ചുവരെഴുതാന്‍ ചട്ടങ്ങള്‍ പാലിക്കണം: ജില്ലാ കലക്ടര്‍

Posted on: October 13, 2015 9:40 am | Last updated: October 13, 2015 at 9:40 am
SHARE

പാലക്കാട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥാനാര്‍ഥികള്‍ക്കായി ചുവരെഴുതുന്നവര്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന് ജില്ലാ കളക്ടര്‍. ഒരു വ്യക്തിയുടെ സ്ഥലത്ത് അയാളുടെ അനുവാദമില്ലാതെ എഴുതുന്നതും കൊടിമരം നാട്ടുന്നതും ബാനറുകള്‍ കെട്ടുന്നതും ചട്ടവിരുദ്ധമായിരിക്കും.
ഉടമസ്ഥന്റെ രേഖാമൂലമുള്ള അനുവാദം വാങ്ങാതെ ചുവരെഴുത്തും മറ്റും നടത്താന്‍ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും അനുയായികളെ അനുവദിക്കാന്‍ പാടില്ല.
സര്‍ക്കാര്‍ ഓഫീസുകള്‍, അവയുടെ കോമ്പൗണ്ടുകള്‍, പരിസരം, ചുവരുകള്‍ എന്നിവിടങ്ങളിലും ചുവരെഴുത്ത് നടത്തുന്നതും പ്രചരണോപാധികള്‍ സ്ഥാപിക്കുന്നതും ചട്ടവിരുദ്ധമാണ്.
പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന വിധത്തില്‍ പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കാന്‍ പാടില്ല. പരസ്യങ്ങള്‍ക്ക് വേണ്ടിവരുന്ന ചെലവ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടും.

പ്രചാരണ
സാമഗ്രികള്‍
നീക്കണം
പാലക്കാട്: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിന്റെ ഭാഗമായുളള മാതൃകപെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുപണമുപയോഗിച്ച് തയാറാക്കിയ സര്‍ക്കാരിന്റെയോ തദ്ദേശസ്ഥാപനങ്ങളുടെയോ വികസന നേട്ടങ്ങള്‍ ചിത്രീകരിക്കുന്നതുള്‍പ്പെടെയുള്ള ബോര്‍ഡുകളും പരസ്യങ്ങളും സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ അവ നീക്കണമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു.