മഴക്കെടുതിയും വിലയിടിവും വാഴ കര്‍ഷകര്‍ക്ക് തിരിച്ചടിയായി

Posted on: October 12, 2015 10:10 am | Last updated: October 12, 2015 at 10:10 am
SHARE

കല്‍പ്പറ്റ: മഴക്കെടുതിയും വിലയിടിവും വലിയ തോതിലാണ് ഇത്തവണ വാഴക്കര്‍ഷകരെ ബാധിച്ചത്. 13 രൂപയാണ് നേന്ത്രക്കായക്ക് നിലവിലെ വില. കൃഷിയില്‍ പകുതിയലധികവും കാലവര്‍ഷത്തില്‍ നശിച്ചു. 18 ലക്ഷം നേന്ത്രവാഴകളാണ് ജില്ലയില്‍ ഇത്തവണ നശിച്ചത്.
ബാക്കിയുള്ളതിന് വിലയും കിട്ടിയില്ല. നഷ്ടപരിഹാരമാണെങ്കില്‍ തുച്ഛവും.ഒരു നേന്ത്രവാഴക്ക് രണ്ടു രൂപയാണ് നഷ്ടപരിഹാരം കിട്ടുന്നത്. കൃഷി വകുപ്പ് തയ്യാറാക്കിയ കണക്കുകളിലും എത്രയോ കൂടുതലാണ് കര്‍ഷകര്‍ക്കുണ്ടായ യഥാര്‍ഥ നഷ്ടം. നഷ്ടത്തിന്റെ നൂറിലൊന്ന് നഷ്ടപരിഹാരംപോലും കര്‍ഷകര്‍ക്ക് ലഭിച്ചില്ല. ഇതോടെ കര്‍ഷകര്‍ക്ക് പിടിച്ചു നില്‍ക്കാന്‍ പറ്റാതായി. രക്ഷിക്കാനുള്ള ഒരു നടപടിയും ആരുടെ ഭാഗത്തുനിനിന്നുമുണ്ടാകുന്നുമില്ല. വായ്പയുടെ തിരിച്ചടവിനായി ബാങ്കുകാര്‍ വീട്ടിലെത്താനും തുടങ്ങി. എന്തുചെയ്യുമെന്നറിയാതെ വലയുകയാണ് കര്‍ഷകര്‍. തലപ്പുഴയിലെ പുന്നക്കല്‍ വര്‍ക്കിയെന്ന കര്‍ഷകന്‍ ഗത്യന്തരമില്ലാതെയാണ് കഴി ഞ്ഞാഴ്ച ജീവനൊടുക്കിയത്. മാനന്തവാടി എസ്ബിടി ശാഖയില്‍ രണ്ടു ലക്ഷം രൂപ വായ്പയെടുത്താണ് കൃഷി നടത്തിയിരുന്നത്. ബാങ്കില്‍നിന്നും കടമെടുത്ത പണംകൊണ്ട് വാഴകൃഷിയിറക്കിയ വര്‍ക്കിക്ക് വിലയിടിഞ്ഞതിനെ തുടര്‍ന്ന് ഭഭീമമായ നഷ്ടമാണ് ഉണ്ടായത്. ഈ നഷ്ടം നികത്താന്‍ മറ്റ് വഴികളൊന്നും ഇല്ലാതായതോടെയാണ് ആത്മഹത്യയില്‍ അഭയം കണ്ടെത്തിയത്. ഇത്തരത്തില്‍ നൂറുകണക്കിന് കര്‍ഷകര്‍ ജില്ലയില്‍ ദുരിതമനുഭവിക്കുന്നുണ്ട്. തിരച്ചടവില്ലാതായതോടെ ബാങ്കുകാര്‍ കൃഷിക്കാരെ അന്വേഷിച്ച് വീടുകളിലെത്തികയാണ്. കൃഷി നാശത്തിനൊപ്പം ഇടനിലക്കാരുടെ ചൂഷണവും വാഴ കര്‍ഷകര്‍ക്ക് കനത്ത ആഘാതമാണേല്‍പ്പിച്ചത്. വേനല്‍ മഴയിലും കാലവര്‍ഷത്തിലും വാഴകള്‍ കൂട്ടത്തോടെ നിലംപൊത്തിയതോടെ നഷ്ടത്തിലായ കര്‍ഷകര്‍ക്ക് വില വര്‍ധിക്കാത്തത് കൂനിന്‍മേല്‍ കുരുവായി.
കഴിഞ്ഞ വര്‍ഷം സീസണില്‍ ഒരു കിലോ നേന്ത്രക്കായക്ക് 45 രൂപ വരെ വില കിട്ടിയിരുന്നു. ഈ വര്‍ഷം അത് 13 ലേക്ക് ചുരുങ്ങി.
കുലകള്‍ തരം തിരിച്ച് വന്‍ ചൂഷണമാണ് നടത്തുന്നത്. ഏറ്റവും നല്ല കുലക്ക് മാത്രമാണ് 13 രൂപ നല്‍കുന്നത്. അല്ലാത്തവ രണ്ടാം തരമെന്നും മൂന്നാം തരമെന്നും തിരച്ച് അഞ്ചും ആറും രൂപയാണ് നല്‍കുന്നത്.ബാങ്ക് വായ്പ വഴിയും സ്വര്‍ണം പണയപ്പെടുത്തിയും സ്വകാര്യ പണമിടപാടുകാരില്‍നിന്നും പണം പലിശക്ക് വാങ്ങിയുമാണ് കര്‍ഷകര്‍ കൃഷി ഇറക്കിയത്. കഴിഞ്ഞ വര്‍ഷം മെച്ചപ്പെട്ട വില കിട്ടിയതാണ് വാഴ കൃഷിയിലേക്ക് കൂടുതല്‍ കര്‍ഷകരെ ആകൃഷ്ടരാക്കിയത്. ലക്ഷങ്ങള്‍ മുടക്കി കൃഷി ചെയ്ത കര്‍ഷകര്‍ ഇപ്പോള്‍ കടക്കെണിയിലാണ്.
ഇടനിലക്കാരുടെ ചൂഷണവും കര്‍ഷകര്‍ക്ക് കനത്ത ആഘാതമാണേല്‍പ്പിക്കുന്നത്.ഭൂരിഭാഗം കര്‍ഷകരും നിലം പാട്ടത്തിനെടുത്താണ് വാഴക്കൃഷി നടത്തുന്നത്. ഒരു വാഴവെക്കുന്നതിന് സ്ഥലത്തിന് 20 രൂപവരെ പാട്ടം നല്‍കണം.
ഉല്‍പ്പാദനചെലവ് അനുദിനം വര്‍ധിക്കുകയാണ്. വിത്തൊന്നിന് 18 രൂപയാണ് വില. രാസവളത്തിന്റെവില കര്‍ഷകര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ജോലിക്കാര്‍ക്ക് നല്‍കേണ്ട കൂലി, വാഴകള്‍ സംരക്ഷിക്കുന്നതിനുള്ള ചെലവ് എന്നിവയെല്ലാം കണക്കിലെടുക്കുമ്പോള്‍ ഒരു വാഴയ്ക്ക് ഉല്‍പ്പാദനചെലവ് മാത്രം 200 രൂപയോളം വരും.
ഈ സ്ഥാനത്താണ് കര്‍ഷകര്‍ക്ക് രണ്ടു രൂപ നഷ്ടപരിഹാരം ലഭിക്കുന്നത്. ഏക്കര്‍ കണക്കിന് വാഴക്കൃഷി നശിച്ചതോടെ കര്‍ഷകര്‍ കടബാധ്യതയിലായി. കൃഷിവകുപ്പിന്റെ കണക്കുപ്രകാരം ജില്ലയില്‍ കാറ്റിലും മഴയിലും 18 ലക്ഷം നേന്ത്രവാഴകളാണ് നശിച്ചത്.
റമസാന്‍-ഓണക്കാല സീസണിലും മികച്ച വില ലഭിച്ചില്ല. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നും കുലകള്‍ എത്തുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാണ്.