ആര്‍ക്കുവേണം, നിങ്ങളുടെ കൈത്തറി?

Posted on: October 14, 2015 5:07 am | Last updated: October 14, 2015 at 1:08 am
SHARE

രാഷ്ട്രീയക്കാര്‍ മുതല്‍ സാഹിത്യകാരന്‍മാര്‍ വരെ ആഢ്യത്വത്തോടെ അണിയുന്ന വസ്ത്രമാണ് കൈത്തറി. കൈത്തറി വസ്ത്രമണിഞ്ഞെത്തുന്നവര്‍ക്ക് ലഭിക്കുന്ന സ്വീകാര്യത നമ്മുടെ പരമ്പരാഗത വസ്ത്രമായ കൈത്തറിക്ക് അവകാശപ്പെട്ടതാണ്. സ്വന്തം കൈകൊണ്ട് നൂല്‍ നൂല്‍ത്ത് വസ്ത്രങ്ങള്‍ ധരിക്കണമെന്ന് ആഹ്വാനം ചെയ്ത മഹാത്മാ ഗാന്ധിക്ക് മുന്നില്‍ നാം അര്‍പ്പിക്കുന്ന പ്രണാമമാണ് കൈത്തറി വസ്ത്രങ്ങള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ പകലന്തിയോളം വിയര്‍പ്പൊഴുക്കി കൈത്തറി മേഖലയില്‍ ജോലി നോക്കുന്ന തൊഴിലാളികള്‍ക്ക് ഈ പ്രാമുഖ്യം ലഭിക്കുന്നുണ്ടോ? ഓണമുണ്ണാന്‍ മാത്രമാണ് പാവപ്പെട്ട കൈത്തറി തൊഴിലാളിയുടെ വിധി. ഓണക്കാലം മാത്രമാണ് കൈത്തറി വസ്ത്രങ്ങളുടെ സുവര്‍ണ കാലം. അതു കഴിഞ്ഞാല്‍ പിന്നെ കൈത്തറിയെ ആരും തിരിഞ്ഞു നോക്കാറില്ല. തൊഴിലാളികളുടെ ഉന്നമനത്തിനായി മാറിമാറി വരുന്ന സര്‍ക്കാറുകള്‍ പല പദ്ധതികളും ആവിഷ്‌കരിച്ചെങ്കിലും ഒന്നും ഫലപ്രമായി നടപ്പാക്കാനായിട്ടില്ല എന്നത് ഇന്ത്യയുടെ പരമ്പരാഗത തൊഴില്‍ ചെയ്യുന്ന പട്ടിണി പാവങ്ങള്‍ക്ക് തിരിച്ചടിയായി.
നാടിന്റെ സംസ്‌കാരം വിളിച്ചോതുന്ന മേഖലയെ കൈപിടിച്ചുയര്‍ത്താനുള്ള മുറവിളികള്‍ ഇന്നോ ഇന്നലയോ ഉയര്‍ന്നതല്ല, വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. അധികാരത്തിലേറുന്നതിനു മുമ്പ് ഭരണകര്‍ത്താക്കള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ അധികാരത്തിലേറിക്കഴിഞ്ഞാല്‍ വെള്ളത്തില്‍ വരച്ച വരപോലെ മായുന്നു. തത്സ്ഥിതി തുടര്‍ന്നാല്‍ ഈ മേഖലതന്നെ അപ്രത്യക്ഷമായേക്കുമോ എന്ന ഭയത്തിലാണ് ഈ രംഗത്തുള്ളവര്‍.
എറണാകുളം, ചേന്നമംഗലം, കൊല്ലം, കണ്ണൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് നിലവില്‍ കൈത്തറി വ്യവസായം നിലനില്‍ക്കുന്നത്. നൂലിന്റെ വില വര്‍ധനവും അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും വ്യാജന്‍മാരുടെ കടന്നുകയറ്റവുമെല്ലാം കൈത്തറി വ്യവസായത്തെ ബാധിച്ചിട്ടുണ്ട്. ഗുജറാത്ത്, മഹാരാഷ്ട്ര ലോബികളാണ് നൂലിന്റെ വില വര്‍ധനവിന് ഒരു പരിധിവരെ കാരണമായത്. നൂലിന്റെ അമിത വില ഉത്പാദനം കുറച്ചു. അതോടെ കയറ്റുമതി വരുമാനത്തിന്റെ ഗ്രാഫും താഴ്ന്നു. കൈത്തറി മേഖലയില്‍ ഇന്ത്യയുടെ മത്സരം പാകിസ്ഥാന്‍, ചൈന മാര്‍ക്കറ്റുകളോടാണ്. ഇതേ രാജ്യങ്ങളിലേക്കാണ് ഇന്ത്യ പരുത്തി കയറ്റുമതി ചെയ്യുന്നതും.
പ്രദേശിക സഹകരണ സംഘങ്ങളായിരുന്നു കൈത്തറി വ്യവസായത്തിന്റെ നിലനില്‍പ്പ്. എന്നാല്‍ സംഘങ്ങള്‍ക്ക് കീഴിലുള്ള തൊഴിലാളികള്‍ക്ക് യഥാസമയം നൂല്‍ എത്തിക്കാന്‍ കഴിയാതായതോടെ അതും പ്രതിസന്ധിയിലായിരിക്കുകയാണ്. വിപണി കണ്ടെത്തുന്നതിനും തൊഴിലാളികളെ സഹായിക്കുന്നത് സംഘങ്ങളാണ്. എന്നാല്‍ ഉത്പാദനം കുറഞ്ഞതോടെ ഇതിന്റെ ആവശ്യകതയില്ലാതായി. മാത്രമല്ല തൊഴിലാളികളില്‍ നിന്നും ശേഖരിച്ചവ പലതും സംഘങ്ങളില്‍ തന്നെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.
ഉത്സവകാലങ്ങളില്‍ മാത്രമാണ് സര്‍ക്കാര്‍ കൈത്തറി വിപണനത്തിന് പ്രാധാന്യം നല്‍കുന്നത്. അതും 20 ശതമാനം മാത്രം റിബേറ്റ് നല്‍കിക്കൊണ്ട്. റിബേറ്റിനത്തില്‍ കോടികള്‍ കുടിശ്ശിക ലഭിക്കാനുള്ളതുകൊണ്ട് സംഘങ്ങളെല്ലാം തന്നെ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഇനി ബേങ്ക് ലോണിനെ ആശ്രയിച്ചാല്‍ മാത്രമേ സംഘങ്ങള്‍ക്ക് നിവര്‍ന്നു നില്‍ക്കാനാകൂ. കണ്ണൂരിലെ സഹകരണ സംഘങ്ങള്‍ക്ക് മാത്രം എട്ട് കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. വിപണന മേളകള്‍ കഴിയുമ്പോള്‍ കൈത്തറി സഹകരണ സംഘങ്ങള്‍ വില്‍പ്പന സംബന്ധിച്ച കണക്ക് സര്‍ക്കാറിന് സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് റിബേറ്റ് തുക നല്‍കുന്നത്. കണക്കുകള്‍ കൃത്യമായി എല്ലാ വര്‍ഷവും വ്യവസായ വകുപ്പിനെ ഏല്‍പ്പിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ നാല് വര്‍ഷങ്ങളിലെ റിബേറ്റ് തുക നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നതാണ് മേഖലയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന്. കൈത്തറി സംഭരിച്ച വകയില്‍ ഹാന്‍ടെക്‌സ് പ്രഥമിക സംഘങ്ങള്‍ക്ക് അഞ്ച് കോടി രൂപയാണ് കിട്ടാനുള്ളത്.
മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സഹായം ലഭിക്കുമ്പോള്‍ ഇവിടെ അത് ലഭിക്കുന്നില്ല എന്നതാണ് മറ്റൊരു വെല്ലുവിളി. ഒരേ സമയത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സബ്‌സിഡി പാടില്ല എന്ന സര്‍ക്കാര്‍ നിര്‍ദേശമാണ് ഈ ആനുകൂല്യത്തിന് വിലങ്ങുതടിയായത്. വിപണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ക്കറ്റിംഗ് ഇന്‍സെന്റീവിസും ഇവര്‍ക്ക് ലഭിക്കുന്നില്ല. കൈത്തറി സംഘങ്ങളുടെ ഉത്പാദന ക്ഷമത കൂട്ടാനും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് മാര്‍ക്കറ്റിംഗ് ഇന്‍സന്റീവ്‌സ് നല്‍കേണ്ടത്. ഇത് നഷ്ടമാകുന്നതോടെ അടിസ്ഥാന സൗകര്യങ്ങള്‍ക്കും മറ്റും സ്വന്തം പോക്കറ്റില്‍ നിന്നോ കടം വാങ്ങിയോ ചെലവഴിക്കേണ്ടി വരുന്ന ദുര്‍സ്ഥിതിയാണുള്ളത്.
വ്യാജ കൈത്തറി ഉത്പന്നങ്ങളുടെ കടന്നു കയറ്റമാണ് മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. പവര്‍ലൂമില്‍ നെയ്യുന്ന തുണിത്തരങ്ങള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നാണ് കടന്നുകയറ്റം ആരംഭിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ കൈത്തറി മാര്‍ക്കുള്ള തുണിത്തരങ്ങള്‍ക്ക് മാത്രമേ നിയമപ്രകാരം കൈത്തറി എന്ന പേരില്‍ വില്‍ക്കാന്‍ പാടുള്ളൂ എന്നിരിക്കെയാണ് വ്യാജന്‍മാര്‍ക്ക് കുട പിടിക്കാന്‍ ഉദ്യോഗസ്ഥരും കൂട്ടു നില്‍ക്കുന്നത്. ഓണക്കാലത്ത് പോലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വഴി അംഗീകൃത മുദ്രയില്ലാത്ത വ്യാജ കൈത്തറി വസ്ത്രങ്ങള്‍ വിറ്റഴിയുന്നുണ്ട്. ചെക്ക് പോസ്റ്റുകളിലൂടെ യാതൊരു തടസ്സവുമില്ലാതെയാണ് വ്യാജന്‍മാര്‍ ഒഴുകിയെത്തുന്നത്. വിപണിയില്‍ പരിശോധന നടത്താന്‍ സംവിധാനമില്ലാത്തതാണ് ഏറ്റവും വലിയ തിരിച്ചടി. കൈത്തറി എന്‍ഫോഴ്‌സ്‌മെന്റ് മാത്രമാണ് നിലവിലുള്ള ഏക പരിശോധനാ സംവിധാനം. ഇവരെ ഉപയോഗിച്ച് കേരളത്തിലെ ഉത്പാദന കേന്ദ്രങ്ങളില്‍ വ്യാജന്‍ ഉത്പാദിപ്പിക്കുന്നുണ്ടോയെന്ന് മാത്രമേ പരിശോധിക്കാന്‍ കഴിയൂ. ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കുകയും വില്‍പ്പന കേന്ദ്രങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡുകള്‍ നടത്തുകയും പവര്‍ലൂം ഹാന്‍ഡ്‌ലൂം എന്നിവക്ക് പ്രത്യേക സര്‍ട്ടിഫിക്കേഷന്‍ നടത്തുകയും മാത്രമാണ് വ്യാജന്‍മാരെ തടയാനുള്ള ഏക പോംവഴി.
കൈത്തറി മേഖലയെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സ്‌കൂള്‍ വിദ്യാര്‍ഥികളും ആഴ്ചയില്‍ ഒരു ദിവസം കൈത്തറി വസ്ത്രങ്ങള്‍ ധരിക്കണമെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയെങ്കിലും അത് ഫലപ്രദമായി നടപ്പാക്കാന്‍ കഴിഞ്ഞില്ല. നാല് വര്‍ഷമായി വ്യവസായ വകുപ്പിന് കീഴിലുള്ള കൈത്തറി അഡൈ്വസറി കമ്മിറ്റി കൂടിയിട്ടില്ല. കൈത്തറി മേഖലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് ഇതില്‍ നിന്നും വ്യക്തമാണ്.
ഈ മേഖലയിലെ തൊഴിലാളികള്‍ നേരിടുന്ന പ്രശ്ങ്ങള്‍ നിരവധിയാണ്. കൈത്തറി രംഗത്തെ തൊഴിലാളിക്ക് ലഭിക്കുന്ന ശരാശരി വാര്‍ഷിക വരുമാനം 27,787 രൂപ മാത്രമാണ്. ഈ മേഖലയിലെ തൊഴിലാളികള്‍ ഭൂരിപക്ഷവും വനിതകളാണ്. ഒരു തൊഴിലാളിക്ക് ശരാശരി 200 രൂപ മുതല്‍ 500 രൂപ വരെയാണ് കൂലി. വര്‍ഷത്തില്‍ 237 ദിവസമാണ് ശരാശരി തൊഴില്‍ ലഭിക്കുക. ഭൂരിഭാഗം സൊസൈറ്റികളിലും വിദഗ്ധതൊഴിലാളികളുടെ കുറവുണ്ട്. ആയാസമുള്ള ജോലിയുമായി താരതമ്യപ്പെടുത്തുമ്പോഴത്തെ കുറഞ്ഞവേതനമാണ് ഇതിന് കാരണം. ഭൂരിഭാഗം സൊസൈറ്റികളും വീടുകളിലെ നെയ്ത്ത് യൂനിറ്റുകളുടെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. 13 ശതമാനം സൊസൈറ്റികള്‍ വനിതകളാണ് മുന്നോട്ടു കൊണ്ടുപോകുന്നത്.
86 ശതമാനം സൊസൈറ്റികള്‍ക്കും ഹാന്‍ടെക്‌സില്‍ നിന്നും ഹാന്‍ഡ്‌ലൂമില്‍ നിന്നും കുടിശ്ശിക ലഭിക്കാനുണ്ട്. 50 ലക്ഷം രൂപ വരെ കുടിശ്ശിക ലഭിക്കാനുള്ളവരുണ്ട്. 93 ശതമാനം സൊസൈറ്റികളും ബാങ്കുകളില്‍ നിന്നും വായ്പയെടുത്താണ് പ്രവര്‍ത്തന മൂലധനം സ്വരൂപിക്കുന്നത്.
ഷോറൂമുകളും ചില്ലറ വില്‍പന കേന്ദ്രങ്ങളും ആധുനീകരിക്കല്‍, വില്‍പന വര്‍ധിപ്പിക്കുന്നതിന് കണ്‍സോര്‍ഷ്യം രൂപവത്കരണം, ഭാഗികയന്ത്രവത്കരണം, ഏകീകൃത കൂലി നിശ്ചയിക്കല്‍ നല്ല ജോലി സ്ഥലങ്ങള്‍ സജ്ജമാക്കല്‍, ഡൈയിങ്ങിനും ഡിസൈനും വിപുലമായ സംവിധാനം ഏര്‍പ്പെടുത്തല്‍, കൂലി കൃത്യസമയത്ത് നല്‍കല്‍, കൈത്തറി വസ്ത്രങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, വ്യാജ കൈത്തറികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കല്‍, കൈത്തറി മേഖലയെ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, ഓരോ റിബേറ്റ് സീസണും കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ റിബേറ്റ് തുക അനുവദിക്കല്‍ തുടങ്ങി പലവിധ നിര്‍ദേശങ്ങളാണ് തൊഴിലാളികള്‍ തന്നെ സര്‍ക്കാറിന് മുന്നില്‍ വെക്കുന്നത്.
ദിവസം മുഴുവന്‍ ഒപ്പം നെഞ്ചോട് ഒട്ടിച്ചേര്‍ന്ന് കിടക്കുന്ന കൈത്തറി വസ്ത്രങ്ങള്‍ അണിയുമ്പോഴെങ്കിലും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് പട്ടിണി പാവങ്ങളുടെ തഴമ്പിച്ച കരങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ ഭരണാധികാരികള്‍ തയ്യാറായാല്‍ പ്രതാപകാല സ്മാരകങ്ങള്‍ മാത്രമായി തറിയും നൂല്‍നൂല്‍പ്പ് കേന്ദ്രങ്ങളും അവസാനിക്കാതിരിക്കും.