കുട്ടികള്‍ സ്‌കേറ്റ് ബോര്‍ഡുമായി റോഡിലിറങ്ങുന്നതിനെതിരെ പോലീസ്

Posted on: October 13, 2015 6:41 pm | Last updated: October 13, 2015 at 9:31 pm
SHARE

????????????????????????????????????

അബുദാബി: സ്‌കേറ്റ് ബോര്‍ഡുകളുമായി കുട്ടികള്‍ പൊതുനിരത്തുകളിലിറങ്ങുന്നതിനെതിരെ രക്ഷിതാക്കള്‍ക്ക് അബുദാബി പോലീസിന്റെ മുന്നറിയിപ്പ്. കളി ഉപകരണമെന്ന നിലയിലാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് സ്‌കേറ്റ് ബോര്‍ഡുകള്‍ വാങ്ങിച്ചുകൊടുക്കുന്നത്. ഇതുപയോഗിച്ച് അപകടരഹിതമായി കളിക്കാന്‍ സൗകര്യപ്രദമായ പാര്‍ക്കുകള്‍ പോലെയുള്ള സ്ഥലങ്ങളും രക്ഷിതാക്കള്‍ നിര്‍ദേശിച്ചുകൊടുക്കണം.
ഇത്തരം ഉപകരണങ്ങളുമായി കുട്ടികള്‍ അനിയന്ത്രിതമായി പൊതുനിരത്തുകളിലേക്കും മറ്റും ഇറങ്ങുന്നത് രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നാണ് അബുദാബി പോലീസ് മുന്നറിയിപ്പില്‍ പറയുന്നത്. പൊതുനിരത്തിലും അവയുടെ ഫുട്പാത്തിലൂടെയും കുട്ടികള്‍ സ്‌കേറ്റ് ബോര്‍ഡില്‍ സഞ്ചരിക്കുന്നത് അപകടം വിളിച്ചുവരുത്തും, അബുദാബി പോലീസിലെ ട്രാഫിക് വിഭാഗം പബ്ലിക് റിലേഷന്‍ തലവന്‍ കേണല്‍ ജമാല്‍ സാലിം അല്‍ ആമിരി പറഞ്ഞു.
വാഹനങ്ങള്‍ക്കിടയിലൂടെ ചില കുട്ടികള്‍ ഇവയുപയോഗിച്ച് സഞ്ചരിക്കുന്നത് ഏറെ അപകടകരമാണ്, അല്‍ ആമിരി മുന്നറിയിപ്പ് നല്‍കി.
ഇതുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ ബോധവത്കരണത്തിന്റെ ഭാഗമായി പ്രത്യേക പരിപാടികള്‍ക്ക് പോലീസ് നേതൃത്വം നല്‍കി. പ്രത്യേക ലഘുലേഖകളും ബുക്‌ലെറ്റുകളും വിതരണം ചെയ്തു.
കുട്ടികള്‍ക്ക് നേരമ്പോക്കിനും വിനോദത്തിനും നല്‍കുന്ന സൗകര്യങ്ങള്‍ അപകടങ്ങളില്‍ കലാശിക്കുന്നതാകാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.