Connect with us

National

ദാദ്രി സംഭവം ദു:ഖകരം: പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കഴിച്ചെന്ന് ആരോപിച്ച് മധ്യ വയസ്‌കനെ കൊന്ന സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യമായി പ്രതികരിച്ചു. ദാദ്രിയിലെ സംഭവവും ഗുലാം അലിയെ പാടാന്‍ അനുവദിക്കാതിരുന്നതും വളരെ ദു:ഖകരമായ കാര്യങ്ങളാണ്. പക്ഷേ ഈ സംഭവങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് എന്തു പങ്കാണുള്ളത്. ബിജെപി ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ആനന്ദ ബസാര്‍ പത്രികയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

വിഷയത്തില്‍ പ്രതിപക്ഷം സ്വീകരിച്ച നിലപാടിനേയും പ്രധാനമന്ത്രി വിമര്‍ശിച്ചു. പ്രതിപക്ഷം ധ്രുവീകരണത്തിന്റെ രാഷ്ട്രീയമാണ് കളിക്കുന്നത്. ബിജെപി എന്നും കപട മതേതരത്വത്തിന് എതിരാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുംബൈയില്‍ പാക് ഗായകന്‍ ഗുലാം അലിയുടെ പരിപാടി നടത്താന്‍ അനുവദിക്കാതിരുന്നത് ശരിയായില്ലെന്നും മോദി പറഞ്ഞു.

കഴിഞ്ഞ മാസം 28നാണ് ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ ബീഫ് കഴിച്ചെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ മര്‍ദ്ദിച്ചു കൊന്നത്. എന്നാല്‍ പരിശോധനയില്‍ ആട്ടിറച്ചിയാണ് ഇയാളുടെ വീട്ടിലുണ്ടായിരുന്നതെന്ന് വ്യക്തമായിരുന്നു. സംഭവം രാജ്യത്ത് വന്‍ പ്രതിഷേധത്തിനിടയാക്കുകയും രാഷ്ട്രപതി പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിട്ടും പ്രധാനമന്ത്രി പ്രതികരിക്കാതിരുന്നത് വിവാദമായിരുന്നു. നിരവധി സാഹിത്യകാരന്‍മാര്‍ മോദിയുടെ മൗനത്തില്‍ പ്രതിഷേധിച്ച് സാഹിത്യ അക്കാദമി പുരസ്‌കാരം തിരിച്ചു നല്‍കുകയും അക്കാദമി അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു.

Latest