Connect with us

Articles

ഇറച്ചിയുടെ രാഷ്ട്രീയം, നരഹത്യയുടെ ആത്മീയത

Published

|

Last Updated

മത്സ്യത്തെ കൊല്ലരുത്, തിന്നരുത് -എന്തെന്നാല്‍ അത് മഹാവിഷ്ണുവിന്റെ പ്രഥമ അവതാരമാണ്. ആമ(കൂര്‍മം), വരാഹം (പന്നി), ഇവയെ തിന്നുകൂടാ കാരണം -മഹാവിഷ്ണു രണ്ടാമതും മൂന്നാമതു ധര്‍മസംസ്ഥാപനാര്‍ഥം അവതരിച്ചത് ആമയായും പന്നിയായും ആയിരുന്നു- ഇതൊക്കെ വിഷ്ണുഭക്തന്മാര്‍ പറയുന്നത് നമുക്ക് മനസ്സിലാക്കാം. ഈ പശുവും വിഷ്ണുവുമായുള്ള ബന്ധം അന്വേഷിച്ചു ചെല്ലുമ്പോള്‍ പശുഹത്യക്കെതിരെയും മാംസവിരോധികള്‍ക്കു ചൂണ്ടിക്കാണിക്കാന്‍ ധാരാളമുണ്ട്. കൃഷ്ണന്‍ ഗോപാലകനായിരുന്നു. മനുഷ്യനെക്കാള്‍ അധികം ഗോക്കളെ പരിപാലിച്ചിരുന്നു. പശുവിന്‍ പാല്, വെണ്ണ, നെയ്യ് ആയിരുന്നു ഇഷ്ടഭോജനം .പക്ഷേ നരഹത്യക്ക് പലപ്രാവശ്യം പച്ചക്കൊടികാണിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ മനുഷ്യരെ ഒഴികെ മറ്റൊന്നിനെയും കൊല്ലാന്‍ ഭാരതീയ സംസ്‌കാരം അനുവദിക്കുന്നില്ല. പാമ്പ് വിഷ്ണുവിന് സുഖശയനത്തിനുള്ള കട്ടിലാണ്. ശിവന്റെ കഴുത്തിലെ അലങ്കാരമാണ്.
ഗോശാലകളും ശ്വാനസംരക്ഷണാലയങ്ങളും ഉണ്ടാക്കി അലഞ്ഞുതിരിയുന്ന പശുക്കളെയും പട്ടികളെയും ഒക്കെ സംരക്ഷിക്കണമെന്ന ആശയം മേനകാ ഗാന്ധി കണ്ടുപിടിക്കുന്നതിനെത്രയോ മുമ്പ് നമ്മുടെ നാട്ടു പൂജാരിമാര്‍ സര്‍പ്പക്കാവുകള്‍ ഉണ്ടാക്കി പാമ്പുകളെ കൂട്ടായി അവിടെ കുടിയിരുത്തുകയും പാലും പഴവും നിവേദിച്ച് അവയെ പൂജിക്കുകയും ചെയ്തിരുന്നു. തെരുവുപട്ടികള്‍ മനുഷ്യക്കുട്ടികളെ കടിച്ചാല്‍ കേസില്ല. മനുഷ്യക്കുട്ടികള്‍ പട്ടിക്കുട്ടികളെ അടിച്ചാല്‍ കേസായി. കാക്കനാടന്‍ പണ്ടു”ഈ നായ്ക്കളുടെ ലോകം എന്ന പേരില്‍ നോവല്‍ എഴുതിയതും എം പി നാരായണന്‍ പിള്ള പട്ടികളെ കഥാപാത്രങ്ങളാക്കി പരിണാമം എന്ന നോവല്‍ എഴുതിയതും ഒന്നും പട്ടികളെ ലക്ഷ്യമാക്കിയായിരുന്നില്ല. ചിലമനുഷ്യരുടെ ചില സ്വഭാവ വിശേഷങ്ങളും പെരുമാറ്റ വൈകൃതങ്ങളും ചിത്രീകരിക്കാന്‍ മനുഷ്യരുടെ ലോകത്ത് മാതൃകകളില്ലാതെ വരുമ്പോള്‍ സര്‍ഗശക്തിയുള്ള എഴുത്തുകാര്‍ക്ക് മൃഗങ്ങളെ ആശ്രയിക്കേണ്ടിവരുന്നു. അത്തരം ഒരു രാഷ്ട്രീയ സാഹചര്യം ആയിരിക്കണമല്ലൊ ഓര്‍വ്വല്ലിനെക്കൊണ്ട്”ആനിമല്‍ ഫാം എഴുതിപ്പിച്ചത്. കാക്കനാടനും എം പി നാരായണ പിള്ളയും ജോര്‍ജ് ഓര്‍വ്വല്ലും ഇന്നില്ല. ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ ഇന്ത്യയിലെ ഈ ഇരു കാലിമൃഗങ്ങളെ കേന്ദ്രീകരിച്ച് ഒന്നാംതരം നാല്‍ക്കാലി കഥകള്‍ ചമയ്ക്കുമായിരുന്നു.
ഈ വര്‍ഷത്തെ ഗാന്ധിജയന്തി ദിനത്തിലെ പത്രങ്ങളില്‍ വന്ന പ്രധാനവാര്‍ത്തകളുടെ ശീര്‍ഷകം അടുത്ത ഗാന്ധിജയന്തിവരെയെങ്കിലും നമ്മുടെ മനസ്സില്‍ ഭീതിസൃഷ്ടിച്ചുകൊണ്ടു നിലനില്‍ക്കുക തന്നെ ചെയ്യും. വാര്‍ത്ത-1″പശുവിറച്ചി കഴിച്ചെന്നാരോപിച്ചു കൊല, സംഘര്‍ഷ ഭീതിയൊഴിയാതെ ഗ്രാമം. വാര്‍ത്ത-2″ബാലനെ ബലിയര്‍പ്പിച്ച് അയല്‍ക്കാരന്റെ കൊടും ക്രൂരത. ഒന്നാം വാര്‍ത്തയിലെ സംഭവം നടന്നത് രാജ്യതലസ്ഥാനത്തോടു ചേര്‍ന്നു കിടക്കുന്ന യു പിയിലെ ദാദ്രി ഗാമത്തിലായിരുന്നു. കൊല്ലപ്പെട്ടത് ഇന്ത്യന്‍ വ്യോമസേനയിലെ സൈനികന്റെ പിതാവ് മുഹമ്മദ് അഖ്‌ലാഖ്. വീട്ടില്‍ നിന്നു വലിച്ചിറക്കി 200 പേരടങ്ങുന്ന സംഘം മര്‍ദിച്ചു കൊല്ലുകയായിരുന്നു. എങ്ങനെയുണ്ട് നമ്മുടെ ന്യൂനപക്ഷസംരക്ഷണം? ചെയ്തത് തെറ്റായി എന്നല്ല, പശുവിറച്ചി തിന്നുന്നവനെ കൊല്ലുകതന്നെ വേണമെന്ന് ജല്‍പ്പിക്കാനും ചില ആര്‍ഷഭാരതാചാര്യന്മാര്‍ മുന്നോട്ടുവന്നു. വി എച്ച് പി നേതാവ് സാക്ഷി മഹാരാജ മാട്ടിറച്ചി പ്രിയന്മാര്‍ ഇത്തരം ചില തിരിച്ചടികള്‍ പ്രതീക്ഷിക്കണമെന്നും മുന്നറിയിപ്പു നല്‍കി.
രണ്ടാമത്തെ വാര്‍ത്തയിലെ സംഭവം അരങ്ങേറിയത് ആന്ധ്രാപ്രദേശിലെ ഓഗോള്‍ ഗ്രാമത്തിലാണ്. ദേവീപ്രീതിക്കായി അയല്‍വീട്ടിലെ നാലുവയസ്സുകാരന്‍ ബാലനെ കഴുത്തറുത്ത് കൊലപ്പെടുത്തി ബലിയര്‍പ്പിച്ചു. പ്രകാശം ജില്ലയിലെ പോരൂര്‍ എന്ന വിദൂരഗ്രാമത്തിലെ പട്ടികജാതി കോളനിയിലാണ് സംഭവം. പ്രതി പി തിരുമലറാവു എന്ന മുപ്പത്തിയഞ്ചുകാരനെ ജനം വൈദ്യുതപോസ്റ്റില്‍ കെട്ടിയിട്ട് ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തി.70 ശതമാനം പൊള്ളലേറ്റ ഇയാളെ പോലീസ് എത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവ്യശക്തി ലഭിക്കാനും സമ്പത്തു വര്‍ധിപ്പിക്കാനുമായി കാളിദേവിയെ പ്രീതിപ്പെടുത്താനായിരുന്നു ശ്രമം. നാല് ദിവസം മുമ്പ് ബന്ധുവിന്റെ ആറുവയസ്സുള്ള പെണ്‍കുട്ടിയെ ബലികൊടുക്കാനും ഒരു ശ്രമം ഇയാള്‍ നടത്തി പോലും.
ദൈവങ്ങല്‍ക്കു വിശപ്പടക്കാന്‍ മനുഷ്യരുടെ രക്തവും മാംസവും.! മനുഷ്യന്റെ വിശപ്പടക്കാന്‍ പാകപ്പെടുത്തിയ മാട്ടിറച്ചിപോലും തിന്നരുതെന്നു സന്യാസികള്‍. ഒരു നേരത്തെ ഭക്ഷണത്തിനും ഒരുതുണ്ടു തുണിക്കുമായി സമ്പന്നന്മാരുടെ ഉച്ചിഷ്ടങ്ങള്‍ക്കിടയില്‍ പരതി നടക്കുന്ന വടക്കേന്ത്യന്‍ ഗ്രാമങ്ങളിലെ മനുഷ്യര്‍ ആശിക്കുന്നത് വരും ജന്മത്തിലെങ്കിലും വല്ല പാമ്പൊ പശുവൊ പട്ടയൊ ആയി പുനര്‍ജന്മം ലഭിക്കണമെന്നായിരുക്കും. നായാടി മുതല്‍ നമ്പൂരിവരെ സര്‍വമാനഹിന്ദുക്കളെയും ഓരേക്കിടക്കയില്‍ കിടത്താന്‍ പായ വിരിക്കുന്ന ശ്രമത്തിലാണ് നമ്മുടെ നടേശഗുരു. അദ്ദേഹത്തിനു ബുദ്ധി ഉപദേശിച്ചുകൊടുക്കുന്ന നമ്മുടെ നാട്ടിലെ പല ബുദ്ധിജീവികളും മുഹമ്മദ് അഖ്‌ലാഖിന്റെ കൊലയാളികളായ പശുഭക്തന്മാരെയും കാളിമാതാവിനു ബലിയര്‍പ്പിച്ച തിരുമലറാവുമാരെയും കിടത്താന്‍ പാകത്തില്‍ മറ്റൊരു മൂന്നാംമുന്നണി പടുത്തുയര്‍ത്താന്‍ പണിപ്പെടുന്നത് കാണാന്‍ നല്ല ശേലുണ്ട്. ഈ പശുഭക്തന്മാരും കാളിയാരാധനക്കാരും ഒക്കെ ചേര്‍ന്നതായിരിക്കുമല്ലോ നടേശനും അദ്ദേഹം രൂപംകൊടുക്കാന്‍ ഉദ്യമിക്കുന്ന മൂന്നാം മുന്നണിയും വിഭാവനം ചെയ്യുന്ന വിശാല ഹിന്ദുത്വം.
പശുവാണിപ്പോഴും പത്രങ്ങളിലെ താരം. ഇന്ത്യയിലെ 24 സംസ്ഥാനങ്ങളില്‍ മാട്ടിറച്ചി നിരോധം നടപ്പിലാക്കിയതു കോണ്‍ഗ്രസാണല്ലോ. കോണ്‍ഗ്രസും ലീഗും ചേര്‍ന്നു ഭരിക്കുന്ന കേരളത്തിലും മാട്ടിറച്ചി നിരോധം നടപ്പിലാക്കുമോ എന്ന പേടി നിമിത്തമാകാം നമ്മുടെ എസ് എഫ് ഐ കുട്ടികള്‍ ക്യാമ്പസ് തോറും ബീഫ് ഫെസ്റ്റ് നടത്തി ബീഫിന്റെ രുചി പരിചയിച്ചിട്ടില്ലാത്ത സഹപാഠികള്‍ക്ക് സൗജന്യമായി നല്‍കി പ്രതിഷേധിക്കുന്നത്. ഒന്നാലോചിച്ചാല്‍ പശുവുമായി ബി ജെ പിക്കുള്ളതില്‍ അധികം അടുപ്പം കോണ്‍ഗ്രസിനാണുള്ളതെന്ന് ആര്‍ക്കാണറിയാത്തത്?അര നൂറ്റാണ്ടുകാലം കോണ്‍ഗ്രസ് ഈ രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരുന്ന മൃദു ഹിന്ദുത്വം ബി ജെ പി തീവ്ര ഹിന്ദുത്വമാക്കി വളര്‍ത്തി എന്നല്ലേയുള്ളൂ. അടുത്ത കാലം വരെ കേരളം പോലുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി ജെ പിക്കാര്‍ പുറമെ എന്തൊക്കെ പറഞ്ഞാലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പേടിച്ചു കോണ്‍ഗ്രസിനാണ് വോട്ടു ചെയ്തു പോന്നിരുന്നത്. വരാന്‍പോകുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതുണ്ടാകുന്ന കാര്യം സംശയമാണ്. അതുകൊണ്ടുകൂടിയായിരിക്കണം അങ്ങു വടക്കു നടക്കുന്ന മനുഷ്യക്കുരുതിയെ ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ കണ്ടില്ലെന്നു നടിക്കുന്നത്.
പശു ആരുടെയും മാതാവല്ലെന്ന ജസ്റ്റിസ് മാര്‍ക്കേണ്ഡയ കട്ജുവിനെപ്പോലുള്ളവര്‍ക്കും പറയാം. എന്നാല്‍ പശു കാളയുടെ മാതാവാണെന്നുള്ള സത്യം ആര്‍ക്കാണ് നിഷേധിക്കാന്‍ കഴിയുക? രണ്ടുകാളയെ ഒരേ നുകത്തിനു കീഴില്‍ ബന്ധിച്ചു സ്വന്തം തിരഞ്ഞെടുപ്പ് ചിഹ്നമാക്കി ഇന്ത്യയാകെ ഉഴുതുമറിച്ചത് സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു. മകള്‍ ഇന്ദിരാ ഗാന്ധിയുടെ കാലത്ത് കാളക്ക് വേറെ അവകാശവാദികള്‍ വന്നപ്പോള്‍ അവര്‍ നുകംെവച്ച കാളകളെ സ്വതന്ത്രമാക്കുകയും പശുവിനെയും കിടാവിനെയും ചിഹ്നമാക്കുകയും ചെയ്തു. അടിയന്തിരാവസ്ഥയിലാണ് ഈ ചിഹ്നത്തിലെ പശു അമ്മയും കിടാവ് മകനും ആണെന്നു ജനം തിരിച്ചറിഞ്ഞത്. ക്രമേണ പശുവും കിടാവും കോണ്‍ഗ്രസ് തറവാട്ടില്‍ നിന്നിറങ്ങിപ്പോകുകയും കൈപ്പത്തിയെന്ന ചക്രയുധവും ചുഴറ്റി വോട്ടു പിടിക്കാനും രാജ്യം ഭരിക്കാനും നെഹ്‌റു തറവാട്ടിലെ അനന്തരാവകാശികള്‍ ഇറങ്ങിത്തിരിക്കുകയും ചെയ്തത്. .വന്നുവന്നു കോണ്‍ഗ്രസ് മൂലക്കായി. വര്‍ഗീയ പ്രീണനത്തിനായി മൃദു ഹിന്ദുത്വത്തെ കെട്ടഴിച്ചുവിട്ട കോണ്‍ഗ്രസിനെ തീവ്രഹിന്ദുത്വ പാര്‍ട്ടികള്‍ നിഷ്പ്രഭമാക്കി. അതിന്റെ ഫലമാണ് യു പിയിലും ബീഹാറിലും രാജസ്ഥാനിലും ഒക്കെ സംഭവിച്ചിരിക്കുന്നത്.
ഞങ്ങള്‍ തിന്നുന്നതൊക്കെ നിങ്ങളും തിന്നുക,ഞങ്ങളുടെ ദൈവം നിങ്ങളുടെയും ദൈവം, മത്സ്യം, മാംസം, മധുരം, മദ്യം, മൈഥുനം, ഇങ്ങനെ ഹൈന്ദവ പൈതൃകത്തിന്റെ ഭാഗമായ എന്തിന്റെയും ഉപയോഗം സാധാരണ ജനങ്ങള്‍ക്കു പാടില്ലെന്നും സന്യാസിമാര്‍ക്കും ഫൈവ്സ്റ്റാര്‍ ജീവിതം നയിക്കുന്നവര്‍ക്കും മാത്രമായി പരിമിതപ്പെടുത്തണമെന്നുമുള്ള പൊതുബോധനിര്‍മിതി ആരൊക്കെയോ ചേര്‍ന്ന് ആസൂത്രണം ചെയ്തിരിക്കുന്നു എന്ന ആശങ്ക വളര്‍ന്നപ്പോള്‍ സ്വഭാവികമായും പുതിയ തലമുറ പ്രതിഷേധിച്ചു. ആ പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു കേരളവര്‍മ്മ കോളജിലും കോട്ടയം സി എം എസിലും മറ്റു പല സ്ഥലങ്ങളിലും കുട്ടികള്‍ പരസ്യമായി നടത്തിയ ബീഫ് തീറ്റ. ബീഫ് ഫെസ്റ്റിവല്‍ എന്ന കുട്ടികളുടെ നിര്‍ദോഷമായ പ്രതികരണത്തെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് കുറിപ്പിട്ട അധ്യാപികയെ ക്രൂശിക്കാന്‍ ദേവസ്വം ബോര്‍ഡ് അധികാരികളുടെ മേല്‍ സമ്മര്‍ദം പ്രയോഗിച്ചതും ആരെന്നും എന്തിനെന്നുമുള്ള കാര്യം എല്ലാവര്‍ക്കും അറിയാം.
രാജ്യത്താകെ സ്വന്തം അനുയായികള്‍ ഇങ്ങനെ തോന്നിവാസം കാണിക്കുമ്പോള്‍ ഇതൊന്നും എന്നെ ബാധിക്കുന്നതല്ല എന്ന മട്ടില്‍ മൗനം അവംലംബിക്കുകയാണ് മോദി. പണ്ട് കൗരരവമാതാവ് ഗാന്ധാരി ദേവി യുദ്ധക്കളത്തില്‍ കൊല്ലപ്പെട്ടു കിടക്കുന്ന സ്വന്തം മക്കളെയും ബന്ധുമിത്രാദികളെയും ചൂണ്ടിക്കാണിച്ചുകൊണ്ട് സാക്ഷാല്‍ ശ്രീകൃഷ്ണനോട് ചോദിച്ച ആചോദ്യം നമ്മുടെ രാജ്യത്തെ മാതാക്കള്‍ നമ്മുടെ പ്രധാനമന്ത്രിയോട് ചോദിച്ചു എന്നുവരും. മഹാഭാരതത്തില്‍ എഴുത്തച്ഛന്‍ ഇങ്ങനെയാണാ രംഗം ചിത്രീകരിച്ചിരിക്കുന്നത്.
യുദ്ധഭൂമൗ നിരത്തിക്കിടക്കുന്നൊരു
പുത്രസമൂഹവും മിത്രവര്‍ഗ്ഗങ്ങളും
ഗൃദ്ധ്രങ്ങള്‍ നാ നരി കാകസമൂഹവും
പക്ഷിഗണങ്ങളും നക്തഞ്ചരാദിയും
കണ്ടുകണ്ടിണ്ടല്‍ മുഴുത്തു ഗാന്ധാരി
വൈകുണ്ഡ നാം മാധവന്‍ തന്നോടു
ചൊല്ലിനാര്‍
കൊല്ലാതെ കൊള്ളാഞ്ഞതെന്തവന്‍ തന്നെ നീ
കൊല്ലിക്കയത്രെനിനക്കുരസമെടോ.

 

Latest