Connect with us

Kerala

ഉരുക്കുകോട്ടയില്‍ കരുത്ത് കൂട്ടാന്‍ യു ഡി എഫ്; കോട്ടകൊത്തളം തകര്‍ക്കാന്‍ എല്‍ ഡി എഫ്‌

Published

|

Last Updated

കല്‍പ്പറ്റ: കുടിയേറ്റ നാടാണ് വയനാട്. കോഴിക്കോട്-കണ്ണൂര്‍ അതിര്‍ത്തികളെ അടര്‍ത്തിയെടുത്ത സംസ്ഥാനത്തെ 12-ാമത്തെ ജില്ല. പൊതുവെ വലതുപക്ഷ മനസ്സാണ് വയനാടിനുള്ളത്. നാളിതുവരെ യു ഡി എഫിനെ തുണച്ച വയനാട് ഇടക്കെപ്പോഴോ “പേരു ദോശം” വരുത്തി. 2005ല്‍ ഉണ്ടായ ഇടത് കാറ്റില്‍ യു ഡി എഫ് കടപുഴകി. നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്ന് സീറ്റുകളും പിടിച്ചെടുത്ത് എല്‍ ഡി എഫ് കരുത്ത് കാട്ടി. കുത്തകയായിരുന്ന പല പഞ്ചായത്തുകളിലും യു ഡി എഫിന്റെ അടിത്തറയിളക്കിയായിരുന്നു എല്‍ ഡി എഫിന്റെ വിജയഗാഥ. എന്നാല്‍ പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ അനുഭവത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് യു ഡി എഫ് പ്രവര്‍ത്തിച്ചു. ഒപ്പം തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലെ യു ഡി എഫ് അനുകൂല തരംഗവുമായതോടെ നഷ്ടപ്പെട്ട പഞ്ചായത്തുകളെല്ലാം അവര്‍ തിരിച്ചുപിടിച്ചു. ഒപ്പം മൂന്ന് പതിറ്റാണ്ടിലധികം പ്രതിപക്ഷത്തിരുന്ന വയനാട്ടിലെ ഏക മുനിസിപ്പാലിറ്റിയായിരുന്ന കല്‍പ്പറ്റ കൂടി പിടിച്ചെടുത്ത് വിജയമധുരം ഇരട്ടിപ്പിക്കാനും യു ഡി എഫിനായി.
ഈ പാമ്പര്യത്തിന് കോട്ടം തട്ടാതെ കാത്തുസൂക്ഷിക്കുക എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെയുള്ള 25 പഞ്ചായത്തുകളില്‍ 22ഉം കല്‍പ്പറ്റ നഗരസഭയും നാല് ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തും യു ഡി എഫ് വരുതിയിലാക്കി. ഇതില്‍തന്നെ പടിഞ്ഞാറത്ത പഞ്ചായത്തിലും പനമരം ബ്ലോക്ക് പഞ്ചായത്തിലും പ്രതിപക്ഷം പോലുമില്ലാതെയാണ് യു ഡി എഫ് വിജയിച്ച് കയറിയത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് നിയോജക മണ്ഡലങ്ങളും തിരിച്ചുപിടിച്ച യു ഡി എഫ് ലോക്‌സഭാ മണ്ഡലവും നിലനിര്‍ത്തി കരുത്തുകാട്ടി. എം ഐ ഷാനവാസിന് റെക്കോര്‍ഡ് ഭൂരിപക്ഷവും നല്‍കിയാണ് ഇടത് കാറ്റിനെ തളച്ചത്.
എന്നാല്‍ സീറ്റ് വിഭജനത്തിലെ അസ്വാരസ്യങ്ങള്‍ പല പഞ്ചായത്തുകളിലും നഗരസഭകളിലും യു ഡി എഫില്‍ നിന്നുയരുന്നുണ്ട്. ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ജനവിധി തേടുന്നതിനു മുന്നണിയിലെ ചെറുകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതാണ് പ്രദേശിക തലത്തിലടക്കം കോണ്‍ഗ്രസിനെ അലട്ടുന്നത്. മുന്നണിക്കകത്ത് യോജിച്ചു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സി എം പിയും ആര്‍ എസ് പിയും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതിന് സീറ്റ് വേണമെന്ന ശാഠ്യത്തിലാണ്. കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും പിടിവാശിയിലാണ്. കേരള കോണ്‍ഗ്രസ്-ബിയില്‍ നിന്ന് രാജിവെച്ചവര്‍ കേരള കോണ്‍ഗ്രസ്-ജേക്കബി ല്‍ ചേരാന്‍ തീരുമാനിച്ചിച്ചുണ്ട്. ഇത് കണക്കിലെടുത്ത് സീറ്റ് വിഭജനം നടത്തണമെന്നാണ് ജേക്കബ് വിഭാഗത്തിന്റെ ആവശ്യം. മാനന്തവാടി നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എം ഒറ്റക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ്. പോരാത്തതിന് ലീഗ് ആവശ്യപ്പെട്ട ഒമ്പത് സീറ്റുകള്‍ നല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതും ഇവിടെ മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുന്നുണ്ട്. ബത്തേരി നഗരസഭയില്‍ ലീഗുമായി സീറ്റ് വിഭജനത്തില്‍ ധാരണയായെങ്കിലും കേരള കോണ്‍ഗ്രസ് എമ്മുമായി ഇതുവരെ ധാരണയിലെത്താന്‍ കോണ്‍്രഗസിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ പ്രശ്‌നങ്ങള്‍ക്കെല്ലാം രമ്യമായ പരിഹാരമുണ്ടാക്കാനാകുമെന്നാണ് യു ഡി എഫ് ക്യാമ്പിലെ പ്രതീക്ഷ.
ഇടതു മുന്നണിയിലും ചിലയിടങ്ങളില്‍ അസ്വാരസ്യങ്ങളുണ്ട്. മാനന്തവാടി നഗരസഭയില്‍ സീറ്റ് നല്‍കാത്തതില്‍ കേരളാ കോണ്‍ഗ്രസ്(ബി) എതിര്‍പ്പുമായി രംഗത്തെത്തിയിട്ടുണ്ട്. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ബി ജെ പി സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തീകരിച്ച് ഒരു മുഴം മുമ്പേ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്.