Connect with us

Kasargod

മംഗളൂരു കൊലപാതകം: വിഘടിത കള്ളപ്രചാരണം പൊളിഞ്ഞു

Published

|

Last Updated

മംഗളൂരു: ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ട സംഭവം സുന്നികളുടെ തലയില്‍ കെട്ടിവെച്ച് സംഘടനാ മുതലെടുപ്പ് നടത്താനുള്ള വിഘടിതരുടെ ശ്രമം പൊളിഞ്ഞു. ഒരാഴ്ച മുമ്പ് നടന്ന, മംഗളൂരു അംബിഗാ നഗറിലെ ഹസന്‍ ഹബ്ബയുടെ മകന്‍ മുഹമ്മദ് (55)ന്റെ കൊലപാതകമാണ് സുന്നികളുടെ തലയില്‍ കെട്ടിവെക്കാന്‍ ചേളാരി വിഭാഗം ഹീനശ്രമം നടത്തിയത്.
“കാന്തപുരം പ്രവര്‍ത്തകരുടെ അക്രമം, മധ്യവയസ്‌കന്‍ കൊല്ലപ്പെട്ടു” എന്ന തലക്കെട്ടില്‍ ഇന്നലെയാണ് ചേളാരി പത്രം വാര്‍ത്ത നല്‍കിയത്. പള്ളിക്ക് വേണ്ടി ദാനം നല്‍കിയ സ്ഥലം കൈയേറി എസ് എസ് എഫ് ഓഫീസ് നിര്‍മിക്കുന്നത് ചോദ്യം ചെയ്തതിനാണ് മുഹമ്മദിനെ കഴിഞ്ഞ ദിവസം രാത്രി കൊലപ്പെടുത്തിയത് എന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. ഒരാഴ്ച മുമ്പ് നടന്ന കൊലപാതകത്തിന്റെ വാര്‍ത്ത തൊട്ടടുത്ത ദിവസം നടന്നുവെന്ന രൂപേണ പത്രം വളച്ചൊടിക്കുകയായിരുന്നു. സംഭവം നടന്നതിന് പിറ്റെ ദിവസം തന്നെ മറ്റ് പത്രങ്ങളിലെല്ലാം ഈ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞപ്പോഴാണ് കൊലപാതകം സുന്നികളുടെ തലയില്‍ കെട്ടിവെച്ച് സംഘടനാ മുതലെടുപ്പ് നടത്താമെന്ന വ്യാമോഹം വിഘടിത കുബുദ്ധിയില്‍ ഉദിക്കുന്നത്.
കൊലപാതകത്തിന് പള്ളിയുടെ സ്ഥലവുമായോ എസ് എസ് എഫ് ഓഫീസുമായോ യാതൊരു ബന്ധവുമില്ല. റോഡ് സംബന്ധമായ പ്രശ്‌നമാണ് കൊലക്ക് കാരണമായത്. സ്വത്തുബ്രോക്കറായ മുഹമ്മദും അയല്‍വാസികളും ബന്ധുക്കളുമായ അബ്ദുന്നാസര്‍, ഇമ്രാന്‍, കലന്തര്‍ ശാഫി എന്നിവരും തമ്മില്‍ റോഡുനിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കുറച്ചുകാലമായി തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പേരില്‍ മുഹമ്മദ് പൊതുവഴി തടസ്സപ്പെടുത്തുകയും കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി നാസര്‍ അടക്കമുള്ളവരെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ കാവൂര്‍ അംബികാനഗരിയിലെ അബ്ദുന്നാസര്‍, ഇമ്രാന്‍, കലന്തര്‍ ശാഫി എന്നിവര്‍ റിമാന്‍ഡിലാണ്. വ്യാജവാര്‍ത്ത വന്നത് ചേളാരി വിഭാഗത്തില്‍ തന്നെ മുറുമുറുപ്പിന് ഇടയാക്കിയിട്ടുണ്ട്.

Latest