Connect with us

Kerala

സംസ്ഥാനത്ത് ബീഫ് വില്‍പ്പന വര്‍ധിച്ചു

Published

|

Last Updated

തിരുവനന്തപുരം: ബീഫ് ഉപയോഗിക്കുന്നതിനെതിരെ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ പ്രതിഷേധങ്ങളും അക്രമങ്ങളും ഉടലെടുക്കുമ്പോള്‍ കേരളത്തില്‍ ബീഫ് വില്‍പ്പന വര്‍ധിക്കുന്നതായി കണക്കുകള്‍. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കനുസരിച്ച് 2009- 10 വര്‍ഷത്തെ ബീഫ് ഉത്പാദനത്തെക്കാള്‍ 2013- 14 വര്‍ഷത്തില്‍ ഉത്പാദനം കൂടിയതായാണ് കണക്കുകള്‍. 2009-10 വര്‍ഷത്തില്‍ 322 മെട്രിക് ടണ്‍ ആയിരുന്നത് 2013- 14ല്‍ 416 മെട്രിക് ടണ്ണായി ഉയര്‍ന്നു. മൃഗസംരക്ഷണ വകുപ്പിന്റെ പക്കലുള്ള കണക്കുകളാണിവ.
2015 വര്‍ഷത്തില്‍ ഇത് 582 മെട്രിക് ടണ്ണായും 2020ല്‍ 652 മെട്രിക് ടണ്ണായും ഉയരുമെന്നാണ് നാഷണല്‍ കൗണ്‍സില്‍ ഓഫ് അപ്ലൈഡ് എക്‌ണോമിക് റിസര്‍ച്ചിന്റെ പഠനത്തെ ആധാരമാക്കി മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. മാംസത്തിന്റെ 70 ശതമാനവും കേരളത്തില്‍ ഉത്പാദിപ്പിക്കുന്നതായും മൃഗസംരക്ഷണ വകുപ്പ് വ്യക്തമാക്കുന്നു. വിവാദങ്ങളൊന്നും മാട്ടിറച്ചി കച്ചവടത്തില്‍ ഇടിവുണ്ടാക്കിയിട്ടില്ലെന്ന് വ്യാപാരികളും സാക്ഷ്യപ്പെടുത്തുന്നു. പാലിന്റെയും മാംസത്തിന്റെയും ആഭ്യന്തര ഉത്പാദനം വര്‍ധിച്ചതിനൊപ്പം മാംസ വ്യാപാരത്തിലും വര്‍ധനയുണ്ട്. വിവിധ പദ്ധതികളുടെ ഫലമായി വ്യാവസായികാടിസ്ഥാനത്തില്‍ മാടുകളെ വളര്‍ത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായും കണക്കുകള്‍ കാണിക്കുന്നുണ്ട്. മാംസ വ്യാപാരത്തില്‍ ഓരോ വര്‍ഷവും വര്‍ധനവാണുള്ളതെന്ന് കന്നുകാലി വ്യാപാരികളും പറയുന്നു. വിവാദങ്ങള്‍ വില്‍പ്പനയെ ബാധിച്ചിട്ടില്ല. 44 പ്രധാന കന്നുകാലി ചന്തകളാണുള്ളത്. ശരാശരി 3500 കന്നുകാലികളെ ഒരു ദിവസം വില്‍പ്പന നടത്തുന്നു. 130 കിലോ വരുന്ന കന്നുകാലികളെ 15,000 രൂപവരെ നല്‍കിയാണ് വ്യാപാരികള്‍ വാങ്ങുന്നത്. കാളയാണ് വില്‍പ്പനയില്‍ മുന്നില്‍. ഒരുദിവസം 3,50,000 കിലോഗ്രാം മാട്ടിറച്ചിവില്‍പ്പന നടക്കുന്നു. 90 ശതമാനം കന്നുകാലികളും വരുന്നത് തമിഴ്‌നാട്, ബിഹാര്‍, ആന്ധ്ര, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ്. അഞ്ച് ലക്ഷത്തോളം പേര്‍ മേഖലയില്‍ ജോലി ചെയ്യുന്നു.
കച്ചവത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതില്‍ വര്‍ധനവുണ്ടെങ്കിലും വീടുകളില്‍ വളര്‍ത്തുന്ന പശുക്കളുടെ എണ്ണവും പോത്തുകളുടെ എണ്ണവും സംസ്ഥാനത്ത് ഓരോ വര്‍ഷവും കുറയുന്നതായാണ് മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്. കുടുംബശ്രീ പ്രവര്‍ത്തകര്‍ മൃഗങ്ങളെ വളര്‍ത്തുന്ന പദ്ധതികളില്‍ ചേരാന്‍ മുന്നോട്ടുവരുന്നത് പ്രതീക്ഷ നല്‍കുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ച് ഗ്രാമീണമേഖലയില്‍ 1,52,6408 സങ്കരയിനം പശുക്കളും നഗരമേഖലയില്‍ 94,837 പശുക്കളുമുണ്ട്. നാടന്‍ പശുക്കളുടെ എണ്ണം ഗ്രാമീണമേഖലയില്‍ 1,14,553ഉം നഗരമേഖലയില്‍ 4319 ആണ്. ആകെയുള്ള പോത്തുകളുടെ എണ്ണം 58145.