വിളയൂരില്‍ ഇനിയും ചിത്രം തെളിഞ്ഞില്ല

Posted on: October 13, 2015 9:43 am | Last updated: October 13, 2015 at 9:43 am
SHARE

local body electionകൊപ്പം: വിളയൂര്‍ ഗ്രാമ പഞ്ചായത്തില്‍— തിരഞ്ഞെടുപ്പ് ചിത്രം ഇനിയും വ്യക്തമായില്ല. സീറ്റ് തര്‍ക്കം തന്നെയാണ് മുന്നണികളെ കുഴക്കുന്നത്.
യു ഡി എഫ് തീരുമാനം കാത്ത് നില്‍ക്കുകയാണ് സി പി എം. പഞ്ചായത്തില്‍ ഇത്തവണ ഏഴു വാര്‍ഡുകള്‍ ആവശ്യപ്പെട്ട് മുസ്‌ലിംലീഗ് നേതൃത്വം രംഗത്ത് വന്നതാണ് കോണ്‍ഗ്രസിനെ കുഴയ്ക്കുന്നത്.
കഴിഞ്ഞ തവണ നാലു വാര്‍ഡില്‍ മുസ്‌ലിംലീഗ് മത്സരിച്ചെങ്കിലും ഒരു വാര്‍ഡിലാണ് ജയിക്കാനായത്. എന്നാല്‍ മുന്‍വര്‍ഷത്തേക്കാള്‍ ലീഗിന് ജനപിന്തുണ വര്‍ധിച്ചിട്ടുണ്ടെന്നാണ് ലീഗിന്റെ അവകാശവാദം. അതിനാല്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്നാണ് ലീഗ് നേതൃത്വത്തിന്റെ ആവശ്യം.
ലീഗും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കത്തില്‍ അടുത്ത ദിവസം യോജിച്ച തീരുമാനമുണ്ടാകുമെന്ന് യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
1979 മുതല്‍ സിപിഎം ‘രണം കൈയാളുന്ന പഞ്ചായത്തില്‍ തിരഞ്ഞെടുപ്പ് കാലംവരുമ്പോള്‍ നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് സജീവമാകാറുള്ള പാര്‍ടി ഇത്തവണ സ്ഥാനാര്‍ഥികളെ കുറിച്ച് ധാരണയായിട്ടില്ല. വിളയൂരില്‍ ഭരണ മാറ്റത്തിന് രണ്ടും കല്‍പ്പിച്ചിറങ്ങിയിരിക്കയാണ് യു ഡി എഫ്.
പുതിയ രാഷ്ട്രീയ സാഹചര്യത്തെ അതിജീവിക്കാനുള്ള രാഷ്ട്രീയ തന്ത്രത്തെ കുറിച്ച് തലപുകഞ്ഞ് ആലോചിക്കുന്ന തിരക്കിലാണ് സിപിഎം നേതൃത്വം. വൈകാതെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് സി പി എം നേതൃത്വം പറയുന്നതെങ്കിലും സ്ഥാനാര്‍ഥി ക്ഷാമം പാര്‍ടിക്ക് വെല്ലുവിളിയാകുന്നുണ്ട്.
കരുത്തരായ സ്ഥാനാര്‍ഥികളെ കിട്ടാനില്ലെന്നതാണ് പാര്‍ടി നേരിടുന്ന പ്രതിസന്ധി. വിളയൂരിന്റെ രാഷ്ട്രീയ ഗതിവിഗതികള്‍ മാറിമറിഞ്ഞ സാഹചര്യത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം ഇരുപാര്‍ടികള്‍ക്കും കീറാമുട്ടിയായിരിക്കയാണ്. എന്നാല്‍ 10 വാര്‍ഡുകളിലും മത്സരിക്കാനുറച്ച് ബിജെപി കളത്തിലിറങ്ങിക്കഴിഞ്ഞു. ബിജെപി സാരഥികള്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു. അതേ സമയം യു ഡി എഫ് സ്ഥാനാര്‍ഥികളുടെ സീറ്റ് ധാരണയായതായാണ് വിവരം. ഗ്രാമ പഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകളില്‍ കോണ്‍ഗ്രസും ആറ് വാര്‍ഡുകളില്‍ മുസ് ലീംലീഗും മത്സരിക്കാനാണ് ധാരണ. ഒന്നാം വാര്‍ഡില്‍ സിപിഎം വിട്ട് കോണ്‍ഗ്രസിലെത്തിയ മുന്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി കെ അഹമ്മദ്കുഞ്ഞി മത്സരിക്കുമെന്നുറപ്പായിട്ടുണ്ട്. ലീഗിന് ആറ് വാര്‍ഡുകള്‍ കിട്ടിയെങ്കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയ കാര്യത്തില്‍ പാര്‍ടിക്കുള്ളില്‍ തീരുമാനമായിട്ടില്ല.