Connect with us

Palakkad

മതസംഘര്‍ഷമുണ്ടാക്കിയാല്‍ മൂന്ന് വര്‍ഷം തടവും പിഴയും: തിരഞ്ഞെടുപ്പ് കമ്മീഷന്‍

Published

|

Last Updated

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തോടനുബന്ധിച്ച് ജാതികളും സമുദായങ്ങളും തമ്മിലുളള സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്ന സ്ഥാനാര്‍ഥികള്‍ക്കും രാഷ്ട്രീയകക്ഷി പ്രവര്‍ത്തകര്‍ക്കും മൂന്ന് വര്‍ഷം വരെ തടവോ 10,000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ഉളള ശിക്ഷ ലഭിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
കേരള പഞ്ചായത്ത് രാജ് ആക്റ്റ് 121-ാം വകുപ്പും കേരള മുനിസിപ്പാലിറ്റി ആക്റ്റ് 145-ാം വകുപ്പും പ്രകാരമാണിത്. മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ വിമര്‍ശിക്കുമ്പോള്‍ അവരുടെ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും മാത്രമായി വിമര്‍ശനം ഒതുക്കണം. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും സ്വകാര്യ ജീവിതത്തെകുറിച്ച് പരാമര്‍ശിക്കാന്‍ പാടില്ല.
യാതൊരു കാരണവശാലും ജാതിയുടേയോ സമുദായത്തിന്റെയോ പേരില്‍ വോട്ട് ചോദിക്കരുത്. ആരാധനാ സ്ഥലങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുളള വേദിയാക്കരുത്. സ്ഥാനാര്‍ഥികളോ സമ്മതിദായകനോ മറ്റു വ്യക്തികള്‍ക്കെതിരെ സാമൂഹിക ബഹിഷ്‌ക്കരണമോ ജാതിഭ്രഷ്‌ടോ കല്‍പ്പിക്കാന്‍ പാടില്ല. സമാധാനപരമായും സ്വസ്ഥമായും സ്വകാര്യജീവിതം നയിക്കാനുളള അവകാശം മാനിക്കണം. വ്യക്തികളുടെ നിലപാടിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം അറിയിക്കാനായി അവരുടെ വീടുകള്‍ക്ക് മുമ്പില്‍ പ്രകടനം നടത്തുകയോ പിക്കറ്റുചെയ്യുകയോ അരുത്.

ആന്റി ഡീഫെയ്‌സ്‌മെന്റ്
സ്‌ക്വാഡ് രൂപവത്ക്കരിച്ചു
പാലക്കാട്: തദ്ദേശ”ഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമപരമാണോ അല്ലയോ എന്ന് പരിശോധിക്കുന്നതിന് തഹസില്‍ദാരുടെ നേതൃത്വത്തില്‍ താലൂക്ക്തല ആന്റി ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ല കലക്ടര്‍ അറിയിച്ചു. നോട്ടീസുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, മൈക്ക് അനൗണ്‍സ്‌മെന്റ്, മീറ്റിംഗുകള്‍ മറ്റ് പ്രചാരണ പരിപാടികള്‍ എന്നിവയുടെ നിയമസാധുത സ്‌ക്വാഡ് പരിശോധിക്കും.
നിയമപരമല്ലാത്ത പ്രചാരണ പരിപാടികള്‍ നിര്‍ത്തിവയ്പിക്കുകയും പോസ്റ്ററുകളും ബോര്‍ഡുകളും സ്‌ക്വാഡ് നീക്കം ചെയ്യുകയും ചെയ്യും. നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത പക്ഷം നിയമസാധുതയില്ലാത്ത പ്രചാരണസാമഗ്രികള്‍ നീക്കുന്നതിനുളള ചിലവുകള്‍ ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കും.
വാഹനം ഔദ്യോഗിക ആവശ്യത്തിന് മാത്രം
പാലക്കാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഭാരവാഹികളും ഔദ്യോഗികവാഹനം ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കാന്‍ പാടുളളുവെന്ന് ജില്ല കലക്ടര്‍.
ഔദ്യോഗികവാഹനം ഔദ്യോഗികാവശ്യത്തിനെന്ന വ്യാജേന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതും കര്‍ശനമായി തടയുന്നതാണ്.

ഉച്ചഭാഷിണി
ഉപയോഗിക്കുന്നതിന് മുന്‍കൂട്ടി അനുവാദം വാങ്ങണം
പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യോഗങ്ങള്‍ നടത്തുന്നതിന് മൈക്ക് അനൗണ്‍സ്‌മെന്റ് ആവശ്യമെങ്കില്‍ മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.
യോഗം നടത്തുന്ന സ്ഥലവും സമയവും സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥിയോ പാര്‍ട്ടി അധികാരികളോ പോലീസിനെ മുന്‍കൂട്ടി അറിയിച്ചിരിക്കണം. ക്രമസമാധാന പാലനത്തിലും ഗതാഗത തടസം ഒഴിവാക്കുന്നതിനുമുളള നടപടി സ്വീകരിക്കാന്‍ പോലീസ് വകുപ്പിന് സാധ്യമാകും വിധമാണ് മുന്‍കൂട്ടി അറിയിക്കേണ്ടത്.

വോട്ടര്‍പട്ടിക
സൗജന്യമായി ലഭിക്കും
പാലക്കാട്: അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ടര്‍പട്ടികയുടെ രണ്ടു കോപ്പികള്‍ സൗജന്യമായി ലഭിക്കും.
അംഗീകൃത ദേശീയ/സംസ്ഥാന പാര്‍ട്ടികള്‍, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് പ്രത്യേകം ചിഹ്നം അനുവദിച്ചിട്ടുള്ള പാര്‍ട്ടികള്‍ എന്നിവര്‍ക്കാണ് വോട്ടര്‍ പട്ടികയുടെ കോപ്പി സൗജന്യമായി ലഭിക്കുക. അംഗീകൃത പ്രതിനിധികള്‍ക്ക് കോപ്പികള്‍ കൈപ്പറ്റാം. പത്രിക സമര്‍പ്പണത്തിന്റെ അവസാന തീയതി വരെ നടത്തുന്ന കൂട്ടിച്ചേര്‍ക്കലുകള്‍, ഒഴിവാക്കലുകള്‍ എന്നിവ അടങ്ങുന്ന സപ്ലിമെന്റുകളും പാര്‍ട്ടികള്‍ക്ക് നല്‍കും.

വിമുക്തഭടന്മാര്‍
ഹാജരാകണം
പാലക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരായി നിയമിക്കപ്പെടുന്നതിന് സൈനിക ക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത വിമുക്തഭടന്മാര്‍ ടൗണ്‍ നോര്‍ത്ത് സി ഐ ഓഫീസില്‍ ഹാജരാകണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു.