Connect with us

Kerala

തേയില തൊഴിലാളികള്‍ക്ക് 301 രൂപ മിനിമം വേതനം

Published

|

Last Updated

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ മിനിമം വേതനത്തില്‍ ധാരണയായി. ഇതനുസരിച്ച് തേയില തൊഴിലാളികളുടെ മിനിമം വേതനം 232 രൂപയില്‍ നിന്ന് 301 രൂപയായി വര്‍ധിപ്പിക്കും. തോട്ടം തൊഴിലാളി സമരം ഒത്തുതീര്‍പ്പാക്കാന്‍ ഇന്നലെ ചേര്‍ന്ന പി എല്‍ സി യോഗത്തിലാണ് തീരുമാനം. എന്നാല്‍ മിനിമം കൂലി ലഭിക്കണമെങ്കില്‍ നിലവില്‍ നുള്ളുന്നതില്‍ നിന്ന് നാല് കിലോ അധികമായി (25 കിലോ) കൊളുന്ത് നുള്ളണം. നിലവില്‍ 21 കിലോയാണ് നുള്ളേണ്ടത്.
പുതിയ ധാരണപ്രകാരം നിലവിലെ കൂലിയില്‍ നിന്ന് 69 രൂപയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. 317 രൂപയായിരുന്ന റബ്ബര്‍ ടാപ്പിംഗ് തൊഴിലാളികളുടെ മിനിമം കൂലി 381 രൂപയായി ഉയര്‍ത്തി. ഏലം തൊഴിലാളികളുടെ മിനിമം കൂലി 267 രൂപയില്‍ നിന്ന് 330 രൂപയാക്കി. അന്തിമ തീരുമാനത്തിന് പി എല്‍ സി വീണ്ടും യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ചര്‍ച്ചയില്‍ സമവായമായതിനെ തുടര്‍ന്ന് മൂന്നാറില്‍ സംയുക്ത ട്രേഡ് യൂനിയന്‍ നടത്തിവന്ന നിരാഹാര സമരം പിന്‍വലിച്ചതായി നേതാക്കള്‍ അറിയിച്ചു. എന്നാല്‍ തൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മ മൂന്നാറില്‍ നടത്തിവരുന്ന സമരം അവസാനിപ്പിക്കുന്ന കാര്യം വ്യാഴാഴ്ച്ച രാവിലെ ചേരുന്ന യോഗത്തിന് ശേഷം തീരുമാനിക്കുമെന്ന് തൊഴിലാളി പ്രതിനിധികള്‍ അറിയിച്ചു.
അടിസ്ഥാന വേതനവും ക്ഷാമബത്തയും കൂടി ഉള്‍പ്പെടുത്തിയാണ് 301 രൂപ നിശ്ചയിച്ചത്. ഉത്പാദനക്ഷമത അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പിന് ശേഷം പി എല്‍ സി യോഗം ചേരുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഒരു മാസത്തിനകം റിപ്പോര്‍ട്ട് ലഭിക്കുംവിധം പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ഒരു ഏകാംഗ കമ്മീഷനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം നടത്തിയ ദിവസങ്ങളില്‍ തൊഴിലാളികള്‍ക്കുണ്ടായ ബുദ്ധിമുട്ട് കണക്കിലെടുത്ത് ഒരു അഡ്വാന്‍സ് തുക നല്‍കാന്‍ തോട്ടമുടമകളോട് നിര്‍ദേശിച്ചു. യൂനിയനുകളുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ തീരുമാനമാകും.
ഹാരിസണ്‍ മലയാളം ലിമിറ്റഡിലെ തൊഴിലാളികളുടെ ബോണസ് സംബന്ധിച്ച് പ്രശ്‌നം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഇന്ന് തീരുമാനമുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നവംബര്‍ നാലിന് ഇതുസംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരും. അടിസ്ഥാന വേതനത്തിനും ഡി എക്കും പുറമെ സ്റ്റാറ്റിയൂട്ടറി ആനുകൂല്യം കൂടി ലഭിക്കുമ്പോള്‍ 301 എന്നുള്ളത് 436 രൂപയാകും. ഏലത്തിന് ഇത് 487ഉം റബ്ബറിന് 572ഉം കാപ്പിക്ക് 436ഉം രൂപയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.