ശാശ്വതീകാനന്ദ: ദുരൂഹത നീങ്ങണം

Posted on: October 14, 2015 5:09 am | Last updated: October 14, 2015 at 1:10 am
SHARE

SIRAJ.......ശിവഗിരി മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലെ ദൂരൂഹത വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. മരണം കൊലപാതകമാണെന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ ശ്രീനാരായണ ധര്‍മവേദി നേതാവ് ഡോ. ബിജു രമേശിന്റെ അഭിപ്രായ പ്രകടനത്തോടെയാണ് 13 വര്‍ഷത്തിന് ശേഷം പ്രശ്‌നം വീണ്ടും സജീവ ചര്‍ച്ചയായത്. പ്രിയനെന്ന വാടകക്കൊലയാളിയാണ് സ്വാമിയെ കൊന്നതെന്നും കൃത്യനിയോഗത്തിന് അയാളെ നിയോഗിച്ചത് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമാണെന്നുമാണ് ബിജുവിന്റെ ആരോപണം. ശിവഗിരി ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റും ശിവഗിരി മഠാധിപതിയുമായ സ്വാമി പ്രകാശാനന്ദയും ബിജുവിന്റെ നിലപാടിനെ പിന്തുണക്കുന്നു. ഇതോടെ മരണത്തെക്കുറിച്ചു പുനരന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.
2002 ജൂലൈ ഒന്നിനാണ് ശാശ്വതീകാനന്ദയുടെ മരണം. അന്ന് കാലത്ത് ആലുവാപ്പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ അദ്ദേഹത്തെ കാണപ്പെടുകയായിരുന്നു. ആലുവ അദൈ്വതാശ്രമത്തിന്റെ കടവില്‍ കുളിക്കാന്‍ ഇറങ്ങിയ സ്വാമി മുങ്ങി മരിക്കുകയായിരുന്നുവെന്നാണ് ശിവഗിരി മഠാധികൃതരുടെ വിശദീകരണം. എന്നാല്‍ ബന്ധുക്കള്‍ അന്നേ മരണത്തില്‍ അസ്വാഭാവികത ആരോപിക്കുകയും കൊലപാതകമാണെന്ന സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. കേസ് ആദ്യം അന്വേഷിച്ച ആലുവ പോലീസ് ആത്മഹയാണെന്ന നിഗമനത്തിലാണെത്തിയത്. ബന്ധുക്കളുടെയും മറ്റും പരാതിയില്‍ ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചും മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് വിധിയെഴുതുകയും അതോടെ അന്വേഷണം അവസാനിപ്പിക്കുകയുമാണുണ്ടായത്.
ശാശ്വതീകാനന്ദയുടെ മരണത്തില്‍ അസ്വഭാവികത സംശയിക്കപ്പെടുന്നതിനുള്ള ഘടകങ്ങള്‍ ഏറെയുണ്ട്. മൃതദേഹത്തിന്റെ നെറ്റിയില്‍ മുറിവുണ്ടായിരുന്നുവെന്നതാണ് ഒന്ന്. സ്വാമി പ്രകാശാനാന്ദയടക്കം പലരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുങ്ങിമരിച്ച ഒരാളുടെ നെറ്റിയില്‍ മുറിവിനുള്ള സാധ്യത വിരളമാണ്. സ്വാമിയുടെ സന്തതസഹചാരിയായിരുന്ന സാബു നുണപരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ നടത്തിയ നീക്കങ്ങളാണ് മറ്റൊന്ന്. സാബുവിനെ നുണപരിശോധനക്കു വിധേയനാക്കാന്‍ ഹൈക്കോടതി അന്വേഷണസംഘത്തിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍, സുപ്രീം കോടതിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന അഭിഭാഷകരെ വെച്ചു സാബു നുണ പരിശോധനയില്‍നിന്നും ഒഴിവാകുകയാണുണ്ടായത്. എന്ത് കൊണ്ടാണ് സാബു നുണ പരിശോധന ഭയപ്പെട്ടതെന്നതും സാമ്പത്തിക പരാധീനതയുള്ള സാബുവിനു സുപ്രീംകോടതിയില്‍ പോകാനുള്ള പണവും പിന്തുണയും നല്‍കിയതാരെന്ന കാര്യവും ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണ്. വെള്ളാപ്പള്ളി നടത്തിയ സാമ്പത്തിക ക്രമക്കേട്ടുകള്‍ ശാശ്വതീകാനന്ദക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും വെള്ളാപ്പള്ളിയെ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ ശാശ്വതീകാനന്ദ തീരുമാനിച്ചിരുന്നുവെന്നുമുള്ള എസ് എന്‍ ഡി പി ഡയറക്ടര്‍ ബോര്‍ഡ് മുന്‍മെമ്പര്‍ ഡോ. വിജയന്റെ വെളിപ്പെടുത്തലും ഇതോട് ചേര്‍ത്തുവായിക്കാകുന്നതാണ്.
അതേ സമയം ഒരു വ്യാഴവട്ടക്കാലത്തിലേറെ പഴക്കമുള്ള ഈ കേസ് ഇപ്പോള്‍ പൊടി തട്ടിയെടുത്തതിന് പിന്നില്‍ സത്യം പുറത്തുകൊണ്ട് വരാനുള്ള ത്വരയിലേറെ രാഷട്രീയ ലക്ഷ്യങ്ങളാണെന്ന ആരോപണവും തള്ളിക്കളയാകതല്ല. വെള്ളാപ്പള്ളി നടേശനും ബി ജെ പിയും തമ്മിലുള്ള രാഷ്ട്രീയ സഖ്യചര്‍ച്ച സജീവമായ സമയമാണിത്. ബി ജെ പി നേതൃത്വത്തില്‍ ഒരു വിഭാഗം മുമ്പേ ഈ സഖ്യനീക്കത്തെ അനുകൂലിക്കുന്നില്ല. വെള്ളാപ്പള്ളിയുമായുള്ള കൂട്ടുകെട്ട് പാര്‍ട്ടിക്ക് നേട്ടത്തിലുപരി കോട്ടമേ വരുത്തുകയുള്ളൂവെന്നാണിവരുടെ പക്ഷം. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് പുനരന്വേഷണത്തിന് തീരുമാനമാകുകയും സംഭവത്തില്‍ വെള്ളാപ്പള്ളിയുടെ പങ്ക് ചര്‍ച്ചാ വിഷയമാകുകയും ചെയ്താല്‍ ഈ വിഭാഗത്തിന് അത് ഊര്‍ജ്ജം പകരുകയും സഖ്യസാധ്യതക്ക് അത് മങ്ങലേല്‍പിക്കുകയും ചെയ്യും. കേസില്‍ സമഗ്രമായ പുരന്വേഷണം വേണമെന്ന ആവശ്യവുമായി ബി ജെ പി മുന്‍സംസ്ഥാന പ്രസിഡണ്ട് രംഗത്ത് വന്നത് ശ്രദ്ധേയകുമാണ്.
എങ്കിലും സ്വാമിയുടെ കുടുംബവും ശിവഗിരി മഠാധിപതിയും കെ പി സി സി അധ്യക്ഷനും സി പി എം നേതാക്കളുമെല്ലാം വീണ്ടും അന്വേഷണം ആവശ്യപ്പെടുകയും മുന്‍ അന്വേഷണത്തില്‍ വീഴ്ചകള്‍ സംഭവിച്ചതായി ആരോപണം ഉയരുകയും ചെയ്ത സാഹചര്യത്തില്‍ ദുരൂഹത നീക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ലോക്കല്‍ പോലീസും ക്രംബ്രാഞ്ചും എഴുതിത്തള്ളിയെന്നത് പുനരന്വേഷണാവശ്യത്തെ പാടേ നിരാകരിക്കുന്നതിന് ന്യായീകരണമല്ല. അത്തരം കേസുകള്‍ സമഗ്രമായ പുനഃരന്വേഷണത്തില്‍ കൊലപാകതമാണെന്ന് തെളിഞ്ഞ സംഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. കേരള പൊലീസ് ഒന്നിലേറെ തവണ അന്വേഷിച്ച കേസായതിനാല്‍ സിബിഐ അന്വേഷണമായിക്കും ഇക്കാര്യത്തില്‍ കൂടുതല്‍ ഉചിതവും വിശ്വാസ്യവും.