Connect with us

Malappuram

മൂന്നിയൂരില്‍ യു ഡി എഫിനൊപ്പം സി പി ഐയും

Published

|

Last Updated

തിരൂരങ്ങാടി: മൂന്നിയൂര്‍ പഞ്ചായത്തില്‍ മത്സരിക്കാന്‍ മുസ്‌ലിംലീഗ്, കോണ്‍ഗ്രസ്, സി പി ഐ ധാരണ.
ലീഗും കോണ്‍ഗ്രസും തമ്മില്‍ നേരത്തെ ധാരണയിലെത്തിയിരുന്നു. 23വാര്‍ഡുകളില്‍ മൂന്ന് സീറ്റുകളാണ് കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായിട്ടുള്ളത്. അതിനിടെയാണ് എല്‍ ഡി എഫില്‍ സി പി എമ്മുമായി ഭിന്നതയില്‍ കഴിയുന്ന സി പി ഐ ലീഗ്-കോണ്‍ഗ്രസ് കൂട്ടുകെട്ടുമായി യോജിക്കുന്നത്. സി പി ഐക്ക് സ്വാധീനമുള്ള മൂന്ന്, ഒമ്പത് വാര്‍ഡുകളില്‍ പാര്‍ട്ടി സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മത്സരിക്കും. സി ഐ ടി യു ജില്ലാസെക്രട്ടറി കൂടിയായിരുന്ന സി പി എം നേതാവ് സി പി ഐയില്‍ ചേര്‍ന്നതോടെയാണ് മൂന്നിയൂരില്‍ സി പി ഐ-സി പി എം പ്രശ്‌നം ഉടലെടുക്കുന്നത്. പഞ്ചായത്തില്‍ എല്‍ ഡി എഫ് പരിപാടിയില്‍ സി പി ഐയെ പ്രതിനിധീകരിച്ച് ഈനേതാവ് പങ്കെടുക്കുന്നത് സി പി എം എതിര്‍ത്തിരുന്നു.
ഇതിനെച്ചൊല്ലി ഇവിടെ എല്‍ ഡി എഫ് തകര്‍ന്നിരിക്കുയാണ്. മൂന്നിയൂര്‍ ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന അനീസ് മാസ്റ്ററുടെ മരണവുമായി ബന്ധപ്പെട്ട് സി പി എമ്മിന്റെ നേതൃത്വത്തിലുള്ള സമര സമിതി നടത്തുന്ന ഒരുപരിപാടികളിലും സി പി ഐ പങ്കെടുക്കുന്നില്ല. ഈ ഭിന്നത ഇവിടെ എല്ലാമറയും നീക്കി പുറത്ത് വന്നിരിക്കുകയാണ്.
പി ഡി പി സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ
പത്രിക നല്‍കി
വെളിയങ്കോട്: വെളിയങ്കോട് ഗ്രാമപഞ്ചായത്തില്‍ പാര്‍ട്ടിക്ക് സ്വാധീനമുള്ള ഒന്നാം വാര്‍ഡില്‍ സനൂജ ജബ്ബാറിനെയും, പതിനാറാം വാര്‍ഡില്‍ നഫീസകുട്ടി അശ്‌റഫിനെയും സ്ഥാനാര്‍ഥികളായി നിര്‍ത്തി ഒറ്റക്ക് മത്സരിക്കുവാന്‍ പി ഡി പി വെളിയങ്കോട് പഞ്ചായത്ത് സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. പതിനാലാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥി എം എ റഹ്മാനെ പിന്തുണക്കും. ബാക്കി വാര്‍ഡുകളില്‍ ആരെ പിന്തുണക്കണമെന്ന കാര്യം പിന്നീട് തീരുമാനിക്കാന്‍ യോഗം തീരുമാനിച്ചു.
സ്ഥാനാര്‍ഥികള്‍ വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വരണാധികാരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പി ഡി പി സെക്രട്ടേറിയറ്റ് മെമ്പര്‍ എം മൊയ്തുണ്ണി ഹാജി. ജില്ലാ ജോയിന്റ് സെക്രട്ടറി അസീസ് വെളിയങ്കോട്, മണ്ഡലം ജോയിന്റ് സെക്രട്ടറി ടി പി മജീദ്, പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലത്തീഫ്, വൈസ് പ്രസിഡന്റ് കെ മുഹമ്മദുണ്ണി, ട്രഷറര്‍ മുഹമ്മദ് ശരീഫ്, നൗശാദ് മേളിയില്‍ സ്ഥാനാര്‍ഥികളെ അനുഗമിച്ചു.

Latest