മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ മുന്‍ പ്രസിഡന്റുമാര്‍ വീണ്ടും മത്സര രംഗത്ത്

Posted on: October 12, 2015 10:11 am | Last updated: October 12, 2015 at 10:11 am
SHARE

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ നിന്നുള്ള മിക്കവാറും എല്ലാ മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാരും വീണ്ടും മത്സരരംഗത്ത് എത്തിക്കഴിഞ്ഞു.
മുന്‍ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. പോള്‍, പുല്‍പ്പള്ളിയില്‍ നിന്നുള്ള ഇപ്പോഴത്തെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സചാക്കോ, പുല്‍പ്പള്ളിയിലെ ഇപ്പോഴത്തെ പ്രസിഡന്റ് എം.ടി. കരുണാകരന്‍ മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്തിലെ ഇപ്പോഴത്തെ പ്രസിഡന്റ് ജോസ് കണ്ടംതുരുത്തിയില്‍ തുടങ്ങിയവരൊക്കെ അടുത്ത തെരഞ്ഞെടുപ്പിലും മത്സരരംഗത്തുണ്ടാകും.
മുന്‍ പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. പോള്‍ മത്സരരംഗത്തുണ്ടെങ്കിലും അടുത്ത തവണ അദ്ദേഹത്തിന് പഞ്ചായത്തില്‍ പ്രസിഡന്റാകുവാന്‍ കഴിയില്ല. പുല്‍പ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വനിതക്ക് സംവരണം ചെയ്തിരിക്കുകയാണ്. അതിനാല്‍ തന്നെ ഇപ്പോഴത്തെ പ്രസിഡന്റ് എം.ടി. കരുണാകരനും പ്രസിഡന്റാകാന്‍ കഴിയില്ല.
അദ്ദേഹം പുല്‍പ്പള്ളിയില്‍ വീട്ടിമൂല വാര്‍ഡില്‍ നിന്നുമാണ് മത്സരിക്കുന്നത്.
പുല്‍പ്പള്ളി സ്വദേശിയും ഇപ്പോഴത്തെ പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ വത്സ ചാക്കോയും മത്സരരംഗത്തുണ്ട്.
എന്നാല്‍ പനമരം ബ്ലോക്ക് പഞ്ചായത്തിലേക്ക് അല്ല വത്സ ചാക്കോ മത്സരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അമ്പലവയല്‍, എടവക, ചീരാല്‍ എന്നീ ഡിവിഷനുകളില്‍ എവിടെയെങ്കിലുമായിരിക്കും. ഇതില്‍ ഏത് വാര്‍ഡിലും മത്സരിക്കാന്‍ തയ്യാറായിരിക്കുകയാണ് മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്കൂടിയായ വത്സ ചാക്കോ.
മുന്‍ പ്രസിഡന്റുമാര്‍ മിക്കവരും വീണ്ടും മത്സരരംഗത്തുള്ളതു പോലെതന്നെ ഇപ്പോഴത്തേയും പല പഞ്ചായത്ത് മെമ്പര്‍മാരും വീണ്ടും മത്സര രംഗത്തേക്ക് വന്നിട്ടുണ്ട്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെക്ക് മത്സരിക്കുന്ന ഗിരിജ കൃഷ്ണന്‍ ഇപ്പോഴത്തെ പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറാണ്.
മുള്ളന്‍കൊല്ലി പഞ്ചായത്തില്‍ ഇനി പ്രസിഡന്റ് സ്ഥാനം പട്ടികവര്‍ഗ വനിതയ്ക്ക് സംവരണം ചെയ്തിരിക്കുകയാണ്. അതിനാല്‍ തന്നെ പഞ്ചായത്തില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ ഗിരിജ കൃഷ്ണനായിരിക്കും മുള്ളന്‍കൊല്ലിയില്‍ പ്രസിഡന്റാകുന്നത്.