പോര് മുറുകി; ലീഗ് ജില്ലാകമ്മിറ്റി അംഗവും ഭാര്യയും പാര്‍ട്ടി വിട്ടു

Posted on: October 14, 2015 5:34 am | Last updated: October 13, 2015 at 9:34 pm
SHARE

കാസര്‍കോട്: സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം മുസ്‌ലിം ലീഗില്‍ രൂക്ഷമാകുന്നതിനിടെ ജില്ലാകമ്മിറ്റി അംഗവും ഭാര്യയും പാര്‍ട്ടി വിട്ടു. ലീഗ് ജില്ലാ കമ്മിറ്റിയംഗം പി ബി അഹ്മദും ഭാര്യയും ജില്ലാ പഞ്ചായത്ത് അംഗവുമായ നസീമ അഹമ്മദുമാണ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. രാജിക്കത്ത് പാര്‍ട്ടി ജില്ലാ പ്രസിഡന്റിന് നല്‍കിയതായാണ് വിവരം.
ലീഗ് നേതൃത്വത്തിന്റെ നയ സമീപനങ്ങളില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് അദ്ദേഹം നല്‍കിയ രാജിക്കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അതേസമയം സ്ഥാനാര്‍ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് രാജിക്ക് കാരണമെന്നാണ് സൂചന.
അഹമ്മദ് ഇടതുമുന്നണിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനാണ് സാധ്യത. നസീമ ഇപ്പോള്‍ ജില്ലാ പഞ്ചായത്തില്‍ പ്രതിനിധീകരിക്കുന്ന ചെങ്കള ഡിവിഷനില്‍ തന്നെ മത്സരിക്കും. നേരത്തെ ഐ എന്‍ എല്‍ ജില്ലാ ട്രഷററായിരുന്ന പി ബി അഹ്മദ് അഞ്ച് വര്‍ഷം മുമ്പാണ് ലീഗില്‍ ചേര്‍ന്നത്. മഞ്ചേശ്വരം എം എല്‍ എ. പി ബി അബ്ദുര്‍റസാഖിന്റെ സഹോദരനാണ് പി ബി അഹ്മദ്. ചെങ്കള പഞ്ചായത്തില്‍ ശക്തമായ സ്വാധീനമുള്ള പി ബി അഹ്മദിന്റെ രാജി ലീഗിന് തിരഞ്ഞെടുപ്പില്‍ ദോഷംചെയ്യുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നത്.