Connect with us

Wayanad

അവഗണനയിലും പട്ടിണിയിലും തളരാതെ തൊഴിലാളികള്‍; നേതാക്കള്‍ റിലേ നിരാഹാര സമരം തുടങ്ങി

Published

|

Last Updated

കല്‍പ്പറ്റ: സര്‍ക്കാര്‍ അവഗണനയിലും പട്ടിണിയിലും തളരാതെ തോട്ടം തൊഴിലാളികളുടെ സമര പോരാട്ടം തുടരുന്നു. സമരത്തിന് തീക്ഷ്ണതയേകി ഇന്നലെ മുതല്‍ തൊഴിലാളി യൂനിയന്‍ നേതാക്കള്‍ നിരാഹാര സമരം തുടങ്ങി. വടക്കേ വയനാട്ടില്‍ വില്ലേജ് ഓഫീസുകള്‍ ഉപരോധിച്ച് തോട്ടം തൊഴിലാളികള്‍ സമരത്തിന് കരുത്ത് കൂട്ടി.
പട്ടിണിയും പരാധീനതയിലും ഒട്ടും തളരാതെ തുടരുകയാണ് അതിജീവനത്തിനായുള്ള തോട്ടം തൊഴിലാളികളുടെ സഹനസമരം.
നാളിത് വരെ വയനാടന്‍ തോട്ടം മേഖലയില്‍ ഇത്രവലിയ സമരം അരങ്ങേറിയിട്ടില്ല. അര്‍ഹതപ്പെട്ട അവകാശത്തിനായി തൊഴിലാളികള്‍ ഒന്നടങ്കം പൊരുതുകയാണ് തൊഴിലാളികള്‍. കൂലി വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ മാസം 28 മുതല്‍ തുടങ്ങിയ അനിശ്ചിതകാല പണിമുടക്ക് തോട്ടം മേഖലയപ്പാടെ നിശ്ചലമാക്കി പുരോഗമിക്കുകയാണ്. നിരത്തുകളില്‍ ഉപരോധമേര്‍പ്പെടുത്തി സര്‍ക്കാരിന്റെയും മാനേജ്‌മെന്റിന്റെയും അവഗണനക്ക് കനത്ത താക്കീത് നല്‍കിയ പോരാട്ടം ഇപ്പോള്‍ പട്ടിണിസമരത്തിന്റെ പാതയിലെത്തിക്കഴിഞ്ഞു. ജില്ലയില്‍ മേപ്പാടി, താഴെ അരപ്പറ്റ, ചൂരല്‍മല, ചുണ്ടേല്‍, പൊഴുതന എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് തിരഞ്ഞെടുക്കപ്പെട്ട വിവിധ യൂണിയനുകളിലെ നേതാക്കള്‍ റിലേ നിരാഹാരമിരിക്കുന്നത്. മേപ്പാടിയില്‍ പതിനാറ് പേരും, അരപ്പറ്റയില്‍ ആറ് പേരും, ചൂരല്‍മലയില്‍ ഒമ്പത് പേരും, പൊഴുതനയില്‍ ആറ് പേരും, ചുണ്ടേലില്‍ പത്ത് പേരും ഉള്‍പ്പെടെ നാല്‍പ്പത്തിയേഴ് നേതാക്കളാണ് ആദ്യദിനം നിരാഹാരമിരുന്നത്. ഐക്യട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ മേപ്പാടി ടൗണില്‍ സമരം ലീഗ് ജില്ലാ പ്രസിഡന്റ് പി പി എ കരീം ഉദ്ഘാടനം ചെയ്തു. കെ സെയ്തലവി അധ്യക്ഷത വഹിച്ചു. ബി സുരേഷ് ബാബു, ടി ഹംസ, പി കോമു, എ ബാലചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മേലേ അരപ്പറ്റയില്‍ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ അധ്യക്ഷത വഹിച്ചു. എന്‍ വേണുഗോപാല്‍,ഷംസുദ്ദീന്‍ അരപ്പറ്റ, യു കരുണന്‍, പിവി കുഞ്ഞിമുഹമ്മദ്, സിപി രാജീവന്‍, വി യൂസഫ് തുടങ്ങിയവര്‍ സംസാരിച്ചു. ചൂരല്‍മലയില്‍ എ ഐ ടി യുസി ജില്ലാ സെക്രട്ടറി പികെ മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എഎം ഹംസ, ലത്തീഫ്, പിവി സുരേഷ്, പ്രശാന്ത് തുടങ്ങിയവര്‍ സംസാരിച്ചു. ചുണ്ടേലില്‍ ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി പി കെ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്‍ഒ ദേവസി അധ്യക്ഷത വഹിച്ചു. കെ തോമസ്, എസ് രവി തുടങ്ങിയവര്‍ സംസാരിച്ചു. പൊഴുതനയില്‍ വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍ സി ഐ ടി യു നേതാവ് പി ഗാഗാറിന്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്ള അധ്യക്ഷത വഹിച്ചു. എംഎം ജോസ്, എന്‍സി പ്രസാദ്, എല്‍സി കുഞ്ഞുമുഹമ്മദ്, പി ആലി മമ്മു, സി മമ്മി, കെ പി സെയ്ത്, കാതിരി നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വടക്കേവയനാട്ടില്‍ അനിശ്ചിതകാല പണിമുടക്കിന്റെ പന്ത്രണ്ടാം ദിവസമായ ഇന്നലെ തവിഞ്ഞാല്‍, മാനന്തവാടി, കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസുകള്‍ ഉപരോധിച്ചു. തേറ്റമല, തവിഞ്ഞാല്‍ 44, തലപ്പുഴ, ജെസി, ചിറക്കര എസ്റ്റേറ്റ് ഓഫീസുകളിലെ തൊഴിലാളികളാണ് വില്ലേജ് ഓഫീസുകള്‍ ഉപരോധിച്ചത്.
തവിഞ്ഞാല്‍ വില്ലേജ് ഓഫീസ് ഉപരോധം എസ് ടി യു നേതാവ് എം എസ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഡി യേശുദാസ് അധ്യക്ഷത വഹിച്ചു. പി വാസു, സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മാനന്തവാടി വില്ലേജ് ഓഫീസ് ഉപരോധം എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ കെ വി മോഹനന്‍ ഉദ്ഘാടനം ചെയ്തു. വിഎം ജോസ് അധ്യക്ഷത വഹിച്ചു. മൊയ്തീന്‍കുട്ടി, കെപി രവീന്ദ്രന്‍, എന്‍സി അബ്ദുര്‍റഹ്മന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കാഞ്ഞിരങ്ങാട് വില്ലേജ് ഓഫീസ് ഉപരോധം കോമു ഉദ്ഘാടനം ചെയ്തു. എന്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. രവീന്ദ്രന്‍, ആലി,അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെ ചേബറില്‍ ഉച്ച തിരിഞ്ഞ് മൂന്നരമണിക്ക് ചേരുന്ന പതിനൊന്നാമത് പി എല്‍ സി യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് തോട്ടം തൊഴിലാളികള്‍. ഈ ചര്‍ച്ചയിലും കൂലി വര്‍ധന അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ സമരം വയനാട്ടിലും വലിയ തോതില്‍ ശക്തി പ്രാപിക്കുമെന്നാണ് ഐക്യ ട്രേഡ് യൂണിയന്‍ നല്‍കുന്ന സൂചന. ചര്‍ച്ച വീണ്ടും പരാജയപ്പെട്ടാല്‍ വടക്കേ വയനാട്ടില്‍ പതിനാലാം തിയതി മുതല്‍ മാനന്തവാടി താലൂക്ക് ഓഫീസ് അനിശ്ചിതകാലത്തേക്ക് ഉപരോധിക്കാനാണ് തീരുമാനമെന്ന് ഐക്യട്രേഡ് യൂണയന്‍ നേതാവ് പി വാസു അറിയിച്ചു.