ആര്‍ക്കും വേണ്ടാതെ മുസാഹര്‍ വിഭാഗം

Posted on: October 12, 2015 4:33 am | Last updated: October 11, 2015 at 11:40 pm
SHARE

imagesഅട്രി/വസീര്‍ഗഞ്ച്: ബീഹാറിര്‍ നിയമസഭയിലേക്ക് ആദ്യ ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കാനിരിക്കെ, മുസാഹര്‍ വിഭാഗം വോട്ടര്‍മാര്‍ കടുത്ത നിരാശയില്‍. മഹാദലിത് വോട്ടര്‍മാരില്‍ 16 ശതമാനം മുസാഹര്‍ വിഭാഗത്തില്‍ പെടുന്നവരാണ്. എന്നാല്‍ ഇവര്‍ നിലനില്‍പ്പിനായി പോരാടുമ്പോഴും പ്രധാനരാഷ്ട്രീയ പാര്‍ട്ടികളൊന്നും തിരിഞ്ഞു നോക്കുന്നില്ല.
ആവശ്യത്തിന് ഭക്ഷണമോ വസ്ത്രമോ ഇല്ലാതെ തികഞ്ഞ ദരിദ്രാവസ്ഥയിലാണ് ഇവര്‍. ദേശീയ പാതയില്‍ ബാന്‍ഗംഗ- അട്രി മേഖലയിലൂടെ സഞ്ചരിച്ചാല്‍ തന്നെ ഈ വിഭാഗത്തിന്റെ ദരിദ്രാവസ്ഥ ബോധ്യമാകും. മിക്കവരും ഭൂരഹിതരായ കര്‍ഷക തൊഴിലാളികളാണ്. വോട്ടെടുപ്പ് സമയത്ത് വന്ന് വാഗ്ദാനങ്ങള്‍ നല്‍കി പോകുമെന്നല്ലാതെ ഇവരുടെ സാമൂഹിക സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ യാതൊന്നും ചെയ്യുന്നില്ല.
ഇത്തവണയും മുസാഹര്‍ വിഭാഗത്തെ ബൂത്തിലെത്തിക്കാനും വോട്ട് തങ്ങള്‍ക്ക് അനുകൂലമാക്കാനും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്ത്രവുമായി ഇറങ്ങിയിരുന്നു. ഇവര്‍ തിങ്ങിത്താമസിക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, മുഖ്യമന്ത്രി നിതീഷ് കുമാര്‍, മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജി തുടങ്ങിയവരാണ് റാലികള്‍ നടത്തിയത്.
ഇവരെല്ലാം ഒറ്റ സ്വരത്തില്‍ മാറ്റത്തിന്റെ വാഗ്ദാനങ്ങള്‍ നല്‍കുകകയും ചെയ്തു. തിരഞ്ഞെടുപ്പിന് മുമ്പ് ഇവരുടെ ഭക്ഷണ ദൗര്‍ഭല്യം, ശുദ്ധജല ക്ഷാമം, പാര്‍പ്പിട പ്രശ്‌നം, ജലസേചന സൗകര്യങ്ങളില്ലായ്മ, തൊഴിലില്ലായ്മ തുടങ്ങിയ ഒരു പ്രതിസന്ധിക്കും പരിഹാരം കാണാന്‍ ഒരു പദ്ധതിയും ആവിഷ്‌കരിക്കാതെയാണ് ഈ വാഗ്ദാനങ്ങള്‍.
ഞങ്ങളെ ശ്രദ്ധിക്കാന്‍ ആരുമില്ല, ദൈവത്തിന് പോലും ഞങ്ങളെ വേണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്- തന്റെ മണ്‍ വീടിന് മുന്നില്‍ വെച്ച് ലക്ഷ്മണ്‍ മാഞ്ജി പറഞ്ഞു. തിരഞ്ഞെടുപ്പ് തങ്ങളെ ബാധിക്കുന്ന പ്രശ്‌നമേയല്ലെന്ന് അദ്ദേഹം പറയുന്നു. പകരം ചെറുകിട കര്‍ഷകനായ അദ്ദേഹത്തിന്റെ ആശങ്ക മുഴുവന്‍ മഴക്കുറവ് മൂലം നശിച്ചു പോയ വിളയെക്കുറിച്ചാണ്. ഒരു പ്രതീക്ഷയുമില്ല. എന്റെ ജീവിതകാലത്ത് മാറ്റമുണ്ടാകാന്‍ പോകുന്നില്ല. ഞങ്ങള്‍ക്ക് രാഷ്ട്രീയമൊക്കെ ഉണ്ടായിരുന്നു. ഇപ്പോള്‍ മനസ്സിലായി എല്ലാവരും ചതിക്കുകയായിരുന്നുവെന്ന്- അറുപതുകാരനായ മാഞ്ജി പറഞ്ഞു.
അട്രി നിയമസഭാ മണ്ഡലത്തിലെ ഗുരേ പര്‍സാ ഗ്രാമസമൂഹത്തില്‍ മുസാഹറുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ്. ഇവിടെ രണ്ടാം ഘട്ടമായ 16നാണ് വോട്ടെടുപ്പ്. ഇത് ജെ ഡിയുവിന്റെ സിറ്റിംഗ് സീറ്റാണ്. പോഷകാഹാരക്കുറവുമൂലം ഇവിടെ നിരവധി കുട്ടികള്‍ മറണാസന്നരാണ്. റേഷനായി കിട്ടുന്ന അരി തികയാഞ്ഞ് ഇവിടെയുള്ളവര്‍ എലികളെ വരെ പിടിച്ചു തിന്നുന്നു. പല വീടുകള്‍ക്കും മേല്‍ക്കൂരയില്ല. കുട്ടികള്‍ പഠിക്കാന്‍ പോകുന്നില്ല.
പുരഷന്‍മാര്‍ പലവീടുകളിലും ഇല്ല. ഇവര്‍ യു പിയിലും മധ്യപ്രദേശിലും പഞ്ചാബിലും മറ്റുമുള്ള ഇഷ്ടികക്കളങ്ങളിലും ഫാക്ടറികളിലും ജോലി തേടി പോയിരിക്കുകയാണ്. എന്റെ കുട്ടി മരിക്കാന്‍ കിടക്കുകയാണ്. അവന് കടുത്ത പനിയാണ്. ഇവിടുത്തെ ഒരു ഡോക്ടര്‍ വന്ന് മരുന്നു തന്നു. ഒരു കുറവുമില്ല. പട്ടണത്തിലെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പണമില്ല- മുപ്പതുകാരിയായ ലാല്‍തി ദേവി പറഞ്ഞു.
‘മുസാഹര്‍ വിഭാഗക്കാരനായ ജിതന്‍ റാം മാഞ്ജി മുഖ്യമന്ത്രിയായപ്പോള്‍ ഏറെ പ്രതീക്ഷയുണ്ടായിരുന്നു. ഒരു മുസാഹര്‍ എന്ന നിലയില്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിന് നന്നായി അറിയാം. ഒന്നും ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചില്ല’ – മല തുരന്ന് വഴിവെട്ടി സുപ്രസിദ്ധനായ ദശരഥ് മാഞ്ജിയുടെ മകന്‍ ഭഗീരഥ് മാഞ്ജി പറഞ്ഞു.