പി ഡി പി 32 വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും

Posted on: October 12, 2015 9:39 am | Last updated: October 12, 2015 at 9:39 am
SHARE

കോഴിക്കോട്: തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പി ഡി പി 32 വാര്‍്ഡുകളില്‍ മത്സരിക്കും. മറ്റു വാര്‍ഡുകളില്‍ ബി ജെ പി ഒഴികെയുള്ള പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ തയ്യാറാകും. ഇക്കാര്യത്തില്‍ ഇരു മുന്നണികളോടും സഖ്യം ചേരും. പ്രാദേശിക സ്ഥിതി കണക്കിലെടുത്തായിരിക്കും സഖ്യമുണ്ടാക്കുക. പയ്യോളി നഗരസഭയില്‍ അഞ്ച് സീറ്റുകളില്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തിരുവമ്പാടി പഞ്ചായത്തില്‍ നാല് വാര്‍ഡുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തും. കൊടിയത്തൂരില്‍ മൂന്ന് വാര്‍ഡുകളിലാണ് മത്സരിക്കുക. ഉണ്ണികുളത്ത് രണ്ട് സ്വതന്ത്രന്മാരെ മത്സരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഓമശേരിയില്‍ മൂന്ന് വാര്‍ഡുകളിലും മത്സരിക്കും. കോഴിക്കോട് കോര്‍പ്പറേഷനില്‍ പള്ളിക്കണ്ടി വാര്‍ഡില്‍ സ്വതന്ത സ്ഥാനാര്‍ഥിയെ നിര്‍ത്തും. സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത സ്ഥലങ്ങളില്‍ മറ്റ് പാര്‍ട്ടികളുമായി നീക്കുപോക്കുണ്ടാക്കും. കഴിഞ്ഞ ദിവസം നടന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗം തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയം സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും പ്രാദേശിക ബന്ധം സംബന്ധിച്ച് തീരുമാനമെടുത്തത്. ഇരു മുന്നണികള്‍ക്കും പുറമെ സമാന ചിന്താഗതിക്കാരായ ചെറു പാര്‍ട്ടികളുമായും യോജിച്ച് പ്രവര്‍ത്തിക്കും.