Connect with us

Kerala

സംസ്ഥാനത്ത് ഒമ്പത് പഞ്ചായത്തുകളില്‍ മത്സരിക്കാന്‍ എ ഐ ഡി എം കെ

Published

|

Last Updated

കൊട്ടാരക്കര: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ഒരുകൈ നോക്കാന്‍ പുരെട്ച്ചി തലൈവിയുടെ മക്കളും രംഗത്ത്. നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിലാണ് എ ഐ എ ഡി എം കെ സ്ഥാനാര്‍ഥി. കുറുമ്പാലൂര്‍ വനിത ഏഴാം വാര്‍ഡിലാണ് കുറുമ്പാലൂര്‍ ചരുവിള വീട്ടില്‍ ബൈജുവിന്റെ ഭാര്യ എസ് സവിത മത്സരിക്കുന്നത്.
എ ഐ എ ഡി എം കെ പാര്‍ട്ടിയുടെ കേരള ഘടകം സംസ്ഥാനത്ത് ഒമ്പത് പഞ്ചായത്തുകളിലാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുള്ളത്. ദേശിംഗനാടിന്റെ തലസ്ഥാനമായ കൊല്ലം ജില്ലയില്‍ തമിഴ്‌നാടിന്റെ ആധിപത്യം വര്‍ഷങ്ങള്‍ക്ക് മുമ്പേ തെളിയിച്ചതാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനവും വിദ്യാഭ്യാസ വികസനവും സാധ്യമാക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് എ ഐ ഡി എം കെ നേതാക്കള്‍ പറയുന്നത്. ജയലളിത ചെയ്യുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മാതൃകയാക്കേണ്ടതാണെന്നും ഇവര്‍ പറയുന്നു.
നെടുവത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ പത്രിക സമര്‍പ്പണ ചടങ്ങില്‍ തമിഴ്‌നാട് മുന്‍ ദേവസ്വം മന്ത്രി പി സെന്തൂര്‍ പാണ്ഡ്യന്റെ മകനും ചെങ്കോട്ട ടൗണ്‍ സെക്രട്ടറിയുമായ സി കൃഷ്ണമുരളി എത്തിയിരുന്നു. എ ഐ എ ഡി എം കെ കേരള സംസ്ഥാന സെക്രട്ടറി ശ്രീനിവാസന്‍, പ്രസിഡന്റ് വേണുഗോപാല്‍, നേതാക്കളായ എം എസ്. മണി, ഡി കെ സന്തോഷ് കുമാര്‍, സെല്‍വ കുമാര്‍, അഭിലാഷ്, ബൈജു എന്നിവരും പങ്കെടുത്തു.
“പട്ടിണി മാറ്റി വെളിച്ചം നല്‍കൂ” എന്ന മുദ്രാവാക്യവുമായാണ് തങ്ങള്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് പത്രികാ സമര്‍പ്പണ ത്തിന് ശേഷം സവിത പറഞ്ഞു. കുടുംബശ്രീയുടെ എ ഡി എസ് പ്രവര്‍ത്തകയായ തനിക്ക് ആളുകളുമായുള്ള പരിചയം വിജയപ്രതീക്ഷയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തമിഴ്‌നാട്ടില്‍ നിന്ന് എത്തി മലയാളി പെണ്‍കുട്ടികളെയും കേരളത്തില്‍ നിന്ന് പോയി തമിഴ് പെണ്‍കുട്ടികളെയും കല്യാണം കഴിച്ച് കേരളത്തില്‍ സ്ഥിരതാമസമാക്കിയ കുറേ കുടുംബങ്ങള്‍ കൊല്ലം ജില്ലയിലുണ്ട്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന കൊല്ലം ജില്ല പാര്‍ട്ടിയുടെ വിജയകേന്ദ്രമായി മാറുമെന്നാണ് പ്രവര്‍ത്തകരുടെ വിശ്വാസം.
കൊല്ലം ജില്ലയില്‍ നെടുവത്തൂര്‍ പഞ്ചായത്തിന് പുറമെ ഇടുക്കി ജില്ലയില്‍ ദേവികുളം പഞ്ചായത്തില്‍ ഒന്നാം വാര്‍ഡ്, മൂന്നാര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡ്, മറയൂര്‍ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡ്, പാലക്കാട് ജില്ലയില്‍ കൊഴിഞ്ഞാംപാറ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡ്, ഏഴാം വാര്‍ഡ്, മല്ലപ്പള്ളി പഞ്ചായത്തില്‍ പതിനാറ് എന്നിവിടങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത്.

Latest