തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയ 39 വേലക്കാരികളെ പിടികൂടി

Posted on: October 12, 2015 6:31 pm | Last updated: October 13, 2015 at 9:31 pm
SHARE

spoഷാര്‍ജ: സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്യുന്നതിനിടെ ഒളിച്ചോടിയ 39 വേലക്കാരികളെ ഷാര്‍ജ പോലീസിലെ കുറ്റാന്വേഷണ വിഭാഗം പിടികൂടി. നഗരത്തിലൊരിടത്തെ ഒരു ഫഌറ്റില്‍ ഒരുമിച്ചുതാമസിച്ചു വരികയായിരുന്ന നിയമലംഘരായ വേലക്കാരികളാണ് പിടിയിലായത്.
പിടിക്കപ്പെട്ടവരില്‍ അധികവും ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യക്കാരാണ്. വിശദമായ അന്വേഷണത്തില്‍ ഇവരില്‍ പലര്‍ക്കെതിരിലും ഒളിച്ചോടിയതായി പരാതി നിലനില്‍ക്കുന്നുണ്ടെന്ന് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്‌റാഹീം അല്‍ ആജില്‍ വ്യക്തമാക്കി. ഒരു ഫഌറ്റില്‍ ഒരുമിച്ച് താമസിച്ചിരുന്ന ഇവരില്‍ അധികപേരും അനധികൃതമായി പാര്‍ട് ടൈം ജോലി ചെയ്ത് പണമുണ്ടാക്കുന്നവരാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി അല്‍ ആജില്‍ പറഞ്ഞു.
പിടിക്കപ്പെട്ടവരില്‍ രണ്ട് യുവതികളോടൊപ്പം കൈകുഞ്ഞുങ്ങളുമുണ്ടായിരുന്നു. നിയമവിരുദ്ധരായ ഇത്രയും യുവതികള്‍ക്ക് താമസസൗകര്യം ചെയ്തുകൊടുത്തവരും നിയമക്കുരുക്കിലാകുമെന്നാണറിയുന്നത്. വീട്ടുവേലക്കാര്‍ ഒളിച്ചോടുന്ന വിവരം ഒട്ടും താമസിയാതെ പോലീസില്‍ അറിയിക്കാന്‍ സ്‌പോണ്‍സര്‍മാര്‍ ശ്രദ്ധിക്കണം.
ഇത്തരം നിയമലംഘകര്‍ എവിടെയെങ്കിലും ഉള്ളതായി അറിവ് ലഭിക്കുന്ന പൊതുജനങ്ങളും വിവരം പോലീസില്‍ അറിയിക്കണം. അല്‍ ആജില്‍ ആവശ്യപ്പെട്ടു.
സാമൂഹിക സുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളില്‍ ഇത്തരം നിയമലംഘകരുടെ പങ്ക് വ്യാപകമായതുകൊണ്ടാണ് ഇത്തരമൊരറിയിപ്പും കര്‍ശന നടപടികളുമായി പോലീസും ബന്ധപ്പെട്ട വിഭാഗങ്ങളും രംഗത്തുവന്നിട്ടുള്ളത്.