അബൂബക്കര്‍ അല്‍ബഗ്ദാദിയുടെ വാഹന വ്യൂഹത്തിന് നേരെ വ്യോമാക്രമണം

Posted on: October 12, 2015 10:15 pm | Last updated: October 12, 2015 at 10:15 pm
SHARE

ബഗ്ദാദ്: ഇസില്‍ നേതാവെന്ന് കരുതപ്പെടുന്ന അബൂബക്കര്‍ അല്‍ ബഗ്ദാദിയുടെ വാഹനവ്യൂഹത്തിന് നേരെ വ്യോമാക്രമണം. സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ഇറാഖി വ്യോമസേന സാഹസിക ഓപറേഷനിലൂടെ ബഗ്ദാദിയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം നടത്തിയതെന്ന് ഇറാഖ് സുരക്ഷാ സേനാ വൃത്തങ്ങള്‍ പറഞ്ഞു. ബഗ്ദാദിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ചറിയില്ലെന്നും സേന വ്യക്തമാക്കി.
ബഗ്ദാദിയുടെ വാഹന വ്യൂഹത്തെ ആക്രമിച്ചെന്ന വാര്‍ത്ത സ്ഥീരികരിക്കാന്‍ ഇറാഖീ സര്‍ക്കാറിനായിട്ടില്ലെന്ന് പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാഖ് സര്‍ക്കാര്‍ ഇതിന് മുമ്പും പലതവണ ബഗ്ദാദിയെ ആക്രമിച്ചെന്നും പരുക്കേല്‍പിച്ചെന്നും കൊലപ്പെടുത്തിയെന്നുമൊക്കെ അവകാശപ്പെട്ടിരുന്നെങ്കിലും അത് സ്ഥിരീകരിക്കാന്‍ ഇതുവരെ അവര്‍ക്കായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇസില്‍ നേതാക്കളുടെ കൂടിക്കാഴ്ചക്ക് വേണ്ടി കര്‍ബലയിലേക്ക് പോകുമ്പോഴാണ് ബഗ്ദാദിയുടെ വാഹന വ്യൂഹത്തെ ഇറാഖ് യുദ്ധ വിമാനങ്ങള്‍ ആക്രമിച്ചതെന്ന് സേന പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണം നടന്ന സമയം പ്രസ്താവനയില്‍ വ്യക്തമാക്കുന്നില്ല. സിറിയന്‍ അതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലമുള്ള പ്രദേശമാണ് കര്‍ബല.