തേയില വിലയിടിവ്: നീലഗിരിയിലെ ടാന്‍ടി തോട്ടം മേഖല കടുത്ത പ്രതിസന്ധിയില്‍

Posted on: October 12, 2015 10:10 am | Last updated: October 12, 2015 at 10:10 am
SHARE

ഗൂഡല്ലൂര്‍: തമിഴ്‌നാട് സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ ത്തിക്കുന്ന നീലഗിരി ജില്ലയിലെ ടാന്‍ടി എസ്റ്റേറ്റുകള്‍ കടുത്ത പ്രതിസന്ധിയില്‍. പച്ചതേയിലയുടെ വില തകര്‍ച്ചയാണ് പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്. തേയിലക്ക് കിലോ അഞ്ച്, ആറ് രൂപയാണ് വില ലഭിക്കുന്നത്.
ഇത് ഉത്പാദന ചെലവിന് പോലും തികയുന്നില്ല. കാര്‍ഷിക മേഖലക്ക് ഇത് വലിയ തിരിച്ചടിയായിരിക്കുകയാണ്. കുന്നൂര്‍, കോത്തഗിരി, വാള്‍പ്പാറ, ഗൂഡല്ലൂര്‍, പന്തല്ലൂര്‍ മേഖലകളിലെ 11 ഡിവിഷനുകളിലായി മൊത്തം പതിനൊന്നായിരം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. പ്രസ്തുത പ്രദേശങ്ങളിലായി എട്ട് തേയില ഫാക്ടറികളും പ്രവര്‍ത്തിക്കുന്നുണ്ട്. ആറായിരം സ്ഥിരതൊഴിലാളികളും അയ്യായിരം താത്ക്കാലിക തൊഴിലാളികളുമാണ് ടാന്‍ടി എസ്റ്റേറ്റില്‍ ജോലി ചെയ്യുന്നത്. തേയിലയുടെ വില കുറഞ്ഞതിനാല്‍ ഇപ്പോള്‍ ടാന്‍ടി എസ്റ്റേറ്റ് വലിയ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 2.50 കോടി രൂപ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ തൊഴില്‍ പോലും നഷ്ടപ്പെടുന്ന ഭയത്തിലാണ് തൊഴിലാളികളിപ്പോഴുള്ളത്. ടാന്‍ടിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. ദീപാവലി ബോണസ് തന്നെ ഇത്തവണ ലഭിക്കുമെന്നതില്‍ ഒരുറപ്പുമില്ല. ടാന്‍ടി എസ്റ്റേറ്റും അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. തേയിലക്ക് വിലയില്ലാത്തത് കാരണം എസ്റ്റേറ്റിന്റെ നടത്തിപ്പ് തന്നെ ഇപ്പോള്‍ വളരെ പ്രയാസത്തിലാണ്. പാവപ്പെട്ട തോട്ടംതൊഴിലാളികള്‍ എന്ത് ചെയ്യുമെന്നറിയാതെ അന്തിച്ച് നില്‍ക്കുകയാണ്. ടാന്‍ടി എസ്റ്റേറ്റ് പാടികളുടെ അറ്റകുറ്റ പ്രവൃത്തികള്‍ നടത്താനോ ആവശ്യത്തിന് ശുചി മുറികള്‍ ഏര്‍പ്പെടുത്താനോ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ദുരിതക്കയത്തില്‍ കഴിയുന്ന തൊഴിലാളികള്‍ നരകതുല്യമായ ജീവിതമാണ് നയിക്കുന്നത്. പച്ചതേയിലയുടെ വില വര്‍ധിപ്പിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. 20 ശതമാനം ദീപാവലി ബോണസ് നല്‍കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയ നിവേദനത്തില്‍ തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തേയിലക്ക് മതിയായ വില ലഭിച്ചിരുന്നത് കൊണ്ട് കഴിഞ്ഞ വര്‍ഷം ടാന്‍ടിക്ക് 4 കോടി രൂപയുടെ ലാഭം ലഭിച്ചിരുന്നു. അതേസമയം ഇത്തവണ തൊഴിലാളികള്‍ക്ക് ബോണസ് നല്‍കാന്‍ ടാന്‍ടി അധികൃതര്‍ 5 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.