ചോര്‍ച്ചക്ക് പരിഹാര നിര്‍ദേശം ലഭിക്കാന്‍ ഫീസായി സമര്‍പ്പിക്കേണ്ടത് 50 ലക്ഷം രൂപ

Posted on: October 12, 2015 9:58 am | Last updated: October 12, 2015 at 9:58 am
SHARE

പൊന്നാനി: ചമ്രവട്ടം റഗുലേറ്റര്‍ കം ബ്രിഡ്ജിലെ ചോര്‍ച്ചക്ക് പരിഹാരം പറഞ്ഞു തരണമെങ്കില്‍ ഡല്‍ഹി ഐ ഐ ടിക്കു മുന്നില്‍ ഫീസായി സമര്‍പ്പിക്കേണ്ടത് 50 ലക്ഷം രൂപ. നികുതി കൂടി ഉള്‍പ്പെടുമ്പോള്‍ സര്‍ക്കാരിന് മൊത്തം ചെലവു വരിക 57 ലക്ഷം രൂപ. ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള വിശദമായ പഠനം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കണമെങ്കില്‍ ഫീസ് മുന്‍കൂറായി കെട്ടണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി ഐ ഐ ടി ഇറിഗേഷന്‍ വകുപ്പിന് കത്തയച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ തുക ഉടന്‍ അനുവദിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് സര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചു. റഗുലേറ്ററിലെ ചോര്‍ച്ചയ്ക്ക് പരിഹാരം തേടി വിശദമായ പഠനം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആറു മാസം മുമ്പാണ് ഡല്‍ഹി ഐ ഐ ടിയെ സമീപിച്ചത്. ഇതുപ്രകാരം ഐ ഐടിയിലെ വിദഗ്ധ സംഘം പദ്ധതി പ്രദേശത്തെത്തുകയും പ്രാഥമിക പഠനം നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചമ്രവട്ടം റഗുലേറ്ററിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വിവിധ ഘട്ടങ്ങളിലെ വിശദാംശങ്ങള്‍ ആവശ്യപ്പെടുകയും അധികൃതര്‍ ഐ ഐ ടി വിദഗ്ധര്‍ക്ക് നല്‍കുകയും ചെയ്തിരുന്നു. വിശദമായ പഠനത്തിനുള്ള 50 ലക്ഷം രൂപ ഫീസ് അടച്ചുതീര്‍ത്താല്‍ മൂന്ന് മാസത്തിനകം പഠനം പൂര്‍ത്തിയാക്കാമെന്നാണ് ഡല്‍ഹി ഐ ഐ ടി അറിയിച്ചിരിക്കുന്നത്.
നേരത്തെ ഇക്കാര്യത്തില്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലെ വിദഗ്ധര്‍ പഠനം നടത്തുകയും വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ചോര്‍ച്ചക്കുള്ള പരിഹാരമായി റഗുലേറ്ററിന് താഴെ പുഴയില്‍ ഷീറ്റ് പൈലിംഗാണ് എന്‍ജിനീയറിംഗ് കോളജിലെ വിദഗ്ധര്‍ നിര്‍ദേശിച്ചിരുന്നത്. ഇതിന്മേലുള്ള വിശദമായ പഠനം ആവശ്യപ്പെട്ടാണ് ഡല്‍ഹി ഐഐ ടിയെ സര്‍ക്കാര്‍ സമീപിച്ചത്. ചോര്‍ച്ച പരിഹരിക്കുന്നതിനുള്ള റിപ്പോര്‍ട്ട് പുറത്തുവന്ന ശേഷം മാത്രമേ ഇക്കാര്യത്തിലുള്ള നടപടികള്‍ ആരംഭിക്കാനാകൂ. ചോര്‍ച്ചയ്ക്ക് പരിഹാരമാകാത്തിടത്തോളം റഗുലേറ്ററിന്റെ ഉപയോഗം സാധ്യമാവുകയില്ല. പ്രശ്‌ന പരിഹാര പഠനത്തിനു വേണ്ടി വന്‍ തുക ചെലവഴിക്കുകയെന്നത് സര്‍ക്കാരിന് മുന്നില്‍ കീറാമുട്ടിയാകുമോയെന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നേരത്തെ എന്‍ജിനീയറിംഗ് കോളജ് നടത്തിയ പഠനത്തിന് സമയ ബന്ധിതമായി പണം നല്‍കാതിരുന്നത് ആക്ഷേപത്തിനിടയാക്കിയിരുന്നു. മാത്രമല്ല, ചമ്രവട്ടം പദ്ധതിയുമായി ബന്ധപ്പെട്ട അനുബന്ധ കാര്യങ്ങള്‍ക്കൊന്നും തന്നെ സര്‍ക്കാര്‍ കാലങ്ങളായി ഫണ്ട് അനുവദിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് 50 ലക്ഷം രൂപ മുന്‍കൂര്‍ ഫീസ് ആവശ്യപ്പെട്ടുകൊണ്ടുള്ള ഡല്‍ഹി ഐ ഐ ടിയുടെ കത്ത് സര്‍ക്കാരിന് മുന്നില്‍ എത്തിയിരിക്കുന്നത്.