പരിസ്ഥിതി നിയമത്തിന് ഭേദഗതി വരുന്നു:20 കോടി വരെ പിഴ

Posted on: October 14, 2015 6:14 am | Last updated: October 14, 2015 at 1:17 am
SHARE

2000px-Indian_Rupee_symbol_link_blueന്യൂഡല്‍ഹി: നിയമലംഘനത്തിന്റെ നിര്‍വചനം മാറ്റി കേന്ദ്ര സര്‍ക്കാര്‍ പരിസ്ഥിതി നിയമത്തില്‍ ഭേദഗതി വരുത്തുന്നു. പിഴ ഉയര്‍ത്തിയും തടവ് ശിക്ഷ ലഘൂകരിച്ചും തയ്യാറാക്കിയ ഭേദഗതി നിയമത്തിന്റെ കരട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ചു. 1986ലെ പരിസ്ഥിതി നിയമത്തിലും 2010ലെ ഹരിത ട്രൈബ്യൂണല്‍ നിയമത്തിലുമാണ് സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരുന്നത്. പാരിസ്ഥിതിക നിയമലംഘനങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നുവെന്നതാണ് നിയമത്തിലെ പ്രധാനഭേദഗതി. പിഴയില്‍ കാര്യമായ വര്‍ധന വരുത്തിയെങ്കിലും നിയമലംഘനം ദൂരപരിധി നിശ്ചയിച്ച് കണക്കാക്കുന്നത് നിയമത്തില്‍ വെള്ളം ചേര്‍ക്കാനാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ വാദം. ക്വാറി ഖനന മേഖലകള്‍ക്കും കരട് ബില്ലില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വനം, പരിസ്ഥിതി മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് ഭേദഗതിയില്‍ ഈ മാസം ഇരുപത് വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരമുണ്ട്. കുറഞ്ഞ പിഴ ആയിരം രൂപയായും ഉയര്‍ന്ന പിഴ ഇരുപത് കോടിയായും നിജപ്പെടുത്തിയാണ് നിയമഭേദഗതി. നിലവിലെ നിയമം അനുസരിച്ച് എല്ലാ പരിസ്ഥിതി നിയമലംഘനങ്ങള്‍ക്കും ഒരു ലക്ഷം രൂപ പിഴയും അഞ്ച് വര്‍ഷം തടവുമാണ് ശിക്ഷ. ഭേദഗതിയനുസരിച്ച് നിയമലംഘനങ്ങളെ നാലായി തരംതിരിച്ചിരിക്കുന്നു. തീരെ ചെറിയ നിയമലംഘനം, അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വരുന്നത്, പത്ത് കിലോമീറ്റര്‍, പതിനഞ്ച് കിലോമീറ്റര്‍ പരിധിയിലുള്ളത് എന്നിങ്ങനെയാണ് തരംതിരിവ്. ഇതില്‍ ചെറിയ നിയമലംഘനങ്ങള്‍ക്ക് ആയിരം രൂപ മുതല്‍ പതിനായിരം രൂപ വരെയാണ് പിഴ. നിയമലംഘനം ശ്രദ്ധയില്‍പ്പെടുന്ന ഉദ്യോഗസ്ഥന് തത്സമയം ചുമത്താവുന്ന പിഴയാണിത്.
അഞ്ച് കിലോമീറ്ററിനുള്ളില്‍ പരിസ്ഥിതിനാശം വരുത്തിയാല്‍ അഞ്ച് മുതല്‍ പത്ത് വരെ കോടി പിഴ ഈടാക്കും. നിയമലംഘനം തുടര്‍ന്നാല്‍ ഓരോ ദിവസത്തിനും അമ്പത് ലക്ഷം രൂപ അധികം നല്‍കേണ്ടി വരും. അഞ്ച് മുതല്‍ പത്ത് കിലോമീറ്റര്‍ പരിധിയിലാണെങ്കില്‍ പത്ത് മുതല്‍ പതിനഞ്ച് വരെ കോടിയാണ് പിഴ. നിയലംഘനം തുടര്‍ന്നാല്‍ ഒരോ ദിവസത്തിനും 75 ലക്ഷവും.
പരിസ്ഥിതി നാശം പത്ത് ഏക്കറിന് മുകളിലാണെങ്കില്‍ ഇരുപത് കോടി രൂപയാണ് പിഴയടക്കേണ്ടി വരിക. നിയമലംഘനം തുടരുന്നപക്ഷം ഒരു ദിവസത്തിന് ഒരു കോടി രൂപ പിഴയായി കണക്കാക്കും. ജില്ലാ ജഡ്ജി അധ്യക്ഷനായിട്ടുള്ള കമ്മിറ്റിയാണ് ഇത് സംബന്ധിച്ചുള്ള തീരുമാനമെടുക്കുക. പാരിസ്ഥിതിക മേഖലയുമായി ബന്ധമുള്ള കേന്ദ്ര സര്‍വീസിലെ ഡയറക്ടര്‍ക്ക് തുല്യമായ പദവിയിലെ ഒരാളും സംസ്ഥാന സര്‍ക്കാറില്‍ ജോയിന്റ് സെക്രട്ടറി റാങ്കിലുള്ള ഒരാളും അംഗങ്ങളായിരിക്കും.
ശിക്ഷയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഹരിത െ്രെടബ്യൂണല്‍ വഴി മാത്രമായിരിക്കും സ്വീകരിക്കുക. അപ്പീല്‍ നല്‍കണമെങ്കില്‍ പിഴയുടെ 75 ശതമാനം കെട്ടിവെക്കുകയും വേണം. അതേസമയം, പരിസ്ഥിതി നിയമലംഘനങ്ങള്‍ക്ക് നിലവിലുള്ള ഏകീകൃത രീതി ഒഴിവാക്കി മാനദണ്ഡം നിശ്ചയിക്കുന്നത് വ്യാപകമായി ദുരുപയോഗിക്കപ്പെടുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. എല്ലാ നിയമലംഘനങ്ങള്‍ക്കും ഒരു ലക്ഷം പിഴയും അഞ്ച് വര്‍ഷം തടവും ലഭിക്കുമായിരുന്ന സാഹചര്യം ഒഴിവാക്കി ചെറിയ നിയമലംഘനം എന്ന പരിധി കൊണ്ടുവരുന്നത് ഈ രംഗത്ത് ദോഷം ചെയ്യും.
പ്രത്യക്ഷത്തിലെ പാരിസ്ഥിതിക പ്രത്യാഘാതം മാത്രമേ പുറത്തേക്ക് കാണാന്‍ കഴിയൂവെന്നിരിക്കെ നിയമലംഘകരെ സഹായിക്കാന്‍ മാത്രമേ ഭേദഗതി ഉപകരിക്കൂവെന്നാണ് ഇവരുടെ വാദം. കോടികള്‍ മുടക്കി പദ്ധതികള്‍ തുടങ്ങുന്നവര്‍ പിഴ നല്‍കി നിയമലംഘനത്തിന് മുതിരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.