വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കല്‍; തദ്ദേശ സ്ഥാപനങ്ങളില്‍ വാക്കേറ്റം

Posted on: October 13, 2015 9:52 am | Last updated: October 13, 2015 at 9:45 am
SHARE

മലപ്പുറം/പെരിന്തല്‍മണ്ണ: വോട്ടര്‍ പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനുള്ള ഹിയറിംഗിന്റെ അവസാന ദിവസമായ ഇന്നലെ തദ്ദേശ സ്ഥാപനങ്ങളില്‍ തിരക്കോട് തിരക്ക്.
രാഷ്ട്രീയ പാര്‍ട്ടികള്‍ പരമാവധി വോട്ട് പെട്ടിയിലാക്കാന്‍ തങ്ങളുടെ സ്വാധീനത്തിലുളളവരെയെല്ലാം ഹിയറിം ഗിനെത്തിച്ചു. കുടുംബം മാറിപ്പോയ എതിര്‍ കക്ഷികളുടെ പലരുടെയും പേരുകള്‍ നീക്കം ചെയ്യാന്‍ മറുവിഭാഗം നീക്കങ്ങള്‍ നടത്തിയതായി പരാതികളുയര്‍ന്നു. ഊരകത്ത് പതിനാറാം വാര്‍ഡില്‍ 31 ഇടതുപക്ഷ വോട്ടര്‍മാരുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് ആരോപിച്ച് വാക്കേറ്റമുണ്ടായി. ലീഗ് പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് ഇതിന് ശ്രമമുണ്ടായത്. ബഹളത്തിനൊടുവില്‍ ഇവരുടെ പേരുകള്‍ ചേര്‍ത്തതായി സെക്രട്ടറി അറിയിച്ചു.
പെരിന്തല്‍മണ്ണ നഗരസഭയില്‍ അതത് വാര്‍ഡുകളില്‍ താമസമില്ലാത്തവരുടെ പേരുകള്‍ ചേര്‍ത്തതുമായി ബന്ധപ്പെട്ട് വാക്ക് തര്‍ക്കമുണ്ടായി. ഇരു മുന്നണികളിലുമുള്ള പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയിരുന്നു. ഇവരില്‍ ചില അപേക്ഷകള്‍ മടക്കിയതും ബഹളത്തിന് കാരണമായി. നഗരസഭാ ഓഫീസില്‍ ബഹളം മൂര്‍ഛിച്ചതോടെ വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി. രണ്ടാം വാര്‍ഡിലെ മേല്‍വിലാസത്തില്‍ ആധാറുള്ള യുവാവിനെ പട്ടികയില്‍ ചേര്‍ക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇയാള്‍ കുറെ കാലമായി അങ്ങാടിപ്പുറം പഞ്ചായത്തിലാണ് താമസമെന്നും ആറ് മാസമായി തുടര്‍ച്ചയായി താമസിക്കുന്ന സ്ഥലത്ത് മാത്രമേ വോട്ടറായി ചേരാന്‍ അപേക്ഷിക്കാവൂ എന്ന് ഒരു വിഭാഗം വാശി പിടിച്ചു. അതിനിടെ രണ്ട് പതിറ്റാണ്ടായി നാലാം വാര്‍ഡ് വലിയങ്ങാടിയില്‍ ഭര്‍ത്താവിന്റെ 256-ാം നമ്പര്‍ വീട്ടിലെ വോട്ടറായി തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുള്ള അക്കരകൂട്ടുപ്പറമ്പില്‍ ഗഫൂറിന്റെ ഭാര്യ ജുമൈല സ്ഥലത്ത് താമസമില്ലെന്നും പേര് നീക്കണമെന്നും ആവശ്യപ്പെട്ട് എ ബീന നല്‍കിയ പരാതിയെ തുടര്‍ന്ന് വോട്ടര്‍ പട്ടികയില്‍ ജുമൈലയുടെ പേര് വെട്ടി. ചെറുകരയിലെ ഏലംകുളം റോഡില്‍ ഊത്തക്കാടന്‍ ഹംസയുടെ മകളായ ജുമൈല ഇടക്ക് പിതാവിന്റെ വീട്ടില്‍ താമസിക്കാറുണ്ട്.
എസ് ടി യു യൂനിറ്റ് സെക്രട്ടറിയാണ് ഹംസ. പേര് നീക്കം ചെയ്തതറിഞ്ഞ് വന്ന ജുമൈലയും ഹംസയും പരാതിപ്പെട്ടപ്പോള്‍ നഗരസഭ സെക്രട്ടറിയെ കാണാന്‍ നിര്‍ദേശിച്ചു. ഏറെ നേരം കാത്തു നിന്നിട്ടും സെക്രട്ടറി ഓഫീസില്‍ എത്താത്തതിനെ തുടര്‍ന്ന് വോട്ട് നഷ്ടപ്പെട്ട നിരാശയില്‍ മടങ്ങേണ്ടി വന്നു. പല പഞ്ചായത്തുകളിലും രാത്രി ഏറെ വൈകിയാണ് ഹിയറിംഗ് പൂര്‍ത്തിയായത്.