കാബൂളില്‍ സഖ്യസേനാ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് നാറ്റോ സൈനികര്‍ മരിച്ചു

Posted on: October 13, 2015 4:17 am | Last updated: October 12, 2015 at 10:20 pm
SHARE

helicopterകാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ നാറ്റോ സൈനിക കേന്ദ്രത്തില്‍ ഹെലികോപ്ടര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. മരിച്ചവര്‍ മുഴുവന്‍ നാറ്റോ സഖ്യസേനയിലെ അംഗങ്ങളാണ്. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരുക്കേറ്റതായും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവര്‍ ഏത് രാഷ്ട്രക്കാരാണെന്നത് സംബന്ധിച്ച് ഔദ്യോഗികമായ പ്രതികരണം വന്നിട്ടില്ല. എന്നാല്‍ റോയല്‍ എയര്‍ ഫോഴ്‌സിലെ രണ്ട് പേര്‍ അപകടത്തില്‍ മരിച്ചതായി ബ്രിട്ടന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
പ്യൂമ എം കെ 2 ഹെലികോപ്ടറാണ് ലാന്‍ഡിംഗിനിടെ തകര്‍ന്നുവീണത്. സൈനിക കേന്ദ്രത്തിലെ സുരക്ഷാ ബലൂണില്‍ തട്ടിയാണ് അപകടമെന്ന് കരുതപ്പെടുന്നു.
അതിനിടെ ബ്രിട്ടീഷ് സൈനിക വാഹനങ്ങള്‍ക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണമുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ല. നാറ്റോ സഖ്യസേനയുടെ വാഹനങ്ങളെ ലക്ഷ്യമാക്കിയാണ് ആക്രമണം ഉണ്ടായതെന്ന് കാബൂള്‍ പോലീസ് മേധാവി ജനറല്‍ അബ്ദുര്‍റഹ്മാന്‍ റഹീമി പറഞ്ഞു. എന്നാല്‍ ആക്രമണത്തില്‍ ഒരു വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇത് ഏത് രാജ്യത്തിന്റെ സൈനിക വാഹനമാണെന്ന് വ്യക്തമായിട്ടില്ല. മൂന്ന് സാധാരണക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താലിബാന്‍ വക്താവ് സബീഉല്ല മുജാഹിദ് രംഗത്തെത്തി.
അടുത്ത കാലത്തായി കാബൂളില്‍ നാറ്റോ സഖ്യ സേനക്കെതിരെ ശക്തമായ ആക്രമണങ്ങളാണ് നടക്കുന്നത്. ഈ വര്‍ഷം താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാനില്‍ കൂടുതല്‍ സജീവമാണെന്നാണ് വിലയിരുത്തല്‍. അഫ്ഗാനിലെ കുന്ദുസ് നഗരം അവര്‍ പിടിച്ചെടുത്തിരുന്നു. തിരിച്ചുപിടിച്ചെന്ന് അഫ്ഗാന്‍ സൈന്യം അവകാശപ്പെട്ടിരുന്നെങ്കിലും നഗരത്തിന്റെ നിയന്ത്രണം ഇപ്പോഴും താലിബാന്‍കാരുടെ കൈവശമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുന്ദുസ് നഗരം പിടിച്ചെടുത്ത സംഭവം അഫ്ഗാന്‍ സര്‍ക്കാറിനും നാറ്റോ സഖ്യസൈന്യത്തിനുമേറ്റ കനത്ത തിരിച്ചടിയാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.