ബി ജെ പിക്കുള്ളില്‍ അഭിപ്രായഭിന്നത രൂക്ഷം: സഖ്യശ്രമം പൊളിയുന്നു

Posted on: October 12, 2015 8:42 am | Last updated: October 12, 2015 at 11:40 am
SHARE

SREE-VELLതിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ് എന്‍ ഡി പിയുമായുള്ള സഖ്യത്തെച്ചൊല്ലി ബി ജെ പിക്കുള്ളില്‍ കടുത്ത അഭിപ്രായഭിന്നത. മൈക്രോ ഫിനാന്‍സ് അഴിമതിക്ക് പിന്നാലെ ശിവഗിരിമഠം മുന്‍ മഠാധിപതി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തിലും വെള്ളാപ്പള്ളി നടേശനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതോടെ സഖ്യത്തെക്കുറിച്ച് ബി ജെ പിക്കുള്ളിലെ എതിര്‍സ്വരം പരസ്യമായി പുറത്തുവന്നു. ശാശ്വതീകാനന്ദയുടെ മരണത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍ പിള്ള തന്നെ രംഗത്തെത്തി. സഖ്യവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന നിലപാടിലാണ് ബി ജെ പിയിലെ ഒരു വിഭാഗം. ഈ സാഹചര്യത്തില്‍ സഖ്യത്തെക്കുറിച്ച് പുനരാലോചിക്കണമെന്ന വാദം ഇവര്‍ നേതൃത്വത്തിന് മുന്നില്‍ ഉന്നയിച്ചു കഴിഞ്ഞു.
സംഭവത്തില്‍ ദുരൂഹതയുള്ളതിനാല്‍ അന്വേഷണം നടത്തണമെന്നാണ് ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എസ് എന്‍ ഡി പിയുമായി സഖ്യമുണ്ടാക്കുന്നതിനിടെ വെള്ളാപ്പള്ളിക്കെതിരെ അന്വേഷണം വേണമെന്ന് ആദ്യമായാണ് ഒരു ബി ജെ പി നേതാവ് തുറന്നടിക്കുന്നത്. ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട തെളിവുകള്‍ കൈവശമുള്ളവര്‍ അത് അന്വേഷണത്തിനായി കൈമാറണമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ മുന്നോട്ടുവെച്ച അതേ ആവശ്യമാണ് ശ്രീധരന്‍ പിള്ളയും മുന്നോട്ടുവെച്ചിരിക്കുന്നത്. അതേസമയം, വെള്ളാപ്പള്ളിക്ക് പിന്തുണയുമായി മുതിര്‍ന്ന ബി ജെ പി നേതാവ് ഒ രാജഗോപാല്‍ രംഗത്തെത്തി. വെള്ളാപ്പള്ളിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു രാജഗോപാലിന്റെ നിലപാട്.
വെള്ളാപ്പള്ളിയെ ബി ജെ പിയോട് അടുപ്പിക്കുന്നതില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് നേരത്തേതന്നെ താത്പര്യമുണ്ടായിരുന്നില്ല. എന്നാല്‍, അമിത് ഷായുമായും നേരേന്ദ്ര മോദിയുമായും വെള്ളാപ്പള്ളി നടത്തിയ കൂടിക്കാഴ്ചയോടെയാണ് കാര്യങ്ങള്‍ കേന്ദ്ര തീരുമാനത്തിലേക്ക് മാറിമറിഞ്ഞത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം സംസ്ഥാന സമിതിയില്‍ വേണ്ടത്ര ആലോചന നടത്താതെയായിരുന്നുവെന്ന അഭിപ്രായം സംസ്ഥാന നേതൃത്വത്തിലെ പലര്‍ക്കുമുണ്ടായിരുന്നു. ഇതില്‍ അസംതൃപ്തരായ നേതാക്കളില്‍ പ്രമുഖനാണ് ശ്രീധരന്‍ പിള്ള. സംസ്ഥാനത്ത് ബി ജെ പിയുടെ വളര്‍ച്ച മുരടിച്ചെന്നും പുതിയ രാഷ്ട്രീയ സഖ്യത്തിലൂടെ മാത്രമേ പിടിച്ചുനില്‍ക്കാനാകൂ എന്നും മോദിയെയും അമിത് ഷായെയും ധരിപ്പിക്കുന്നതില്‍ വെള്ളാപ്പള്ളി വിജയം കണ്ടു. ഈ നീക്കത്തെ പ്രതിരോധിക്കാനോ മറുവാദം ഉന്നയിക്കാനോ സംസ്ഥാന ബി ജെ പി നേതൃത്വത്തിനുമായില്ല. എന്നാല്‍, സഖ്യധാരണയുടെ വാര്‍ത്തകള്‍ വന്നതിനു പിന്നാലെ ഇതിനെ ഖണ്ഡിക്കുന്ന തരത്തില്‍ വെള്ളാപ്പള്ളിയുടെ പല പ്രസ്താവനകളും ബി ജെ പി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു.
ഇതേത്തുടര്‍ന്നാണ് മൈക്രോ ഫിനാന്‍സ് അഴിമതി ആരോപണവും ശാശ്വതീകാനന്ദയുടെ മരണത്തിന് ഉത്തരവാദിയാണെന്ന ആരോപണങ്ങളും വെള്ളാപ്പള്ളിക്കെതിരെ ഉയരുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച ഒരു കൊലപാതക കേസില്‍ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ പ്രാദേശിക സഖ്യമാണെങ്കില്‍ പോലും അത് ബി ജെ പിക്ക് ഗുണകരമാകില്ലെന്ന വാദമാകും സഖ്യത്തെ എതിര്‍ക്കുന്ന വിഭാഗം സംസ്ഥാന നേതൃത്വത്തെയും കേന്ദ്ര നേതൃത്വത്തെയും അറിയിക്കുക. വെള്ളാപ്പള്ളിയുടെ നിലപാടിനോട് സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍ വഴിപ്പെട്ടുവെന്ന വാദവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നുണ്ട്.
എസ് എന്‍ ഡി പി യോഗത്തിലെ പലര്‍ക്കും ബി ജെ പി സഖ്യത്തോട് യോജിപ്പില്ല. പ്രബലരായ സമുദായാംഗങ്ങള്‍ തന്നെയാണ് വെള്ളാപ്പള്ളിക്കെതിരെ ആരോപണവുമായി രംഗത്തു വന്നിട്ടുള്ളത്. വെള്ളാപ്പള്ളിക്കും കൂട്ടാളികള്‍ക്കും മാത്രമേ സഖ്യം കൊണ്ട് ഗുണമുണ്ടാകൂ എന്ന നിലപാടാണ് എസ് എന്‍ ഡി പിക്കുള്ളില്‍ നിന്നുയരുന്നത്. ശ്രീനാരായണഗുരു മുന്നോട്ടുവെച്ച ആദര്‍ശങ്ങള്‍ക്ക് വിരുദ്ധമാണ് നിലവിലെ നീക്കമെന്നും യോഗത്തിനുള്ളിലെ പലര്‍ക്കും അഭിപ്രായമുണ്ട്.