സ്‌കോളര്‍ഷിപ്പ് മുടക്കം:പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് എസ് എസ് എഫ്

Posted on: October 14, 2015 5:45 am | Last updated: October 13, 2015 at 9:49 pm
SHARE

ssf flagകാസര്‍കോട്: കേരളത്തിലെ അറുപതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ ഇപ്രാവശ്യം മുടങ്ങുമെന്ന് ആശങ്കയില്‍ സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ രംഗത്ത്.
സാങ്കേതികപ്രശ്‌നം മൂലം കേന്ദ്രസര്‍ക്കാരിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ വിദ്യാര്‍ഥികള്‍ക്ക് പുതുക്കല്‍ അപേക്ഷ നല്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തില്‍ പതിനൊന്നാം ക്ലാസ് മുതല്‍ എം ഫില്‍ വരെ പഠിക്കുന്ന മുസ്‌ലിം, ക്രിസ്ത്യന്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് നല്കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിനുള്ള അപേക്ഷ പ്രതിസന്ധിയിലായതിനെതിരെ എസ് എസ് എഫ് ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു.
പത്താംക്ലാസ് മുതല്‍ 50 ശതമാനം മാര്‍ക്ക് നേടിയ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ സ്‌കോളര്‍ഷിനര്‍ഹരാണ്. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് വര്‍ഷത്തില്‍ 2400 രൂപ വീതവും ഡിഗ്രി പിജി വിദ്യാര്‍ഥികള്‍ക്ക് മൂവായിരം രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ്. കൂടാതെ, ഫീസ്, ഹോസ്റ്റല്‍ എന്നീ ഇനങ്ങളിലായി നിശ്ചിത തുകയും ലഭിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം വരെ കേരള കോളേജ് വിദ്യാഭ്യാസവകുപ്പിന്റെ പോര്‍ട്ടലിലായിരുന്നു അപേക്ഷ നല്‌കേണ്ടിയിരുന്നത്.
എന്നാല്‍ ഇപ്രാവശ്യം കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടലില്‍ നേരിട്ട് അപേക്ഷിക്കണമെന്ന നിബന്ധന വന്നതോടെ ഡാറ്റാ മാറ്റിയപ്പോഴുള്ള പിഴവാണ് പ്രശ്‌നത്തിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഇതൊരു ന്യായവാദമല്ലെന്ന് എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാര്‍ പറഞ്ഞു.
ഇപ്രാവശ്യം പതിനൊന്നാം ക്ലാസില്‍ പ്രവേശനം നേടിയവര്‍ക്ക് അപേക്ഷ നല്‍കാന്‍ കഴിയുന്നുണ്ട്. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്‌കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ അപേക്ഷ പുതുക്കണം. കേന്ദ്രസര്‍ക്കാറിന്റെ www.scholarships.gov.in എന്ന പോര്‍ട്ടലില്‍ അപേക്ഷ പുതുക്കാന്‍ കഴിയാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം.
ഇതുമൂലം 12ാം ക്ലാസ് മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാന്‍ കഴിയുന്നില്ല. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 15 നാണ്.