍ കേന്ദ്രങ്ങളാണ് പ്രധാനമായും ഏകസിവില്‍ കോഡിനായി മുറവിളി കൂട്ടുന്നത്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ബി ജെ പി പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനങ്ങളിലൊന്നും ഏകസിവില്‍ കോഡായിരുന്നു. മോദിയുടെ അധികാരാരോഹണത്തിന് ശേഷം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായിട്ടുമുണ്ട്. നാനാത്വത്തില്‍ ഏകത്വമെന്ന രാജ്യത്തിന്റെ സവിശേഷത നശിപ്പിച്ചു സവര്‍ണാധിപത്യത്തില്‍ ഊന്നിയുള്ള ഹൈന്ദവ രാഷ്ട്രമാക്കി പരിവര്‍ത്തിപ്പിക്കുകയും മതന്യൂനപക്ഷങ്ങളുടെ ഉന്മൂലനവുമാണ് അവര്‍ ലക്ഷ്യമാക്കുന്നത്.
ഇന്ത്യന്‍ ജനതക്ക് പൊതുവായ വ്യക്തിനിയമമെന്ന ആശയം പ്രത്യക്ഷത്തില്‍ ആകര്‍ഷണീയമെങ്കിലും ഒട്ടേറെ അപകടങ്ങള്‍ പതിയിരിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമാണത്. വൈജാത്യത്തിനിടയിലും ഐക്യത്തോടെ, തോളോടു തോളുരുമ്മി കഴിയുന്ന ജനങ്ങള്‍ക്കിടയില്‍ ഇത് ശത്രുതയും സംഘര്‍ഷവും വളര്‍ത്താന്‍ ഇടയാക്കും. ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക അസ്തിത്വവും മൗലികാവകാശങ്ങളും നശിപ്പിക്കും. ദൈവിക മതങ്ങളുടെ സമഗ്രവും യുക്താധിഷ്ടിതവുമായ നിമയങ്ങളെ തിരുത്താനുള്ള അധികാരം, വ്യത്യസ്ത ആശയക്കാരും ചിന്താഗതിക്കാരുമായ വ്യക്തികളുടെ കട്ടായ്മയായ ഒരു ഭരണകൂടത്തിന് വകവെച്ചു കൊടുക്കുന്നത് യുക്തിഹീനവുമാണ്. വിശ്വാസത്തിന്റെ പൂര്‍ത്തീകരണത്തിന് ഒരു മതവിശ്വാസി അനിവാര്യമായും ആചരിക്കേണ്ട നിയമങ്ങള്‍ക്ക് മേല്‍ ഭരണകൂടം തടസ്സങ്ങള്‍ സൃഷ്ടിക്കുന്നത് ആശാസ്യമല്ല.
ജനങ്ങളുടെ മൗലിക സ്വാതന്ത്രത്തിന് മേല്‍ ഭരണകൂടം കൈവെക്കുമ്പോള്‍ അതിനെ പ്രതിരോധിക്കേണ്ട ഭരണ ഘടനാ സ്ഥാപനമാണ് കോടതി. മുന്‍കാലങ്ങളില്‍ പലപ്പോഴും അത്തരം ഇടപെടലുകള്‍ കോടതികളില്‍ നിന്നുണ്ടായിട്ടുണ്ട്. എന്നാല്‍ സമീപകാലത്തായി മതന്യൂനപക്ഷങ്ങളുടെ അസ്ഥിത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഏകസിവില്‍ കോഡ് പോലെയുള്ള വിഷയങ്ങളില്‍ ആശങ്കാജനകമായ നിരീക്ഷണങ്ങളാണ് നീതിപീഠങ്ങളില്‍ നിന്നുയര്‍ന്നുവരുന്നത്. കുട്ടികളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍ 2014 ഫെബ്രുവരിയിലും ഇതുപോലൊരു പരാമര്‍ശം സുപ്രീംകോടതിയില്‍ നിന്നുണ്ടായി. ഏകസിവില്‍ കോഡ് നിലവില്‍ വരുന്നതു വരെ വ്യക്തിനിയമങ്ങളേക്കാള്‍, രാജ്യത്തെ നിലവിലുള്ള പൊതുവായ നിയമങ്ങള്‍ക്കാണ് പ്രാധാന്യമെന്നാണ് അന്ന് കോടതി ചൂണ്ടിക്കാട്ടിയത്.
ഹിന്ദുത്വ ഫാസിസം ഇതര സമുദായങ്ങളെയെല്ലാം ഉന്മൂലനം ചെയ്യാന്‍ രംഗത്തിറങ്ങുകയും, ഭരണകൂടം അവരെ തുണക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തില്‍ കോടതി കൂടി ഈ നിലപാട് സ്വീകരിച്ചാല്‍ മതന്യൂന പക്ഷങ്ങള്‍ ഇനി ആരെ സമീപിക്കും. ഡമോക്ലസിന്റെ വാള് പോലെ തങ്ങളുടെ സാംസ്‌കാരികാസ്ഥിത്വത്തിന് മീതെ തൂങ്ങിക്കിടക്കുന്ന അപകടകരമായ 44-ാം വകുപ്പ് എടുത്തുമാറ്റണമെന്ന് മതന്യൂനപക്ഷങ്ങള്‍ കാലങ്ങളായി ആവശ്യപ്പെട്ടു കൊണ്ടിരിക്കയാണ്. ഇതിന് പിന്തുണയേകുന്ന സമീപനമാണ് നീതിന്യായ പീഠത്തില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here