സംതൃപ്ത കുടുംബത്തിലെ ദുരന്തം; നടുക്കം മാറാതെ അവിണ്ടിത്തറ ഗ്രാമം

Posted on: October 13, 2015 9:47 am | Last updated: October 13, 2015 at 9:47 am
SHARE

ചങ്ങരംകുളം: അവിണ്ടിത്തറ ഗ്രാമം ഇന്നലെ ഉണര്‍ന്നത് കരളലിയിക്കുന്ന ദുരന്ത വാര്‍ത്ത കേട്ട്.
തറക്കല്‍ അബൂബക്കറിന്റെ വീട്ടിലുണ്ടായ ദുരന്തം നാട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും അവിശ്വസനീയമായിരുന്നു. അബൂബക്കറിന്റെ മകന്‍ ഫൈസലിനെ കഴുത്തറുത്ത് കൊന്ന് ഭാര്യ സലീന കൈക്കുഞ്ഞുമായി കിണറ്റില്‍ചാടി മരിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടതെങ്കിലും ഉള്ളറിഞ്ഞ് അംഗീകരിക്കാന്‍ അവിണ്ടിത്തറക്കാര്‍ക്ക് സാധിച്ചിട്ടില്ല.
ഫൈസലിന്റേയും സലീനയുടേയും കുടുംബജീവിതം സന്തുഷ്ടവും സന്തോഷകരവുമായിരുന്നുവെന്ന് മാത്രമേ പരിസരത്തെ മുഴുവന്‍ വീട്ടുകാര്‍ക്കും പറയാനുള്ളു. എന്നിട്ടും ആ കുടുംബത്തില്‍ ഇത്തരമൊരു ദുരന്തം എങ്ങിനെ വന്നെത്തിയെന്നത് ഉത്തരംകിട്ടാത്ത ചോദ്യമായി അവശേഷിപ്പിക്കുകയാണവര്‍. മകന്റെ കഴുത്തറുത്ത് പേരക്കുട്ടിയേയും കൊണ്ട് കിണറ്റിലേക്ക് ചാടിയ മരുമകള്‍ സലീനക്ക് എന്ത് സംഭവിച്ചുവെന്ന് ഫൈസലിന്റെ പിതാവ് അബൂബക്കറിനും പറയാനാകുന്നില്ല. സ്വന്തം മകളെപ്പോലെയായിരുന്നു സലീന തങ്ങള്‍ക്കെന്ന് അബൂബക്കര്‍ പറയുന്നു.
ഒമ്പത് വര്‍ഷം മുമ്പ് സലീനയെ വിവാഹംകഴിച്ച് കൊണ്ടുവന്നതു മുതല്‍ ഏറെ ഇണക്കത്തോടെയാണ് അവര്‍ കഴിഞ്ഞിരുന്നത്. കുട്ടികളുണ്ടാകാന്‍ വൈകിയതിനെ തുടര്‍ന്ന് വിദഗ്ദ്ധ ചികിത്സക്ക് നിര്‍ദ്ദേശിച്ചതും താല്‍പ്പര്യമെടുത്തതും ഫൈസലിന്റെ മാതാപിതാക്കളായിരുന്നു. കുറേക്കാലം ഫൈസലുമൊത്ത് സലീന ഗള്‍ഫിലായിരുന്നു. ഗര്‍ഭം ധരിച്ച ശേഷമാണ് സലീന നാട്ടിലേക്കു വന്നത്.
വലിയ പെരുന്നാളിനോടനുബന്ധിച്ചാണ് ഫൈസല്‍ നാട്ടില്‍ വന്നത്. വീടുപണി നടക്കുന്നതിനാല്‍ അതിന്റെ തിരക്കും ഫൈസലിനുണ്ടായിരുന്നു. ഈ മാസം തിരിച്ചുപോകാനിരിക്കെയാണ് ദുരന്തം വന്നെത്തിയത്. ഫൈസലും സലീനയും കളിയുംചിരിയുമായി നേരം ചെലവിടുന്നത് എന്നും കണ്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നു. മാനസികാസ്വാസ്ഥ്യം സലീനക്ക് അനുഭവപ്പെട്ടിരുന്നതായി ബന്ധുക്കള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കുന്നു. ഇതിന് സലീനക്ക് വിദഗ്ധ ചികിത്സ നല്‍കിയിരുന്നു. ദുരന്തവാര്‍ത്ത അറിഞ്ഞതിനെ തുടര്‍ന്ന് നാടുമുഴുവന്‍ അവിണ്ടിത്തറയിലേക്ക് ഒഴുകുകയായിരുന്നു. അബൂബക്കറിനും ഖദീജക്കും തീരാത്ത ആഘാതമേല്‍പ്പിച്ചാണ് മകനും മരുമകളും പേരക്കുട്ടിയും നഷ്ടമായിരിക്കുന്നത്.