Connect with us

Kasargod

ജനതാദള്‍ (യു) വിന് നല്‍കിയ കരിന്തളത്ത് ആര്‍ എസ് പി മത്സരിക്കും

Published

|

Last Updated

തൃക്കരിപ്പൂര്‍: യുഡിഎഫില്‍ ജില്ലാ പഞ്ചായത്ത് സീറ്റ് തര്‍ക്കം വഴിത്തിരിവില്‍. ജനത ദളിന് നല്‍കിയ സീറ്റില്‍ ആര്‍ എസ് പി മത്സരിക്കാന്‍ നീക്കം.
യു ഡിഎഫ് ജില്ലാ നേതൃയോഗത്തില്‍ ആര്‍ എസ് പി ആവശ്യപ്പെട്ട കരിന്തളം ഡിവിഷന്‍ വിട്ടു കൊടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജനതാദള്‍ മത്സരിക്കുന്ന കരിന്തളം ജില്ലാ ഡിവിഷന്‍ ഉള്‍പ്പെടെ ഏഴു സീറ്റിലേക്ക് ഇന്ന് ആര്‍ എസ് പി സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിക്കുവാന്‍ ഒരുങ്ങുന്നത്. കരിന്തളം ഡിവിഷനില്‍ ആര്‍ എസ് പി ജില്ലാ സെക്രട്ടേറിയറ്റ് അംഗവും യുവജന വിഭാഗമായ ആര്‍ വൈ എഫ് സംസ്ഥാന സെക്രട്ടറിയുമായ സി എ കരീംചന്തേര ഇന്ന് രാവിലെ കളക്ട്രേറ്റില്‍ എത്തി പത്രിക സമര്‍പ്പിക്കും. ഇന്നലെ ഉച്ചക്ക് കാഞ്ഞങ്ങാട് ബേബി ജോണ്‍ സെന്ററില്‍ ചേര്‍ന്ന അടിയന്തിര സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
ജില്ലാ പഞ്ചായത്തിനൊപ്പം ആറ് ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും യു ഡി എഫ് നിശ്ചയിച്ചതില്‍ കൂടുതലായി പത്രിക സമര്‍പ്പിക്കും. യു ഡി എഫ് നേതൃത്വവുമായി നേരത്തെ ധാരണയിലായ കാസര്‍കോട് മുന്‍സിപ്പാലിറ്റിയിലെ ആറാം വാര്‍ഡിലും സിറ്റിംഗ് സീറ്റായ കുറ്റിക്കോല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലും ഇതിനകം പത്രിക സമര്‍പ്പിച്ചിട്ടുണ്ട്. യു ഡി എഫിന് തലവേദനയാക്കി ഈ സീറ്റുകള്‍ക്ക് പുറമെയാണ് ഘടക കക്ഷിയായ ആര്‍ എസ് പി മത്സരത്തിന് ഇറങ്ങുന്നത്. ആര്‍ എസ് പിക്ക് വേരോട്ടമുള്ള പുത്തിഗെ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡായ കണ്ണൂര്‍, എട്ടാം വാര്‍ഡ് സീതാംഗോളി എന്നിവിടങ്ങളിലും കൊടോംബേളൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡ് ചുള്ളിക്കര, പതിനൊന്നാം വാര്‍ഡായ ആനപ്പെട്ടി, ഉദുമ പഞ്ചായത്തിലെ ഏഴാം വാര്‍ഡായ നാലാം വാതുക്കല്‍, ചെമ്മനാട് പഞ്ചായത്തിലെ ചെമ്പിരിക്ക പത്തൊമ്പതാം വാര്‍ഡിലുമാണ് ആര്‍ എസ് പി മത്സരിക്കുക. കാഞ്ഞങ്ങാട് ജില്ലാ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ കരിവെള്ളൂര്‍ വിജയന്‍ അധ്യക്ഷനായിരുന്നു.
ജില്ലാ സെക്രട്ടറി പി സി രാജേന്ദ്രന്‍, ഹരീഷ് പി നമ്പ്യാര്‍, കരിന്തളം വിജയന്‍, ബി ബാലകൃഷ്ണന്‍ നമ്പ്യാര്‍, സി എ കരീം ചന്തേര, ബെന്നി നാഗമറ്റം, സികെ ലക്ഷമണന്‍ നമ്പ്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. ആര്‍ എസ് പി യുടെ ഈ തീരുമാനത്തോടെ യു ഡി എഫില്‍ വീണ്ടും കലഹത്തിന് വഴിവച്ചു. യു ഡി എഫ് ധാരണ പ്രകാരം ജനതാദള്‍(യു) വിന് നല്‍കിയ സീറ്റാണ് കരിന്തളം. ഇവിടെ യുഡി എഫിലെ മറ്റൊരു ഘടക കക്ഷി പത്രിക നല്‍കുന്നതോടെ യു ഡി എഫ് ജില്ലാ നേതൃത്വത്തിന് തലവേദനയാകും.

Latest