Connect with us

National

തിക്കോടിയടക്കം 78 ലൈറ്റ്ഹൗസുകള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാകും

Published

|

Last Updated

ചെന്നൈ: രാജ്യത്തെ 78 ലൈറ്റ്ഹൗസുകള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാകും. പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് ഷിപ്പിംഗ് മന്ത്രാലയവും ഡയറക്ടര്‍ ജനറല്‍ ഓഫ് ലൈറ്റ് ഹൗസസ് ആന്‍ഡ് ലൈറ്റ്ഷിപ്‌സു(ഡി ജി എല്‍ എല്‍)മാണ് രൂപം നല്‍കിയിരിക്കുന്നത്.
കേരളത്തിലെ തിക്കോടി അടക്കമുള്ള ലൈറ്റ് ഹൗസുകള്‍ കേന്ദ്രീകരിച്ചാണ് ടൂറിസം പദ്ധതി വരുന്നത്. കേരളത്തിന് പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ, കര്‍ണാടക, തമിഴ്‌നാട്, പോണ്ടിച്ചേരി, ആന്ധ്രാ പ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെ വിളക്ക്മാടങ്ങളാകും ഈ ടൂറിസം മാപ്പില്‍ ഇടം പിടിക്കുക.
ലൈറ്റ്ഹൗസുകളോട് ചേര്‍ന്ന് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കാഴ്ചാ ഗാലറികള്‍, സമുദ്രയാത്രാ മ്യൂസിയങ്ങള്‍, സാഹസിക കായിക കേന്ദ്രങ്ങള്‍, തീമാറ്റിക് റസ്റ്റോറന്റുകള്‍, ലേസര്‍ ഷോകള്‍, സ്പാ തുടങ്ങിയവ ഒരുക്കും. ഓരോ ലൈറ്റ് ഹൗസിനോടും ചേര്‍ന്ന് അതാതിടങ്ങളിലെ സാധ്യതക്കും പരിമിതികള്‍ക്കും അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഒരുക്കും. പദ്ധതിയുടെ വിശദാംശങ്ങള്‍ ഷിപ്പിംഗ്, ടൂറിസം മന്ത്രാലയങ്ങള്‍ക്ക് സമര്‍പ്പിച്ച് അനുമതി വാങ്ങണം.
അഗുവാദ(ഗോവ), ചന്ദ്രപ്രഭ(ഒഡീഷ), മഹാബലിപുരം, കന്യാകുമാരി, മുട്ടം(തമിഴ്‌നാട്), കടലൂര്‍ പോയിന്റ്(തിക്കോടി, കേരളം) തുടങ്ങിയ ലൈറ്റ്ഹൗസുകളോട് ചേര്‍ന്ന് ഈ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ഡി ജി എല്‍ എല്‍ വിവിധ നിര്‍മാണ കമ്പനികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചതായി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഡി ജി എല്‍ എല്‍ ഇതിനകം നാല് ലൈറ്റ്ഹൗസുകള്‍ കേന്ദ്രീകരിച്ച് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ ചെന്നൈ, മഹാബലിപുരം, കേരളത്തിലെ കണ്ണൂര്‍, ആലപ്പുഴ എന്നിവയാണ് അവ. ഇവിടെ നിരവധി ടൂറിസ്റ്റുകള്‍ എത്തുന്നുണ്ട്. ഈ അനുഭവമാണ് പദ്ധതി കൂടുതിലടങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ മന്ത്രാലയത്തെ പ്രേരിപ്പിക്കുന്നത്. ഇത്തരം പദ്ധതിയില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് താത്പര്യം ജനിപ്പിക്കുന്നതിന് വേണ്ടി മന്ത്രാലയം കൊച്ചിയടക്കം വിവിധ സ്ഥലങ്ങളില്‍ റോഡ് ഷോകള്‍ നടത്തിയിരുന്നു.
നാവികര്‍ക്ക് വഴി കാണിച്ച് ചരിത്രത്തിലുടനീളം തലയുയര്‍ത്തി നിന്ന വിളക്കുമാടങ്ങള്‍ക്ക് ആധുനിക കാലത്ത് ആ ദൗത്യം വലിയ തോതില്‍ നിര്‍വഹിക്കാനില്ല. ഈ സാഹചര്യത്തിലാണ് ഇവ വിനോദ സഞ്ചാര കൗതുകങ്ങളായി രൂപാന്തരപ്പെടുന്നത്. ഓരോ ലൈറ്റ്ഹൗസിനും സമ്പന്നമായ ഒരു പൈതൃക ചരിത്രം പറയാനുണ്ട്. ഇന്ത്യയില്‍ ആകെ 189 ലൈറ്റ്ഹൗസുകളാണ് ഉള്ളത്. ബംഗാള്‍ ഉള്‍ക്കടലിലെ അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, അറബിക്കടലിലെ ലക്ഷദ്വീപുകള്‍ അടക്കം 7517 കിലോമീറ്റര്‍ വരുന്ന തീരരേഖയാണ് ഇന്ത്യക്കുള്ളത്.