വടകരയില്‍ ഐ എന്‍ എല്‍ ഇടത് മുന്നണി ബന്ധം ഉപേക്ഷിച്ചു

Posted on: October 12, 2015 9:37 am | Last updated: October 12, 2015 at 9:37 am
SHARE

വടകര: വടകര നഗരസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ധാരണിയിലുള്ള പ്രതിഷേധത്തേതുടര്‍ന്നു എ എന്‍ എല്‍ ഇടതുമുന്നണി വിട്ടു. മുന്നണി ഭാരവാഹിത്വങ്ങളും രാജിവെച്ചു.
തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേതൃത്വം വിജയസാധ്യതയുള്ള സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് 22 വര്‍ഷമായുള്ള ബന്ധം ഐ എന്‍ എല്‍ അവസാനിപ്പിച്ചത്. 2005ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയോടൊപ്പം ചേര്‍ന്ന് മത്സരിച്ച ഐ എന്‍ എല്ലിന് രണ്ട് അംഗങ്ങളെ വിജയിപ്പിക്കാനായിരുന്നു.
2010 ലെ തിരഞ്ഞെടുപ്പില്‍ ഐ എന്‍ എല്ലുമായി ആചോലിക്കാതെ വിജയസാധ്യതയുള്ള വാര്‍ഡുകള്‍ വെട്ടിമുറിക്കുകയും ചെയ്തതോടെ കഴിഞ്ഞതവണ സീറ്റുകള്‍ നഷ്ടപ്പെട്ടതായി ഐ എന്‍ എല്‍ മുനിസിപ്പല്‍ ഏരിയാകമ്മിറ്റി അറിയിച്ചു. മൂന്ന് തവണ മുന്നണി നേതൃത്വവുമായി ചര്‍ച്ച ചെയ്തങ്കിലും വിജയസാധ്യതയില്ലാത്ത അഞ്ച് സീറ്റുകളാണ് സി പി എം നേതൃത്വം ഏകപക്ഷീയമായി പ്രഖ്യാപിച്ചത്. വീരസേരി രണ്ടാം വാര്‍ഡും കുഞ്ഞാകുഴി 19 ാം വാര്‍ഡുമാണ് ഐ എന്‍ എല്‍ നേതൃത്വം മുന്നണി ചര്‍ച്ചയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇടതു മുന്നണി അടിച്ചേല്‍പ്പിക്കുന്ന തീരുമാനമാണ് കൈകൊണ്ടത്.
തനിച്ച് മത്സരിക്കാനാണ് ഐ എന്‍ എല്‍ തീരുമാനം. സ്ഥാനാര്‍ഥികളും മത്സരിക്കുന്ന വാര്‍ഡുകളും അടുത്ത ദിവസം പ്രഖ്യാപിക്കും. എല്‍ ഡി എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാന് മുക്കോലക്കല്‍ ഹംസ, ജോ. കണ്‍വീനര്‍ സലാം വളപ്പില്‍ ഉള്‍പ്പെടെയുള്ള ഐ എന്‍ എല്‍ പ്രതിനിധികള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നിന്നും രാജിവച്ചു.