ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന് കിണറ്റില്‍ ചാടി ഭാര്യയും കുഞ്ഞും മരിച്ചു

Posted on: October 12, 2015 11:34 pm | Last updated: October 12, 2015 at 11:34 pm
SHARE

mmm copyചങ്ങരംകുളം: ഭര്‍ത്താവിനെ കഴുത്തറുത്ത് കൊന്ന ശേഷം യുവതി എട്ട് മാസം പ്രായമായ കുഞ്ഞിനെയുമായി കിണറ്റില്‍ ചാടി മരിച്ചു. കരിങ്കല്ലത്താണി അവിണ്ടിത്തറ തറയില്‍ ഉണ്ണിയുടെ മകന്‍ ഫൈസല്‍ (32), ഭാര്യ സലീന (26), മകന്‍ ഫഹീം എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനായി ഫൈസലിന്റെ പിതാവ് പള്ളിയില്‍ പോയനേരത്തായിരുന്നു സംഭവം.
ഉറങ്ങിക്കിടക്കുകയായിരുന്ന ഫൈസലിന്റെ കഴുത്തിന് കത്തി ഉപയോഗിച്ച് മാരകമായി വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം സലീന കുഞ്ഞിനെയും എടുത്ത് കിണറ്റില്‍ ചാടുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. മുറിയില്‍ നിന്ന് അസ്വാഭാവികമായ ശബ്ദം കേട്ട് ഫൈസലിന്റെ മാതാവ് ഓടിയെത്തിയപ്പോഴാണ് ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ ഫൈസലിനെ കണ്ടത്. മാതാവ് ബഹളം വെച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ അയല്‍വാസികള്‍ ഫൈസലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. ഫൈസലിന്റെ ഭാര്യയെയും കുഞ്ഞിനെയും മുറിയില്‍ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കത്തി കിടപ്പുമുറിയിലെ കട്ടിലില്‍ നിന്ന് പോലീസ് കണ്ടെടുത്തു. പത്ത് വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ദമ്പതികള്‍ തമ്മില്‍ യാതൊരു കുടുംബപ്രശ്‌നവും ഉണ്ടായിരുന്നില്ലെന്നും സലീനക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായും പറയുന്നു.
വീടുപണി നടക്കുന്നതിനാല്‍ കുടുംബവുമൊത്ത് സമീപത്തുള്ള ആളൊഴിഞ്ഞ ബന്ധുവീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. അബൂദബിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന ഫൈസല്‍ ഒരു മാസത്തെ അവധിക്കാണ് കഴിഞ്ഞ മാസം നാട്ടിലെത്തിയത്. മാതാവ്: ഫാത്വിമ. സഹോദരങ്ങള്‍: ഹസ്സന്‍, ഹുസന്‍, സീനത്ത്, ആരിഫ, പരേതയായ റാഹിമ. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ രാത്രിയോടെ മൃതദേഹങ്ങള്‍ ഖബറടക്കി.