Connect with us

Kozhikode

സോളാര്‍ തട്ടിപ്പ്: കോടതിയില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

Published

|

Last Updated

കോഴിക്കോട്: ടീം സോളാര്‍ കമ്പനിയുടെ ഫ്രാഞ്ചൈസി നല്‍കാമെന്നും സോളാര്‍ പാനലുകള്‍ സ്ഥാപിക്കാമെന്നും പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസില്‍ ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍, രണ്ടാംപ്രതി സരിത എസ് നായര്‍, മൂന്നാംപ്രതി സരിതയുടെ ഡ്രൈവര്‍ മണിലാല്‍ എന്നിവര്‍ക്കെതിരെ കോടതി കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചു. തട്ടിപ്പ്, വിശ്വാസവഞ്ചന, ആള്‍മാറാട്ടം, വ്യാജരേഖ ചമക്കല്‍, ക്രിമിനല്‍ ഗൂഡാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ ചുമത്തിയിരിക്കുന്നതെന്ന് കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് (മൂന്ന്) മജിസ്‌ട്രേറ്റ് ജോജി തോമസ് അറിയിച്ചു. അതേസമയം കോടതിയില്‍ ഹാജരായ മൂന്ന് പ്രതികളും കുറ്റപത്രത്തിലെ കണ്ടെത്തലുകളെ എതിര്‍ത്തു.
ഈ മാസം 26ന് തൃശൂരില്‍ ചന്ദ്രബോസ് കൊലക്കേസിന്റെ വിചാരണക്ക് ഹാജരാവാനുള്ളതിനാല്‍ നവംബറിന് ശേഷമേ കേസ് പരിഗണിക്കാവൂവെന്ന് സരിതക്ക് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകന്‍ ടി എസ് രാജന്‍ കോടതിയോട് ആവശ്യപ്പെട്ടു. എന്നാല്‍ കൊയിലാണ്ടി കോടതിയില്‍ മറ്റൊരു കേസിന്റെ വിചാരണ നടക്കുന്നതിനാല്‍ കേസ് ഡിസംബറിലെ പരിഗണിക്കാവൂവെന്ന് വക്കീലില്ലാതെ സ്വയം വാദിക്കുന്ന ബിജു രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. മണിലാലിന് വേണ്ടി അഡ്വ. അഞ്ജന ശേഖര്‍ ഹാജരായി. പ്രതികളുടെ അഭിഭാഷകരുടെയും അഭ്യര്‍ത്ഥന പരിഗണിച്ച് കേസ് പരിഗണിക്കുന്നത് കോടതി ഡിസംബര്‍ 14 ലേക്ക് മാറ്റി.
കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ ഹര്‍ജി വിചാരണക്കോടതി കഴിഞ്ഞ സെപ്തംബര്‍ 18ന് തള്ളിയിരുന്നു. കേസ് നിലനില്‍ക്കുന്നതല്ലെന്ന് കാണിച്ചാണ് പ്രതികള്‍ വിചാരണക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ ബിജുവും സരിതയും ആള്‍മാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചുമാണ് ടീം സോളാര്‍ കമ്പനിയുടെ പേരില്‍ പ്രവര്‍ത്തിച്ചതെന്ന് കാണിച്ച് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച എതിര്‍ ഹര്‍ജി കോടതി പരിഗണിക്കുകയായിരുന്നു.
ടീം സോളാറിന്റെ മലബാറിലെ വിതരണമെടുക്കാനും വീട്ടിലും ഓഫീസിലും സോളാര്‍ പാനല്‍ സ്ഥാപിക്കാനുമായി അസോസിയേറ്റഡ് സ്റ്റീല്‍സ് ഉടമയായ അബ്ദുല്‍ മജീദില്‍ നിന്നും 42,70,375 രൂപ സരിതയും ബിജു രാധാകൃഷ്ണും തട്ടിയെടുത്ത കേസിലാണ് വിചാരണ.

Latest