വാഴക്കാട് യു ഡി എഫ് ബന്ധം തകര്‍ന്നു

Posted on: October 13, 2015 9:48 am | Last updated: October 13, 2015 at 9:48 am
SHARE

എടവണ്ണപ്പാറ: 30 വര്‍ഷമായി തുടര്‍ന്ന് വന്ന കോണ്‍ഗ്രസ് -ലീഗ് ബന്ധം വാഴക്കാട് പഞ്ചായത്തില്‍ തകര്‍ന്നു.
ലീഗിന്റെ നിഷേധാത്മക നിലപാടുകളാണ് ദീര്‍ഘകാലമായി നില നിന്ന ബന്ധം തകരാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വാഴക്കാട് പഞ്ചായത്തില്‍ 19 സീറ്റുകളാണ് ആകെയുള്ളത്. അതില്‍ എട്ട് സീറ്റുകളിലാണ് കോണ്‍ഗ്രസിന് കഴിഞ്ഞ പ്രാവശ്യം ലഭിച്ചത്. അതേ സീറ്റുകള്‍ മാത്രമാണ് ഇത്തവണയും കോണ്‍ഗ്രസ് ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍ നിലവിലെ സീറ്റുകള്‍ നിഷേധിച്ചതിന് പുറമെ ജയസാധ്യത കുറഞ്ഞ സീറ്റുകളാണ് ലീഗ് നേതൃത്വം മുന്നോട്ട് വെച്ചത്. ഇത് കോണ്‍ഗ്രസ് നേതൃത്വം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
കോണ്‍ഗ്രസ് പഞ്ചായത്തിലെ 19 വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനോടുള്ള അവഗണനയില്‍ പ്രതിഷേധം ലീഗ് അണികളില്‍ തന്നെയുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. വാഴക്കാട് പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് കാരണമാവുമായിരുന്ന കൂളിമാട്, എളമരം, മണന്തലകടവ് പാലം വിഷയത്തില്‍ ഭരണകക്ഷിയെന്ന നിലയില്‍ ലീഗിന് തീരുമാനം എടുക്കാന്‍ സാധിക്കാതെ പോയത് പ്രധാന വിഴ്ച്ചയായി കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞമാസം കോണ്‍ഗ്രസിലെ ഒരു വിഭാഗം വാഴക്കാട് നടത്തിയ പ്രകടനം കരുവാക്കി ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ സമ്മര്‍ദ്ധത്തില്‍ നിര്‍ത്തുകയായിരുന്നു. വാഴക്കാട് പഞ്ചായത്തിലെ ഭുരിപക്ഷ വാര്‍ഡുകളിലും വന്‍ ഭൂരിപക്ഷമുണ്ടായിട്ടും കോണ്‍ഗ്രസിനോട് ഇക്കാലം വരെ ലീഗ് മൃദുല സമീപനമാണ് സ്വീകരിച്ചതെന്ന് ലീഗ് നേതാക്കളും ചൂണ്ടിക്കാട്ടി.
ഹെല്‍പ് ഡസ്‌ക്
പ്രവര്‍ത്തനം തുടങ്ങി
മലപ്പുറം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, വോട്ടര്‍മാര്‍ തുടങ്ങിയവരുടെ സംശയ നിവാരണത്തിനായി കലക്ടറേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ ഹെല്‍പ് ഡസ്‌ക് പ്രവര്‍ത്തനം തുടങ്ങിയതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി ഭാസ്‌കരന്‍ അറിയിച്ചു. നമ്പര്‍: 0483- 2734999.