Connect with us

Ongoing News

കൊല്‍ക്കത്തയില്‍ കൊമ്പന്‍മാര്‍ ഇറങ്ങുന്നു

Published

|

Last Updated

കൊല്‍ക്കത്ത: പെലെയെ സാക്ഷിയാക്കി ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ പ്രഥമ ഫൈനലിസ്റ്റുകള്‍ ഇന്ന് വീണ്ടും നേര്‍ക്കുനേര്‍. നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സും ഐ എസ് എല്‍ രണ്ടാം സീസണിലും കരുത്തറിയിച്ചാണ് മുന്നേറുന്നത്. രണ്ട് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കൊല്‍ക്കത്തയും കേരളവും ഒരു ജയവും സമനിലയുമായി പോയിന്റ് പട്ടികയില്‍ മുന്‍നിരയിലുണ്ട്.
ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയിന്‍എഫ് സിക്കെതിരെ വിജയിച്ച അത്‌ലറ്റിക്കോ രണ്ടാം മത്സരത്തില്‍ എഫ് സി ഗോവക്കെതിരെ സമനിലയായി. ബ്ലാസ്റ്റേഴ്‌സും തുടക്കം മോശമാക്കിയില്ല. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഹോം മാച്ചില്‍ മുംബൈ സിറ്റി എഫ് സിയോട് ഗോള്‍രഹിത സമനിലയായി.
അത്‌ലറ്റിക്കോക്ക് തിരിച്ചടിയായി ആദ്യ കളിയില്‍ ഇരട്ട ഗോളുകളോടെ മിന്നിയ മാര്‍ക്വു താരം ഹെല്‍ഡര്‍ പോസ്റ്റിഗയുടെ പരുക്കാണ്. നാട്ടിലേക്ക് മടങ്ങിയ പോസ്റ്റിഗയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് കൊല്‍ക്കത്തന്‍ നിര. ഗോവക്കെതിരെ മുന്നേറ്റനിര പാളിയപ്പോള്‍ പോസ്റ്റിഗയുടെ അസാന്നിധ്യം പ്രകടമായി. ബ്ലാസ്റ്റേഴ്‌സാകട്ടെ ആദ്യ കളിയില്‍ മികച്ച ലൈനപ്പുമായിറങ്ങിയെങ്കിലും രണ്ടാം കളിയില്‍ പരീക്ഷണത്തിന് മുതിര്‍ന്നപ്പോള്‍ പാളി. മുഹമ്മദ് റാഫിയും ജോസുവും അറ്റാക്കിംഗില്‍ നിന്ന് മാറി നിന്നപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലറിന് അവര്‍ക്ക് പകരക്കാരെ കണ്ടെത്താനായില്ല. കൊല്‍ക്കത്തക്കെതിരെ റാഫിയും ജോസുവും ആദ്യ ഇലവനില്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കാം.
മിഡ്ഫീല്‍ഡര്‍ ബല്‍ജിത് സാഹ്നിക്ക് എതിരാളിയെ ഇടിച്ചതിനുള്ള വിലക്ക് കാരണം ഇന്ന് കളത്തിലിറങ്ങാനാകില്ല. അഞ്ച് ലക്ഷം രൂപയും താരത്തിന് പിഴയിട്ടിരുന്നു. നിലമറന്ന പെരുമാറ്റത്തെ തുടര്‍ന്ന് കൊല്‍ക്കത്ത കോച്ച് അന്റോണിയോ ലോപസ് ഹബാസിന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി അമ്പതിനായിരം രൂപ പിഴയിട്ടു.
ഗോള്‍ കീപ്പര്‍ സ്റ്റീഫന്‍ ബൈവാട്ടറിന്റെ ഫോമാണ് ബ്ലാസ്റ്റേഴ്‌സിന് കരുത്ത്. പ്രതിരോധത്തില്‍ ക്യാപ്റ്റന്‍ പീറ്റര്‍ റമഗെയും ബ്രൂണോ പെറോണും മാര്‍ക് വില്യംസും മികച്ച ഫോമില്‍. മിഡ്ഫീല്‍ഡിലേക്ക് കയറിക്കളിക്കുമ്പോഴും പെറോണും വില്യംസും മികവറിയിക്കുന്നു.
കളി കാണാന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയ്‌ക്കൊപ്പം കേരളാ ബ്ലാസ്റ്റേഴ്‌സ് ടീമുടമ സച്ചിന്‍ ടെണ്ടുല്‍ക്കറും എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയാണെങ്കില്‍ ഫുട്‌ബോള്‍ ഇതിഹാസവും ക്രിക്കറ്റ് ഇതിഹാസവും ഒരുമിക്കുന്ന അപൂര്‍വ കാഴ്ചയ്ക്കും കൊല്‍ക്കത്ത വേദിയാകും.

---- facebook comment plugin here -----

Latest