പ്രതിപക്ഷമില്ലാത്ത പനമരം ബ്ലോക്ക് പഞ്ചായത്ത്

Posted on: October 14, 2015 12:00 pm | Last updated: October 14, 2015 at 12:00 pm
SHARE

പനമരം: ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ച ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ യു ഡി എഫിന്റെ സമ്പൂര്‍ണ്ണ ആധിപത്യമായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്തില്‍ ഒരു ബ്ലോക്ക് അംഗത്തെ പോലും വിജയിപ്പിക്കാന്‍ കഴിയാത്ത നിസ്സഹായവസ്ഥയിലായിരുന്നു എല്‍ ഡി എഫ്.
ജില്ലയിലെ പ്രതിപക്ഷമില്ലാത്ത ഏക ബ്ലോക്ക് പഞ്ചായത്തും പനമരമായിരുന്നു. ഭരണസമിതിയുടെ കൂട്ടായ ശ്രമം നിരവധി വികസന പദ്ധതികളുടെ നടത്തിപ്പിന് വഴിതുറക്കാന്‍ ബ്ലോക്ക് പഞ്ചായത്തിനായി. ആകെ 14 ഡിവിഷനുകളാണ് പനമരം ബ്ലോക്കിന് കീഴിലുള്ളത്. അഞ്ചു ഗ്രാമപഞ്ചായത്തുകളിലായി 102 വാര്‍ഡുകള്‍. പനമരം, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, പൂതാടി, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളാണ് പനമരം ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് കീഴിലുള്ളത്. അഞ്ചുകുന്ന,് പാക്കം, ആനപ്പാറ, പാടിച്ചിറ, മുള്ളന്‍ക്കൊല്ലി, പുല്‍പ്പള്ളി, ഇരുളം, വാകേരി, കേണിച്ചിറ, നടവയല്‍, പൂതാടി, പച്ചിലക്കാട്, കണിയാമ്പറ്റ, പനമരം എന്നിവയാണ് പനമരം ബ്ലോക്കിന് കീഴിലെ ഡിവിഷനുകള്‍. 89031 പുരുഷന്മാരും 86907 സ്ത്രീകളുമുള്‍പ്പെടെ 175938 ആണ് ബ്ലോക്കിലെ ആകെ ജനസംഖ്യ.
2010 നവംബര്‍ ഒന്നിന് രൂപീകരിച്ച ബ്ലോക്കില്‍ യു ഡി എഫിന്റെ വന്‍വികസന മുന്നേറ്റങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ നടന്നത്. ബ്ലോക്കിന് കീഴിലെ മുഴുവന്‍ പഞ്ചായത്തുകളും യു ഡി എഫി ഭരണത്തിന്‍കീഴിലായതും ബ്ലോക്കിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം കൂട്ടി. പനമരം, കണിയാമ്പറ്റ, പൂതാടി, പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളാണ് പനമരം ബ്ലോക്കിന് കീഴില്‍ വരുന്നത്. നിലവില്‍ വനിതാ സംവരണമായിരുന്ന പ്രസിഡന്റ് പദവി ഇത്തവണ ജനറല്‍ സീറ്റാണ്. ബ്ലോക്ക് പരിധിയിലെ മുഴുവന്‍ സ്ഥലങ്ങളിലും വികസനമെത്തിക്കാന്‍ കഴിഞ്ഞതാണ് ഭരണസമിതിയുടെ ഏറ്റവും വലിയ നേട്ടം.
ഗ്രാമീണ റോഡുകള്‍ ഗതാഗതയോഘ്യമാക്കാന്‍ വിപുലമായ പദ്ധതി തയ്യാറാക്കി, കൂളിവയല്‍ കൊയിലേരി റോഡിന് 1 കോടി രൂപ അനുവദിച്ചു. പാറക്കല്‍, കാവുപുറം റോഡിന് 22 ലക്ഷവും ബ്ലോക്ക് അനുവദിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ജില്ലയിലെ ഏക വൃദ്ധസദനമായ ചിത്രമൂലയിലെ വൃദ്ധസദനത്തിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍ കഴിഞ്ഞതും നേട്ടമായി.
ഇന്ദിര ആവാസ് യോജന പദ്ധതിയില്‍ 3000 വീടുകള്‍ പൂര്‍ത്തിയാക്കിയതും, കമ്പളക്കാട്, ജി.യു.പി സ്‌കൂളിന് 40 ലക്ഷവും കണിയാമ്പറ്റ ഗവ.ഹൈസ്‌കൂളിന് 1 കോടിയും അനുവദിച്ചു. സെപ്തംബര്‍ 12ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴില്‍ എം.എസ്.ഡി.പി പദ്ധതി മുഖേന പനമരം സി.എച്ച്.സിക്ക് ഒരു കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം മന്ത്രി മഞ്ഞളാംകുഴി അലിയാണ് നിര്‍വ്വഹിച്ചത്. പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടില്‍നിന്നും 20 ലക്ഷം രൂപ വിനിയോഗിച്ച് സി.എച്ച്.സിയില്‍ ആരംഭിക്കുന്ന ഡയാലിസിസ് സെന്ററിന്റെ പ്രഖ്യാപനം മന്ത്രി പി.കെ ജയലക്ഷമിയും നിര്‍വ്വഹിച്ചു.
പനമരം ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടും ബി.ആര്‍.ജി.എഫ്.എഫും ഉപയോഗിച്ച് 10 ലക്ഷം രൂപ ചിലവില്‍ കമ്പളക്കാട് ടൗണില്‍ നിര്‍മ്മിച്ച ഇഫര്‍മേഷന്‍ സെന്റര്‍ കം ബസ് സ്റ്റോപ്പും വികസന രംഗത്ത് വേറിട്ട അനുഭവമായി.
ജില്ലയില്‍ ആദ്യത്തെ ഹൈടെക് ബസ് സ്റ്റോപ്പാണ് ഇത്. എഫ്. എം. റേഡിയോ, മൊബൈല്‍ റീചാര്‍ജിംഗ് സൗകര്യം, വൈഫൈ കണക്ഷന്‍, ടി.വി. തുടങ്ങിയ ആധുനിക സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു സെന്റ് സ്ഥലം ഉപയോഗപ്പെടുത്തിയാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ കം ബസ്‌സ്റ്റോപ്പ് പണിതത്. പട്ടാണിക്കൂപ്പ് ചീരാംകുന്ന് കുടിവെള്ള പദ്ധതിത്ത് 30 ലക്ഷം, തുടങ്ങി വിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയത്.
കണിയാമ്പറ്റ ഗവ.ഹൈയര്‍സെക്കന്ററിസ്‌കൂളില്‍12.5 ലക്ഷംരൂപ ചെലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തി പൂര്‍ത്തീകരിച്ച സ്റ്റേജും വികസന മാതൃകയാണ്. വത്സാ ചാക്കോയാണ് പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. വികസനം മുന്‍നിര്‍ത്തിയാണ് ഭരണ സമിതി ഇത്തവണ വോട്ട് തേടുന്നത്.