സ്വാമി ശാശ്വതികാനന്ദയുടെ മരണം; അന്വേഷണ അട്ടിമറിയുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്ക്: കെ സുരേന്ദ്രന്‍

Posted on: October 14, 2015 11:24 am | Last updated: October 14, 2015 at 11:24 am
SHARE

കോഴിക്കോട്: മുന്‍ ശിവഗിരി മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം അട്ടിമറിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്വം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനും, എ കെ ആന്റണിക്കുമാണെന്ന് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ശാശ്വതികാനന്ദ മരണപ്പെട്ട് ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ സമയത്ത് മുഖ്യമന്ത്രിമാരായിരുന്നവര്‍ അന്വേഷണത്തിന് ഉത്തരവിടാതെ കേരളത്തിലെ ജനങ്ങളെ വഞ്ചിക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഇപ്പോള്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഇരട്ടത്താപ്പാണെന്നും സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്കെതിരെ പലയിടങ്ങളിലും സി പി എം ‘സാമ്പാര്‍’ മുന്നണി രൂപവത്ക്കരിച്ചിട്ടുണ്ട്. അതിനായി കൂട്ടു പിടിച്ചിരിക്കുന്നത് രണ്ട് വര്‍ഷം മുമ്പു വരെ മതേതര നിലപാടിന് എതിരായി സി പി എം ഉയര്‍ത്തികാട്ടിയ ലീഗിനെയാണ്. ബി ജെ പിയുടെ ശക്തമായ വളര്‍ച്ച കണ്ട് ഭയന്നിട്ടാണ് സി പി എം ഇത്തരം നടപടികളുമായി മുന്നോട്ടു പോകുന്നത്. ‘സാമ്പാര്‍’ മുന്നണി കാസര്‍ഗോഡ് ജില്ലയിലെ മഞ്ചേശ്വരം, വെള്ളൂര്‍ പഞ്ചായത്തുകളിലും പൊന്നാനി, കോട്ടക്കല്‍ മുനിസിപ്പാലിറ്റികളിലും പ്രവര്‍ത്തനം തുടങ്ങി യിട്ടുണ്ട്. ഇത്തരത്തില്‍ നാണംകെട്ട ഏര്‍പ്പാടിന് മുതിരാതെ എല്‍ ഡി എഫും യു ഡി എഫും ചേര്‍ന്ന് ഒറ്റ മുന്നണിയായി ബി ജെ പിക്കെതിരെ മത്സരിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.