പൊതു ഗതാഗത ദിനം: ദുബൈയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍

Posted on: October 14, 2015 6:17 pm | Last updated: October 14, 2015 at 6:17 pm
SHARE

logo rttaദുബൈ: നവംബര്‍ ഒന്നിന് പൊതു ഗതാഗത ദിനം ആചരിക്കുന്നതിന്റെ ഭാഗമായി റോഡ്‌സ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) വൈവിധ്യമാര്‍ന്ന പരിപാടികള്‍ക്കും സമ്മാന പദ്ധതിക്കും രൂപം നല്‍കി.
അഞ്ച് വിഭാഗങ്ങളിലായി അമ്പത് പേര്‍ക്ക് സമ്മാനം നല്‍കുന്നതുള്‍പെടെ വ്യത്യസ്തമായ പരിപാടികളോടെയാണ് ഈ വര്‍ഷത്തെ പൊതുഗതാഗത ദിനം ആചരിക്കുകയെന്ന് പൊതുഗതാഗത ദിന കമ്മിറ്റി മേധാവി ഡോ.യൂസുഫ് അല്‍ അലി അറിയിച്ചു. നോള്‍ കാര്‍ഡുപയോഗിച്ച് ഗതാഗത സേവനങ്ങള്‍ പ്രയോജനപ്പെടുന്നവരെയാണ് സമ്മാന പദ്ധതിയില്‍ ഉള്‍പെടുത്തുക. ഒക്‌ടോബര്‍ 20 മുതലാണ് സമ്മാനങ്ങള്‍ക്കായുള്ള നറുക്കെടുപ്പ് ആരംഭിക്കുക.
1,000 പോയിന്റ് തികക്കുന്നവര്‍ക്ക് 100 ഗ്രാം സ്വര്‍ണം സമ്മാനമായി ലഭിക്കും. 750 പോയിന്റ് ലഭിക്കുന്നവര്‍ക്ക് മാക് കമ്പ്യൂട്ടറും 500 പോയിന്റ് നേടുന്നവര്‍ക്ക് ആപ്പിള്‍ വാച്ചുമാണ് സമ്മാനം. 350 ന് മുകളിലുള്ള പോയിന്റുകാര്‍ക്ക് ഹെഡ്‌ഫോണും 250 പോയിന്റ് നേടുന്നവര്‍ക്ക് ഗോള്‍ഡ് നോള്‍കാര്‍ഡും ലഭിക്കും. ഇതിന് പുറമെ ഒക്‌ടോബര്‍ 20 മുതല്‍ നവംബര്‍ ഒന്നുവരെ ദിവസവും 50 ഗ്രാം സ്വര്‍ണം സമ്മാനമായി നല്‍കും. ഇതുകൂടാതെ വിവിധ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്ന് പൊതുഗതാഗതം ഉപയോഗപ്പെടുത്തുന്നതിനായി പ്രത്യേകം രൂപവത്കരിക്കുന്ന ടീമുകള്‍ക്ക് യാത്രയില്‍ മത്സരപരിപാടിയും ഒരുക്കും. 700 മുതല്‍ 20,000 ദിര്‍ഹം വരെയുള്ള സമ്മാനങ്ങളാണ് ഈ ടീമിന് നല്‍കുക. നവംബര്‍ ഒന്നിന് ഡൗണ്‍ ടൗണ്‍ ബുര്‍ജ് ഐലന്റില്‍ ഒരുക്കുന്ന ചടങ്ങിലാണ് സമ്മാനങ്ങള്‍ വിതരണം ചെയ്യുക.
മൂന്ന് മെട്രോ സ്റ്റേഷനുകളില്‍ മെഡിക്കല്‍ പരിശോധനയും ഏര്‍പെടുത്തും. ഹെല്‍ത് കെയര്‍ സിറ്റി, എയര്‍പോര്‍ട്ട് 3, യൂണിയന്‍ എന്നിവിടങ്ങളിലാണ് മെഡിക്കല്‍ ചെക്കപ്പ് ഉണ്ടാവുക. അല്‍ ഗുബൈബയില്‍ രക്തദാന പരിപാടിയും ഒരുക്കും. ആര്‍ ടി എ സ്മാര്‍ട് ആപ് വഴി നോള്‍കാര്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മത്സരങ്ങില്‍ പങ്കെടുക്കാം. ആര്‍ ടി എ ഒരുക്കുന്ന പ്രത്യേക വെബ് പേജിലൂടെ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒരാഴ്ച നീളുന്ന പ്രത്യേക പരിപാടികളിലും പങ്കെടുക്കാം.
ഒളിപ്പിച്ചുവെച്ച ലക്കോട്ട്, ഓണ്‍ബോഡ് സെല്‍ഫി തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പൊതുഗതാഗത സേവനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നതിലൂടെ പാരിസ്ഥിതിക, സുസ്ഥിര വികസനത്തില്‍ എമിറേറ്റിന്റെ സ്ഥാനം വര്‍ധിപ്പിക്കുന്നതിനുള്ള കര്‍മ പദ്ധതിയാണ് ആര്‍ ടി എ നടപ്പിലാക്കുന്നതെന്ന് അല്‍ അലി കൂട്ടിച്ചേര്‍ത്തു.