Connect with us

National

കരിഓയില്‍ പ്രയോഗവും ഫലിച്ചില്ല; കസൂരിയുടെ പുസ്തകം പുറത്തിറങ്ങി

Published

|

Last Updated

 

മുംബൈ: പാക്കിസ്ഥാന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങ് സംഘടിപ്പിച്ച ഒ ആര്‍ എഫ് ചെയര്‍മാന്‍ സുധീന്ദ്ര കുല്‍ക്കര്‍ണിക്ക് നേരെ ശിവസേന പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗം. പുസ്തക പ്രകാശന ചടങ്ങില്‍ നിന്ന് പിന്മാറണമെന്ന് ശിവസേന ആവശ്യപ്പെട്ടെങ്കിലും സംഘാടകരായ ഒബ്‌സേര്‍വര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഒ ആര്‍ എഫ്) ഭാരവാഹികള്‍ തയ്യാറായിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് കുല്‍ക്കര്‍ണിയുടെ ദേഹത്ത് ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചത്. കുല്‍ക്കര്‍ണിയുടെ വസതിക്ക് പുറത്തുവെച്ചാണ് സംഭവം. പ്രതിഷേധം അവഗണിച്ച് മുംബൈ നെഹ്‌റു സെന്ററില്‍ പുസ്തകം പ്രകാശനം ചെയ്തു. പുസ്തക പ്രകാശനത്തിന് എല്ലാവിധ സുരക്ഷയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ഉറപ്പ് നല്‍കിയിരുന്നു.
കരിഓയില്‍ കഴുകി കളയാതെയായിരുന്നു സുധീന്ദ്ര കുല്‍ക്കര്‍ണി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്. കസൂരിയുടെ “നൈദര്‍ എ ഹോക്ക് നോര്‍ എ ഡവ്- ആന്‍ ഇന്‍സൈഡേര്‍സ് അക്കൗണ്ട് ഓഫ് പാക്കിസ്ഥാന്‍സ് ഫോറിന്‍ പോളിസി” എന്ന പുസ്തകമാണ് പ്രകാശനം ചെയ്തത്. തനിക്ക് നേരെ നടന്ന അക്രമണത്തിന്റെ കാര്യകാരണങ്ങള്‍ വിശദീകരിച്ച സുധീന്ദ്ര കുല്‍ക്കര്‍ണി ശിവസേനയുടെ കാടത്തത്തെ അപലപിച്ചു.
താന്‍ വസ്തുതകളെയും സംഭവങ്ങളെയും വളച്ചൊടിച്ചിട്ടില്ലെന്ന് പ്രകാശന ചടങ്ങില്‍ കസൂരി പറഞ്ഞു. എല്‍ കെ അഡ്വാനി, മന്‍മോഹന്‍ സിംഗ്, നട്‌വര്‍ സിംഗ്, യശ്വന്ത് സിംഗ് എന്നിവര്‍ക്ക് പുസ്തകം അയച്ചുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവസേനയുടെ പ്രതിഷേധം ഗൗനിക്കുന്നില്ല. മുംബൈ തനിക്ക് പ്രിയപ്പെട്ട നഗരമാണ്. ഇന്ത്യയും പാക്കിസ്ഥാനുമായുമുള്ള നയതന്ത്ര ബന്ധമാണ് തന്റെ പുസ്തകത്തില്‍ പറയുന്നതെന്നും കസൂരി പറഞ്ഞു.
കുല്‍ക്കര്‍ണി നല്‍കിയ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആറോ ഏഴോ പേര്‍ ചേര്‍ന്ന് മുദ്രാവാക്യം മുഴക്കി കരിഓയില്‍ ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കരിഓയില്‍ പ്രയോഗം ജനാധിപത്യ രീതിയിലുള്ള പ്രതിഷേധത്തിന്റെ മൃദുവായ രൂപമാണെന്നാണ് ശിവസേന നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചത്. പാക്കിസ്ഥാന്‍ തീവ്രവാദികള്‍ക്ക് സഹായം ചെയ്യുന്നുവെന്ന് കാരണം പറഞ്ഞാണ് ശിവസേന പുസ്തക പ്രകാശനത്തിനെതിരെ രംഗത്തെത്തിയത്. പ്രകാശന ചടങ്ങ് നടത്തരുതെന്ന് കാണിച്ച് ശിവസേന നെഹ്‌റു പ്ലാനറ്റോറിയം അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പാക് ഗായകന്‍ ഗുലാം അലി മുംബൈയില്‍ നടക്കേണ്ട സംഗീതനിശയില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു.

Latest