എനിക്കതില്‍ അതിശയം തോന്നിയില്ല

Posted on: October 13, 2015 5:15 am | Last updated: October 12, 2015 at 8:17 pm
SHARE

sophia-shafi_9352015ല്‍ ഇസ്‌ലാമോഫോബിയ സംബന്ധിച്ച് പുറത്തിറങ്ങിയ ശ്രദ്ധേയമായ പുസ്തകമാണ് ഡോ. സോഫിയ റോസ് അര്‍ജാനെയുടെ ‘പടിഞ്ഞാറന്‍ ചിത്രീകരണങ്ങളിലെ മുസ്‌ലിംകള്‍’. ഒക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി പ്രസ് ആണ് പ്രസാധനം. പടിഞ്ഞാറിന്റെ മുസ്‌ലിംവിരുദ്ധ മനോഭാവം ചരിത്രപരമായി നിര്‍മിക്കപ്പെട്ടതാണ് എന്നാണ് ഡോ. സോഫിയ സമര്‍ഥിക്കുന്നത്. പുസ്തകത്തെ സംബന്ധിച്ചും പടിഞ്ഞാറിലെ ഇസ്‌ലാമിനെ സംബന്ധിച്ചും അവരുമായി ഓണ്‍ലൈനില്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന്.
muslims in the western imagination എന്ന പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് ട്രാവന്‍ മാര്‍ട്ടിനാണ്. അമേരിക്കയിലെ വെളുത്ത വര്‍ഗക്കാരുടെ വംശ വൈരാഗ്യം കാരണം കൊല്ലപ്പെട്ട വ്യക്തികളിലൊരാളാണ് മാര്‍ട്ടിന്‍ എന്ന് കേട്ടിട്ടുണ്ട്. ആ സംഭവമൊന്നു വിശദീകരിക്കാമോ?
ഒരു കൗമാരക്കാരനായിരുന്നു മാര്‍ട്ടിന്‍. നിഷ്‌കളങ്കനും നിരുപദ്രവകാരിയും. ഒരു ദിവസം കടയില്‍ നിന്ന് ഐസ് ടീയും മധുര പലഹാരവും വാങ്ങി വീട്ടിലേക്കു മടങ്ങുമ്പോഴാണ് അവന്‍ കൊല്ലപ്പെടുന്നത്. അപരാധം ചെയ്തത് വെളുത്ത വര്‍ഗക്കാരനായ ഒരു പോലീസുകാരന്‍. മാര്‍ട്ടിന്റെ കറുത്ത നിറവും വസ്ത്ര ധാരണവുമൊക്കെ കണ്ട് അവനൊരു കുറ്റവാളിയായിരിക്കും എന്ന നിഗമനത്തിലാണ് പോലീസുകാരന്‍ കൊലപ്പെടുത്തുന്നത്. അവന്‍ ആരെയും ഉപദ്രവിച്ചിരുന്നില്ല. കുറ്റവാളിയായിരുന്നില്ല. എല്ലാ അന്വേഷണ റിപ്പോര്‍ട്ടുകളും പറയുന്നത് അവനൊരു നല്ല കുട്ടിയായിരുന്നു എന്നാണ്. .ഒരാളുടെ നിറം, ജാതി, മതം എന്നിവ നോക്കി എങ്ങനെ ശത്രുവിനെ നിര്‍മിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് മാര്‍ട്ടിന്‍. .തൊപ്പിയിട്ട, താടിയുള്ള, ഹിജാബ് ധരിച്ച മുസ്‌ലിമിനെ കാണുമ്പോഴും അത്തരത്തില്‍ ഒരു ഭീതി പടിഞ്ഞാറ് ഇന്ന് നിലനില്‍ക്കുന്നു.
ചരിത്രം പരിശോധിക്കുമ്പോള്‍, മുസ്‌ലിംകളെ ശത്രുവായി ചിത്രീകരിക്കുന്ന സമീപനം ചരിത്രത്തിന്റെ ഏത് ഘട്ടത്തിലാണ് യൂറോപ്പില്‍ ആരംഭിക്കുന്നത്?
മധ്യകാലഘട്ടത്തില്‍ .മുസ്‌ലിംകള്‍ ആഗമിക്കുന്നതിന്നു മുമ്പേ ജൂതന്മാര്‍ക്കെതിരെയും കറുത്ത വര്‍ഗക്കാര്‍ക്ക് നേരെയും വെറുപ്പ് പടര്‍ത്തുന്ന പ്രാചാരണമുണ്ടായിരുന്നു യൂറോപ്പില്‍..മുസ്‌ലിംകള്‍ വന്നതിനു ശേഷം അവരെയും അപരരായി ചിത്രീകരിച്ചു. സാരസെന്‍സ് എന്നായിരുന്നു ആദ്യ കാലത്ത് യൂറോപ്യര്‍ മുസ്‌ലിംകളെ വിളിച്ചിരുന്നത്. എന്റെ പുസ്തകം അപഗ്രഥിക്കുന്നത്, ഇസ്‌ലാം എങ്ങനെ യൂറോപ്പില്‍ അവതരിപ്പിക്കപ്പെട്ടു എന്നാണ്. കലയിലും സാഹിത്യത്തിലും മുസ്‌ലിംകള്‍ ഏതു വിധമാണ് ചിത്രീകരിക്കപ്പെട്ടത് എന്നതിന്റെ ചരിത്രവും സന്ദര്‍ഭവും പറയുന്ന പഠനമാണിത്. ഒരു സമൂഹം അപമാനവീകരിക്കപ്പെടുന്നത്, ചരിത്രപരമായി കലയിലും സാഹിത്യത്തിലും പെയിന്റിംഗിലുമൊക്കെ അവര്‍ അപമാനവീകരിക്കപ്പെട്ടു കടന്നുവരുമ്പോഴാണ്.
അതായത്, പടിഞ്ഞാറന്‍ മനസ്സുകളില്‍ മുസ്‌ലിംകള്‍ക്ക് നേരെയുള്ള ഭയം ഇസ്‌ലാമിന്റെ അവിടെക്കുള്ള പ്രവേശം തൊട്ടേ ,നിര്‍മിച്ചെടുത്തിട്ടുണ്ടല്ലേ?
തീര്‍ച്ചയായും .ക്രിസ്ത്യാനികള്‍ അല്ലാത്ത വിദേശികളെ മുഴുവന്‍ സംശയത്തോടെയാണ് യൂറോപ്പ് വായിച്ചത്. അതേസമയം ഈ അപരിഷ്‌കൃതര്‍ എന്ന നിര്‍മിതിക്കു പിന്നില്‍ രാഷ്ട്രീയ താത്പര്യങ്ങളും പ്രകടമായിരുന്നു. ആദ്യ കാലത്ത് അറബികള്‍ക്ക് നേരെയായിരുന്നു വിദ്വേഷമെങ്കില്‍ പില്‍ക്കാലത്ത് ഉസ്മാനിയ ഖിലാഫത്ത് ശക്തിപ്രാപിച്ചപ്പോള്‍ ടര്‍ക്കിശുകാര്‍ക്കെതിരെയായി വെറുപ്പ് ഉത്പാദനം .
ഇസ്‌ലാമോഫോബിയ സംബന്ധിച്ച പഠനത്തിലേക്ക് നിങ്ങള്‍ ആകൃഷ്ടയായത് എങ്ങനെയാണ്?
ബിരുദത്തിനു പഠിക്കുന്ന സമയത്താണ് ഞാന്‍ എഡ്വേര്‍ഡ് സൈദിനെ വായിച്ചു തുടങ്ങുന്നതും അദ്ദേഹത്തിന്റെ ചിന്തകളില്‍ തത്പരയാകുന്നതും.ഇവിടെ അക്കാദമിക് ലോകത്ത് സൈദ് വളരെ പ്രസിദ്ധനാണ്. പിന്നീട് ഞാന്‍ കൂടുതല്‍ ആഴത്തില്‍ ഇത് സംബന്ധിച്ചു ഗവേഷണം നടത്തി.
പുസ്തകത്തില്‍ നിങ്ങള്‍ നിരന്തരം ഉപയോഗിക്കുന്ന ഒരു സംജ്ഞയാണ് Monster. യൂറോപ്യന്‍ കള്‍ച്ചറില്‍ മുസ്‌ലിംകളെ എങ്ങനെ വായിച്ചു എന്ന് വിശേഷിപ്പിക്കാന്‍ ഇങ്ങനെയൊരു സവിശേഷ പദപ്രയോഗം തിരഞ്ഞെടുക്കാന്‍ കാരണമെന്താണ്?
ഭീകരന്‍, ഭീമകാരന്‍, സംസ്‌കാര രഹിതന്‍ എന്നൊക്കെയാണ് ആ പദം വ്യവഹരിക്കുന്നത്. നമ്മള്‍ ജീവിക്കുന്ന രീതിക്കും ആചാരത്തിനും സ്വഭാവത്തിനുമൊക്കെ വിരുദ്ധമായ സംസ്‌കാരവുമായി വരുന്നവരെ മോണ്‍സ്‌റ്റെഴ്‌സ് ആയി ചിത്രീകരിക്കുകയാണ് യൂറോപ്പ്. ഭീകരരെ സൃഷ്ടിക്കുക (creation of monsters ) എന്നത് ഒരു രാഷ്ട്രീയ പ്രക്രിയയായിരുന്നു. അന്യ സമൂഹങ്ങളെ തിരസ്‌കരിക്കാനുള്ള രാഷ്ട്രീയ ഉപാധി. അതിനു മധ്യകാലത്ത് മുഖ്യമായും ഉപയോഗിച്ചത് കലാപരമായ ആവിഷ്‌കാരങ്ങള്‍ ആയിരുന്നു.
ഓറിയന്റലിസം സംബന്ധിച്ച് നിങ്ങളുടെ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ടല്ലോ?
അതേ, കിഴക്കിനെ സംബന്ധിച്ചും അവിടെ ജീവിക്കുന്ന ആളുകളെ സംബന്ധിച്ചുമുള്ള പഠനമാണത്. യാഥാര്‍ഥ്യത്തെക്കാള്‍ ഓറിയന്റലിസ്റ്റ് പഠനങ്ങളില്‍ കാണുക മിത്തുകളും ഫാന്റസികളുമാണ്.
ഓറിയന്റലിസ്റ്റ്കളുടെ പ്രധാന ലക്ഷ്യം കിഴക്കന്‍ നാടുകളില്‍ ‘monsters’നെ നിര്‍മിക്കുക എന്നതായിരുന്നോ?
കിഴക്കിനെ കീഴടക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. അവിടെ ജീവിക്കുന്ന ആളുകള്‍ വേണ്ടത്ര വിവേകമില്ലാത്തവരും മന്ദബുദ്ധികളും ഒരു സമൂഹത്തെ ഭരിക്കാന്‍ ശേഷിയില്ലാത്തവരും ഒക്കെയാണെന്ന് അവര്‍ മുദ്രകുത്തി. ഇത്തരം നാടുകളിലെ മുസ്‌ലിംകള്‍ ഈ പഠനങ്ങളില്‍, ഏകാധിപതികളും കൊലപാതകികളും അപരിഷ്‌കൃതരും ആയി ചിത്രീകരിക്കപ്പെട്ടു.
മുസ്‌ലിം വിരോധം യൂറോപ്പില്‍ ആണ് തുടങ്ങിയത് എന്ന് പറഞ്ഞു. പിന്നെ അത് അമേരിക്കയിലേക്ക് എത്തുന്നതെങ്ങനെ?
എന്റെ പുസ്തകത്തില്‍ ഇത് സംബന്ധിച്ചു ഒരധ്യായം തന്നെയുണ്ട്. അമേരിക്കയിലെ ആദ്യ മുസ്‌ലിം കുടിയേറ്റക്കാര്‍ ആഫ്രിക്കന്‍ അടിമകള്‍ ആയിരുന്നു. മൂര്‍സ് എന്ന് വിളിക്കപ്പെട്ടിരുന്ന മുസ്‌ലിംകളെ സംബന്ധിച്ചുള്ള ഭയം അമേരിക്കയിലേക്ക് ആദ്യകാലത്ത് യൂറോപ്പില്‍ നിന്ന് കുടിയേറിയവര്‍, സഞ്ചാരത്തോടൊപ്പം കയറ്റുമതി ചെയ്യുകയായിരുന്നു. പില്‍ക്കാലത്ത്, നോര്‍ത്ത് ആഫ്രിക്കക്കാരെ കുറിച്ച് അമേരിക്കക്കാര്‍ക്ക് ഉണ്ടായിരുന്ന ഭയം പോലെ മുസ്‌ലിംകളെ കുറിച്ചും ഭീതിയും മുന്‍വിധികളും വളര്‍ന്നു. ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളിലൊക്കെ മുസ്‌ലിംകള്‍ ക്രിമിനല്‍ വേഷങ്ങളിലാണ് കാണപ്പെടുന്നത്. ജാക്ക് ശീന്‍ രചിച്ച Reel Bad Arabs എന്ന പുസ്തകത്തില്‍ ഈ പ്രവണതയെ വരച്ചുകാണിക്കുന്നുണ്ട്. 9/11 സംഭവത്തിനു ശേഷം മുസ്‌ലിം വിരുദ്ധ വികാരം ഇവിടെ ശക്തമായി.
ഇപ്പോള്‍ അമേരിക്കയില്‍ അഹ്മദ് മുഹമ്മദ് എന്ന പതിനാലുകാരനെ, സ്‌കൂളിലേക്ക് സ്വന്തമായി നിര്‍മിച്ച ക്ലോക്ക് കൊണ്ട് വന്നപ്പോള്‍, ബോംബ് ആണെന്ന അധ്യാപകരുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ആ സംഭവത്തെ എങ്ങനെയാണ് നിരീക്ഷിക്കുന്നത്?
അത് ഒരു ഞെട്ടിപ്പിക്കുന്ന കാര്യമായി എനിക്ക് തോന്നിയില്ല. കാരണം, അത്ര ആഴത്തില്‍ ഇസ്‌ലാമോ ഫോബിക് ചിന്തകള്‍ അമേരിക്കക്കാര്‍ക്ക് അകത്തു കടന്നിരുന്നു. പുസ്തകത്തില്‍ പറയുന്ന പോലെ, നൂറ്റാണ്ടുകളിലൂടെ ജനങ്ങള്‍ക്കിടയില്‍ സംവേദനം നടത്തുന്ന മാധ്യമങ്ങളിലൂടെയും മുസ്‌ലിംകള്‍ അത്തരം ഭീകരരായാണ് ചിത്രീകരിക്കപ്പെടുന്നത്. അഹ്മദിന്റെ കാര്യം ലോകം വളരെ നന്നായി വിശകലനം ചെയ്തത് ശുഭകരമായി തോന്നുന്നു.
മുസ്‌ലിംകള്‍ക്ക് ഇവ്വിധം നിഷേധാത്മക പ്രതിച്ഛായ രൂപപ്പെട്ട സാഹചര്യത്തില്‍ മുഖ്യധാരയില്‍ കൂടുതല്‍ സജീവമാകാനും ഭീതിപ്പെടേണ്ടവര്‍ അല്ല ഞങ്ങളെന്നു അമേരിക്കക്കാരെ ബോധ്യപ്പെടുത്താനും ഇനി ചെയ്യേണ്ടത് എന്തെല്ലാമാണ്?
മുസ്‌ലിം മാധ്യമ പ്രവര്‍ത്തനങ്ങളും മാധ്യമ സ്ഥാപനങ്ങളും സജീവമാകണം. സിനിമയടക്കമുള്ള മാധ്യമങ്ങളിലൂടെയാണ് ഇസ്‌ലാമോ ഫോബിയ ശക്തമായി മാറുന്നത്.
ഫണ്ടമെന്റലിസ്റ്റ് മുസ്‌ലിംകളുടെ പ്രവര്‍ത്തനങ്ങളും ഇത്തരം പ്രതിച്ഛായ രൂപവത്കരണത്തിനു കാരണമാകുന്നില്ലേ?
തീര്‍ച്ചയായും. വലിയ അപകടകരമാണ് അവരുടെ പ്രവര്‍ത്തനങ്ങള്‍. ഫ്രാന്‍സില്‍ കാര്‍ട്ടൂണ്‍ മാഗസിന്‍ സ്ഥാപനം ആക്രമിച്ചത് കൊണ്ടൊക്കെ മുസ്‌ലിംകളെ പരിഹസിക്കാനും ഭയക്കാനും പടിഞ്ഞാറിന് അവസരം സൃഷ്ടിക്കുകയാണ് തീവ്രവാദികള്‍.
മുസ്‌ലിം പേരുള്ളവര്‍ തന്നെ ചിലര്‍ ഇങ്ങനെ തീവ്രവാദ പ്രവണതകളില്‍ ഏര്‍പ്പെടുന്നത് പടിഞ്ഞാറന്‍ മുസ്‌ലിംകള്‍ക്ക് വലിയ പ്രശ്‌നമാകുന്നു എന്നുറപ്പ്. എങ്ങനെയാണ് ഈ മാനസിക സംഘര്‍ഷത്തെ അവര്‍ നേരിടുന്നത്?
മുസ്‌ലിം ആയി ജീവിക്കുക എന്നത് അമേരിക്കയിലൊക്കെ വളരെ സങ്കീര്‍ണമാണിപ്പോള്‍. പ്രവാചന്‍(സ) എന്ന ‘ഇന്‍സാനുല്‍ കാമിലി’നെ പൂര്‍ണമായി അനുധാവനം ചെയ്യുക എന്നതാണ് അമേരിക്കന്‍ മുസ്‌ലിംകള്‍ക്ക് ചെയ്യാനുള്ള ഒരു പോംവഴി. പ്രവാചകന്‍ കരുണയുടെ; സഹിഷ്ണുതയുടെ അനുപമ മാതൃകയായിരുന്നല്ലോ.

LEAVE A REPLY

Please enter your comment!
Please enter your name here